വിഴിഞ്ഞത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവം; പിന്നില്‍ കുടുംബ വഴക്കെന്ന് ബന്ധുക്കള്‍

Posted on: February 7, 2021 7:56 am | Last updated: February 7, 2021 at 7:56 am

തിരുവനന്തപുരം | തിരുവനന്തപുരത്തെ വിഴിഞ്ഞത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരുക്കേല്‍പ്പിച്ചതിനു പിന്നില്‍ കുടുംബ വഴക്കെന്ന് ബന്ധുക്കള്‍. ഇന്നലെയാണ് വിഴിഞ്ഞത്തെ എസ് ബി ഐ ബേങ്ക് ജീവനക്കാരിയായ സിനിയെ ഭര്‍ത്താവ് സുഗദീശന്‍ കുത്തിയത്. ബേങ്കിന് മുന്നില്‍ വച്ചായിരുന്നു സംഭവം. സുഗദീശനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കത്തിയുമായെത്തിയ സുദീശന്‍ ബേങ്കിന് പുറത്ത് കാത്തിരിക്കുകയും സിനി ഇറങ്ങിവന്നപ്പോള്‍ കുത്തുകയുമായിരുന്നു. സിനിയെ ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പിന്നീട് കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നെഞ്ചിനും വയറിനും മറ്റും കുത്തേറ്റ സിനി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

നേരത്തെയും പലതവണ ഇവര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. ഒരുഘട്ടത്തില്‍ പിരിഞ്ഞ് താമസിക്കുകയും ചെയ്തു. മദ്യപാനം നിര്‍ത്താമെന്ന് സുഗദീശന്‍ സമ്മതിച്ചതോടെ ഒരുമിച്ച് താമസിക്കാന്‍ സിനി തയാറായി. എന്നാല്‍ അതിന് ശേഷവും മദ്യപിച്ചെത്തി ഭാര്യയെയും മകനെയും ഇയാള്‍ ആക്രമിച്ചിരുന്നു.