നിനിതയുടെ നിയമന വിവാദം: പരാതിയില്‍ നിന്ന് ഒരാള്‍ പിന്‍മാറി

Posted on: February 9, 2021 10:59 am | Last updated: February 9, 2021 at 6:18 pm

പാലക്കാട് |  കാലടി സര്‍വകലാശാലയിലെ നിനിത കണിച്ചേരിയുടെ നിയമന വിവാദവുമായി ബന്ധപ്പെട്ട പരാതിയില്‍ നിന്ന് വിഷയ വിദഗ്ദരില്‍ ഒരാള്‍ പിന്മാറി. വിഷയ വിദ്ഗനും മലയാളം സര്‍വകലാശാലയിലെ ഒരു ചെയറിന്റെ അധ്യക്ഷന്‍ കൂടിയുമായ ഡോ ടി പവിത്രനാണ് പരാതിയില്‍ നിന്ന് പിന്‍മാറിയത്. ഇക്കാര്യം വി സി സ്ഥിരീകരിച്ചു. അദ്ദേഹം കാലടി സര്‍വകലാശാല വിസിക്ക് ഇത് സംബന്ധിച്ച് നല്‍കിയതായും വിവരമുണ്ട്. കത്തിന്റെ പകര്‍പ്പ് പുറത്തുവന്നിട്ടില്ല.

എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ഡോ. ടി പവിത്രന്‍ തയ്യാറായിട്ടില്ല. മൂന്ന് പേരാണ് പരാതിയുമായി രംഗത്ത് വന്നത്. മൂന്നില്‍ നിന്ന് ഒരാള്‍ പിന്മാറുന്നത് നിനിത കണിച്ചേരിക്ക് കൂടുതല്‍ അനുകൂലമാകും. ഇത് സംബന്ധിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ കൂടുതല്‍ ദുര്‍ബലപ്പെടും.

അതിനിടെ നിയമന വിവാദത്തില്‍ വൈസ് ചാന്‍സിലര്‍ ഇന്ന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. അതിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കി ഗവര്‍ണര്‍ക്ക് അയച്ച് നല്‍കുകയാണ് ചെയ്യുക. യു ജി സി ചട്ടങ്ങള്‍ പാലിച്ചാണ് നിനിതയുടെ നിയമനം നടന്നതെന്ന് റിപ്പോര്‍ട്ടിലുണ്ടാകുമെന്നാണ് വിവരം. നിയമനത്തില്‍ അപാകതയില്ലെന്ന് നേരത്തെ വി സി വ്യക്തമാക്കിയിരുന്നു.