രാമക്ഷേത്ര നിര്‍മാണ ഫണ്ടിലേക്ക് സംഭാവന നല്‍കി കോണ്‍ഗ്രസ് എം എല്‍ എ

Posted on: February 8, 2021 11:50 pm | Last updated: February 9, 2021 at 8:29 am

കൊച്ചി | അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന്റെ നിര്‍മാണ ഫണ്ടിലേക്ക് സംഭാവന നല്‍കി കോണ്‍ഗ്രസ് എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളി. ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എയുടെ ഓഫീസിലെത്തിയാണ് സംഭാവന സ്വീകരിച്ചത്. ആര്‍ എസ് എസ് ജില്ലാ പ്രചാരക് അജേഷ് കുമാറിന് സംഭാവന നല്‍കിയ ശേഷം അജേഷ് കുമാറില്‍ നിന്ന് രാമക്ഷേത്രത്തിന്റെ രേഖാചിത്രം ഏറ്റുവാങ്ങുന്ന ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ആയിരം രൂപയാണ് എം എല്‍ എ സംഭാവന നല്‍കിയത്.

തിങ്കളാഴ്ച വൈകുന്നേരം പെരുമ്പാവൂരിലെ എം എല്‍ എ ഓഫീസില്‍ വെച്ചായിരുന്നു ചടങ്ങ്. ബി ജെ പി പെരുമ്പാവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് പി അനില്‍ കുമാര്‍, ജില്ലാ വിദ്യാര്‍ഥി പ്രമുഖ് അനിലന്‍ ശങ്കര്‍ എന്നിവരുമുണ്ടായിരുന്നു. ക്ഷേത്ര നിര്‍മാണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ആര്‍ എസ് എസ് നടത്തിയ മഹാസമ്പര്‍ക്ക യജ്ഞത്തിലാണ് കോണ്‍ഗ്രസ് എം എല്‍ എയും പങ്കാളിയായത്. ആഴ്ചകള്‍ക്ക് മുമ്പ് ആലപ്പുഴ കോണ്‍ഗ്രസ് കമ്മിറ്റി ഉപാധ്യക്ഷന്‍ ടി ജി രഘുനാഥന്‍പിള്ള രാമക്ഷേത്ര നിര്‍മാണത്തിനായി സംഭാവന നല്‍കിയത് വന്‍ വിവാദമായിരുന്നു. ഇതിന് പിറകെയാണ് പുതിയ വിവാദം