മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്; സ്റ്റാന്‍ഡ്അപ് ഹാസ്യതാരം മുനാവര്‍ ഫറൂഖി ജയില്‍ മോചിതനായി

Posted on: February 7, 2021 9:20 am | Last updated: February 7, 2021 at 1:08 pm

ഇന്‍ഡോര്‍ | മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ സ്റ്റാന്‍ഡ്അപ് ഹാസ്യതാരം മുനാവര്‍ ഫറൂഖി ജയില്‍ മോചിതനായി. ഇന്നലെ രാത്രി പതിനൊന്നോടെയാണ് മുനാവര്‍ മോചിതനായത്. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി ഇന്‍ഡോറിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിനെ ബന്ധപ്പെട്ട ശേഷമാണ് മുനാവറിന്റെ മോചനത്തിന് നടപടികളായത്.

കഴിഞ്ഞ ദിവസം സുപ്രീം കോടതി മുനാവറിന് ജാമ്യം നല്‍കിക്കൊണ്ട് ഉത്തരവിട്ടിരുന്നുവെങ്കിലും ഉത്തരവിന്റെ സര്‍ട്ടിഫൈഡ് പകര്‍പ്പ് ലഭിച്ചില്ല എന്ന് പറഞ്ഞ് മധ്യപ്രദേശ് പോലീസ് മോചനം വൈകിപ്പിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് സുപ്രീം കോടതി ജഡ്ജി ഇന്‍ഡോറിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിനെ ടെലിഫോണില്‍ ബന്ധപ്പെടുകയും ഉത്തരവ് പാലിക്കണമെന്ന് നിര്‍ദേശിക്കുകയുമായിരുന്നു. ഹാസ്യ പരിപാടിക്കിടയില്‍ ഹിന്ദുദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ ജനുവരി ഒന്നിനാണ് ഇന്‍ഡോര്‍ പോലീസ് മുനാവര്‍ ഫാറൂഖിയെ അറസ്റ്റ് ചെയ്തിരുന്നത്.