Connect with us

Uae

കൊവിഡ് : അബൂദബിയില്‍ പാര്‍ട്ടികളും സമ്മേളനങ്ങളും നിരോധിച്ചു

Published

|

Last Updated

അബൂദബി | കൊവിഡ് വ്യാപനം കാരണം അബൂദബിയില്‍ പാര്‍ട്ടികള്‍ക്കും സമ്മേളനങ്ങള്‍ക്കും നിരോധനം ഏര്‍പെടുത്തിയതായി അബുദാബി അടിയന്തര, പ്രതിസന്ധി, ദുരന്ത നിവാരണ സമിതി അറിയിച്ചു. വിവാഹ ചടങ്ങുകളിലും കുടുംബ പരിപാടികളിലും അതിഥികളുടെ എണ്ണം പത്തായി പരിമിതപ്പെടുത്തി. കൂടാതെ ശവസംസ്‌കാരത്തിനും വിലാപ യാത്രക്കും പങ്കെടുക്കുന്നവരുടെ എണ്ണം 20ല്‍ അധികമാകാന്‍ പാടില്ല. തീരുമാനം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു.

കൊവിഡിന്റെ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനായി വാണിജ്യ, സാമ്പത്തിക, ടൂറിസം പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തന ശേഷിയും കമ്മിറ്റി കഴിഞ്ഞ ദിവസം മുതല്‍ പരിമിതപ്പെടുത്തിയിരുന്നു. ഷോപ്പിംഗ് മാളുകളുടെ പ്രവര്‍ത്തന ശേഷി 40 ശതമാനമായും ജിമ്മുകള്‍, സ്വകാര്യ ബീച്ചുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ 50 ശതമാനമായും റെസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, ഹോട്ടലുകള്‍, പൊതു ബീച്ചുകള്‍, പാര്‍ക്കുകള്‍ എന്നിവ 60 ശതമാനമായും ടാക്സികള്‍ 45 ശതമാനമായും ബസുകള്‍ 75 ശതമാനമായും നിലവില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്.

അബൂദബിയിലെ സിനിമാ ശാലകള്‍ അടക്കാന്‍ സമിതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി എല്ലാ മേഖലകളിലും പരിശോധനയും നിരീക്ഷണവും ശക്തമാക്കാനും നിയമലംഘകരെ കണ്ടെത്തി അറ്റോര്‍ണി ജനറലിന് റിപ്പോര്‍ട്ട് ചെയ്യാനും കമ്മിറ്റി ശുപാര്‍ശ ചെയ്തു.