വാഹനപരിശോധന: തെറ്റും ശരിയും

വാഹന പരിശോധനയുടെ പേരില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ നിര്‍ബന്ധമായും മനസ്സിലാക്കേണ്ട ചില യാഥാര്‍ഥ്യങ്ങളുണ്ട്. വിവിധ ഘട്ടങ്ങളിലായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പാസ്സാക്കിയെടുത്ത നിയമങ്ങളാണ് അവര്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്. അക്കാരണത്താല്‍ തന്നെ ന്യായമായും വിമര്‍ശിക്കപ്പെടേണ്ടത് കാലാനുസൃതമല്ലാത്ത നിയമങ്ങളെയും കാലാനുസൃതമായ നിയമ നിര്‍മാണത്തിന് തയ്യാറാകാത്ത സര്‍ക്കാറുകളെയുമാണ്.
Posted on: February 9, 2021 4:02 am | Last updated: February 9, 2021 at 12:51 am

അടുത്ത കാലത്തായി ജനങ്ങളുടെ ഭാഗത്തു നിന്ന് നിരന്തരം വിമര്‍ശങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നവരാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനു വേണ്ടി അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന വാഹന പരിശോധനകളാണ് ഇതിനുള്ള കാരണം. പൊതുനിരത്തുകളില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിയമാനുസൃതമാണെന്ന് ഉറപ്പ് വരുത്തുന്നതോടൊപ്പം അവ ഉപയോഗിക്കുന്നത് നിയമാനുസൃതമായിട്ടാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തുന്നത് പൊതുനിരത്തില്‍ ഇറങ്ങിക്കൊണ്ടുള്ള പരിശോധനകളിലൂടെയാണ്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പുറമെ ആഭ്യന്തര വകുപ്പും വാഹന പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കുന്നു.
പോലീസ് നടത്തുന്ന വാഹന പരിശോധനകള്‍ അധികവും ഹെല്‍മെറ്റ് വേട്ടയായിട്ടാണ് പൊതുവെ പറയപ്പെടാറുള്ളത്. നിലവില്‍ വാഹനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന കുറ്റകൃത്യങ്ങളോടൊപ്പം കുറ്റകൃത്യങ്ങള്‍ ചെയ്തതിനു ശേഷം വാഹനങ്ങളില്‍ രക്ഷപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം.
പിടിച്ചുപറി, കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍ മുതലായ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരും അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെടുന്നവരും അതിവേഗം പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചറിയിക്കും. അതുപോലെ അപകടങ്ങള്‍ക്കിടയാക്കിയ വാഹനങ്ങള്‍ കടന്നു കളയുന്ന സന്ദര്‍ഭങ്ങളിലും പ്രസ്തുത വിവരം സമീപത്തെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിക്കുകയാണ് ചെയ്യാറുള്ളത്. ഇത്തരം ഘട്ടങ്ങളില്‍ സമയമോ സന്ദര്‍ഭമോ നോക്കാതെ പഴുതടച്ച വാഹന പരിശോധനകള്‍ നടത്താന്‍ പോലീസ് തയ്യാറാകുന്നതുകൊണ്ട് മാത്രമാണ് പലപ്പോഴും കുറ്റവാളികളെ പിടികൂടാന്‍ കഴിയുന്നത്.
പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകാറുള്ള വാഹന പരിശോധനകള്‍ ഹെല്‍മറ്റ് വേട്ടയായി ചിത്രീകരിക്കുകയും ജനവികാരം പോലീസിനെതിരായി തിരിച്ചുവിടുകയും ചെയ്യുന്നവര്‍ ഇത്തരം കാര്യങ്ങള്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ് ചെയ്യാറുള്ളത്.
അതേസമയം, നിശ്ചിത സ്ഥലത്ത് നിശ്ചിത സമയത്തിനകം എത്തിച്ചേരണമെന്ന ലക്ഷ്യത്തോടെയുള്ള യാത്രകള്‍ക്കിടയില്‍ അല്‍പ്പനേരത്തെ ഗതാഗതക്കുരുക്കുകള്‍ പോലും അലോസരമായി അനുഭവപ്പെടുന്നവര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും ഭാഗത്ത് നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന വാഹന പരിശോധനയെയും കുറ്റപ്പെടുത്തുന്നു. പരിശോധനാര്‍ഥം പോലീസിന് മുമ്പില്‍ അല്‍പ്പം സമയം ചെലവഴിക്കപ്പെടേണ്ടി വരുന്നതും ഇവര്‍ വിമര്‍ശന വിധേയമാക്കുന്നു.

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം നിലവിലെ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയും സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്താതെയും നിയമ ലംഘനങ്ങള്‍ കണ്ടെത്താമെന്നിരിക്കെ റോഡ് സൈഡില്‍ പതുങ്ങി നിന്നുകൊണ്ടുള്ള വാഹന പരിശോധനകള്‍ അനാവശ്യമാണെന്ന വാദമുള്ളവരും ഏറെയാണ്. വാഹന സംബന്ധമായ രേഖകളത്രയും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റപ്പെടുകയും ലൈസന്‍സ് സംബന്ധമായ വിവരങ്ങള്‍ ഉള്‍പ്പെടെ നിമിഷങ്ങള്‍ക്കകം എല്ലാ വിവരങ്ങളും അതിലൂടെ ലഭിക്കുകയും ചെയ്യുമെന്നിരിക്കെ വാഹന സംബന്ധമായ രേഖകള്‍ പരിശോധിക്കാനെന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസും നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനകള്‍ അനാവശ്യമാണെന്ന വാദവും പ്രസക്തമാണ്.
അതേസമയം, വാഹന പരിശോധനയുടെ പേരില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ നിര്‍ബന്ധമായും മനസ്സിലാക്കേണ്ട ചില യാഥാര്‍ഥ്യങ്ങളുണ്ട്. വിവിധ ഘട്ടങ്ങളിലായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പാസ്സാക്കിയെടുത്ത നിയമങ്ങളാണ് അവര്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്. അക്കാരണത്താല്‍ തന്നെ ന്യായമായും വിമര്‍ശിക്കപ്പെടേണ്ടത് കാലാനുസൃതമല്ലാത്ത നിയമങ്ങളെയും കാലാനുസൃതമായ നിയമ നിര്‍മാണത്തിന് തയ്യാറാകാത്ത എം പി, എം എല്‍ എ എന്നിവരെയും അവര്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കാറുകളെയുമാണ്.

