ഉത്തരാഖണ്ഡ് ദുരന്തം: ഏഴ് പേരുടെ മൃതദേഹം ലഭിച്ചു, 170 ഓളം പേരെ കാണാതായി

Posted on: February 7, 2021 12:44 pm | Last updated: February 8, 2021 at 8:42 am

ഡെറാഡൂണ്‍ | ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ വന്‍ ദുരന്തത്തിൽ മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങൾ ലഭിച്ചു. അപകടത്തെത്തുടര്‍ന്ന് 170 ഓളം പേരെ കാണാതായിട്ടുണ്ട്. കാണാതായവരിൽ 148 പേർ എൻ ടി പി സി നിലയത്തിലെ ജീവനക്കാരും 22 പേർ ഋഷിഗംഗയിൽ നിന്നുള്ളവരുമാണ്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ രാത്രിയും തുടരുന്നു.

ഗംഗയുടെ കരയിലുള്ള ഗ്രാമങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മേഖലയില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹരിദ്വാറിലും ഋഷികേശിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

സംഭവത്തില്‍ റെനി ഗ്രാമത്തിന് അടുത്തുള്ള ഋഷിഗംഗ പവര്‍ പ്രൊജക്ട് തകര്‍ന്നാണ് ഏഴ് പേര്‍ മരിച്ചത്.. 600 അംഗ സൈനിക ഗ്രൂപ്പുകളും ദുരന്തനിവാരണ സേനയും വ്യോസേനയും ഇവിടെ എത്തിയിട്ടുണ്ട്.

ചമോലി ജില്ലയിലെ ജോഷിമഠിലെ മഞ്ഞുമലയാണ് തകര്‍ന്നുവീണത്. ഇതിനെ തുടര്‍ന്ന് അളകനന്ദ, ധൗലിഗംഗ നദികള്‍ കരകവിഞ്ഞു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു. ഋഷിഗംഗയിലെ ചെറുകിട ജലവൈദ്യുത പദ്ധതി പൂര്‍ണമായും ഒലിച്ചുപോയി.

രക്ഷാപ്രവര്‍ത്തനത്തിന് കരസൈന്യം ആറ് ദളങ്ങളെയും നാവിക സേന ഡൈവിംഗ് സംഘത്തെയും അയച്ചിട്ടുണ്ട്. ഐ ടി ബി പി, സംസ്ഥാന- ദേശീയ ദുരന്ത പ്രതികരണ സേന എന്നിവയാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലുണ്ടായിരുന്നത്. ഭൗമശാസ്ത്രപരമായ ഈ മേഖലയുടെ കിടപ്പ് രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.