ഇനിയും ചര്‍ച്ചക്ക് തയ്യാറാണ്; തിയ്യതി കേന്ദ്ര സര്‍ക്കാറിന് നിശ്ചയിക്കാമെന്നും കര്‍ഷക സംഘടനകള്‍

Posted on: February 8, 2021 8:58 pm | Last updated: February 9, 2021 at 1:02 am

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാരുമായി ഇനിയും ചര്‍ച്ചക്ക് തയ്യാറാണെന്ന് വ്യക്തമാക്കി കര്‍ഷക സംഘടനകള്‍. ചര്‍ച്ചക്കുള്ള തിയ്യതി സര്‍ക്കാറിന് തീരുമാനിക്കാമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചതായും വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ടു ചെയ്തു. സമരം അവസാനിപ്പിക്കാനും ചര്‍ച്ച തുടരാനും പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷക സംഘടനകളോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ഷക സംഘടനകള്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ മുതിര്‍ന്ന അംഗം ശിവ് കുമാര്‍ കക്കായാണ് സര്‍ക്കാറുമായി ഇനിയും ചര്‍ച്ചക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ചര്‍ച്ച നടത്താന്‍ കര്‍ഷകര്‍ ഒരിക്കലും വിസമ്മതിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചപ്പോഴെല്ലാം കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ കര്‍ഷകര്‍ തയ്യാറായി. ഇനിയും ചര്‍ച്ചക്ക് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞതായും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലുള്ള കര്‍ഷ സംഘടനകള്‍ കേന്ദ്ര സര്‍ക്കാരുമാി 11 തവണയാണ് ഇതുവരെ ചര്‍ച്ച നടത്തിയത്. എന്നാല്‍ ഈ ചര്‍ച്ചകളൊന്നും ഫലം കണ്ടില്ല. പുതിയ കാര്‍ഷിക നിയമങ്ങള്‍ 12 – 18 മാസത്തേക്ക് നടപ്പാക്കില്ലെന്ന നിര്‍ദ്ദേശം അവസാനവട്ട ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ കര്‍ഷക സംഘടനകള്‍ ഈ നിര്‍ദ്ദേശം തള്ളുകയാണ് ഉണ്ടായത്.

പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തികളായ സിംഗു, തിക്രി, ഗാസിപുര്‍ എന്നിവിടങ്ങളില്‍ 70 ദിവസത്തിലേറെയായി സമരം നടത്തുന്നത്. പഞ്ചാബ്, ഹരിയാണ, കിഴക്കന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ അധികവും.