നിലവിലെ മോട്ടോര്‍ വാഹന നിയമം പരിശോധിക്കാന്‍ തയ്യാറാകുന്ന ഏതൊരു ജനപ്രതിനിധിക്കും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളേറെയും അര്‍ഥശൂന്യമാണെന്ന് തിരിച്ചറിയാനാകും. ഉദാഹരണത്തിന്, മോട്ടോര്‍ വാഹന നിയമത്തിലെ സെക്്ഷന്‍ 66, സെക്്ഷന്‍ 192, സെക്്ഷന്‍ 39 വകുപ്പുകള്‍ പ്രകാരം ഒരു വ്യക്തി തന്റെ സ്വകാര്യ വാഹനത്തില്‍ അപരിചിതര്‍ക്ക് യാത്ര ചെയ്യാന്‍ അവസരമൊരുക്കുന്നത് കുറ്റകരമാണ്. ഇങ്ങനെ യാത്ര അനുവദിക്കണമെങ്കില്‍ ടാക്‌സി പെര്‍മിറ്റ് എടുക്കേണ്ടതായുണ്ട്. ഓരോ വാഹനവും അത് രജിസ്റ്റര്‍ ചെയ്ത വിഭാഗത്തില്‍ പെടുന്ന കാര്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ. ഇപ്രകാരം ഒരാള്‍ തന്റെ വാഹനത്തില്‍ തന്റെ അയല്‍വാസിയെയോ സുഹൃത്തിനെയോ തന്റെ കൂടെ ജോലി ചെയ്യുന്നവനെയോ ബന്ധുവിനെയോ കയറ്റിക്കൊണ്ടുപോകുന്നത് കുറ്റകരമാണ്. നാല് പേര്‍ക്ക് സഞ്ചരിക്കാന്‍ അനുവാദമുള്ള വാഹനത്തില്‍ ആവശ്യാനുസരണം സ്ഥലമുണ്ടായാല്‍ പോലും അഞ്ചാമതൊരാളെ കൂടി ഉള്‍പ്പെടുത്തുന്നതും കുറ്റകരമാണ്.
ഇടുങ്ങിയ റോഡുകളും അതിനനുസരിച്ച വാഹനങ്ങളും മാത്രമുണ്ടായിരുന്ന കാലത്ത് നിയമ നിര്‍മാണ സഭകള്‍ പാസ്സാക്കിയെടുത്ത മോട്ടോര്‍ വാഹന നിയമത്തിലെ ഇത്തരം നിര്‍ദേശങ്ങളത്രയും അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡുകളും അത്യാധുനിക സൗകര്യങ്ങളോടെയുള്ള വാഹനങ്ങളുമുള്ള പുതിയ കാലത്തും ഉപയോഗിച്ചുകൊണ്ടിരിക്കുന്നതിലെ യുക്തിയില്ലായ്മയെ പൊതുജനം ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യുന്നുവെങ്കില്‍ അവ ഉള്‍ക്കൊള്ളാന്‍ തയ്യാറാകേണ്ടതും കാലോചിതമായ നിയമങ്ങള്‍ നിര്‍മിക്കേണ്ടതും പാര്‍ലിമെന്റിന്റെയും നിയമസഭകളുടെയും കടമയാണ്. ജനങ്ങളുടെ പ്രതിനിധികളായി നിയമനിര്‍മാണ സഭകളില്‍ കയറി ഇരിക്കാന്‍ അവസരം ലഭിച്ചവരുടെ ബാധ്യതയാണത്.
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തു കൊണ്ടാണ് മോട്ടോര്‍ വാഹന നിയമം രൂപപ്പെടുത്തിയെടുത്തതെങ്കില്‍ നിലവില്‍ പൊതു ജനങ്ങള്‍ ആശ്രയിച്ചു കൊണ്ടിരിക്കുന്ന ടാക്‌സി വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളില്‍ പുലര്‍ത്തേണ്ടതായ സുരക്ഷാ ക്രമീകരണങ്ങളത്രയും സ്വകാര്യ വാഹനങ്ങളില്‍ ഉറപ്പു വരുത്തണമെന്ന് നിര്‍ബന്ധിക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് പുനരാലോചന ആവശ്യമാണ്. എന്തുകൊണ്ടെന്നാല്‍ സ്വകാര്യ വ്യക്തികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവര്‍ക്കില്ലാത്ത ഭയവും ആശങ്കയും സര്‍ക്കാറിന് ഉണ്ടാകേണ്ടതില്ല എന്നതു തന്നെയാണ്.

ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ നിലവിലെ വാഹന പരിശോധനകളുടെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ പഴി പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ വിമര്‍ശിക്കേണ്ടതും ഉപദേശിക്കേണ്ടതും രാജ്യത്തെ നിയമ നിര്‍മാണ സഭകളിലേക്ക് തിരഞ്ഞെടുത്തയക്കപ്പെട്ട സഭാ സാമാജികരെയാണ്. അവര്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കാറുകളെയാണ്.

കെ എം സലീം പത്തനാപുരം