Connect with us

Editorial

റാങ്ക് ലിസ്റ്റ് നീട്ടിയതു കൊണ്ട് മാത്രമായില്ല

Published

|

Last Updated

പി എസ് സി റാങ്ക് ലിസ്റ്റിൽ സ്ഥലം പിടിച്ച ഉദ്യോഗാർഥികൾക്ക് ആശ്വാസകരമാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള തീരുമാനം. 5- 2- 2021 ന് കാലാവധി അവസാനിക്കാനിരുന്ന 493 റാങ്ക് ലിസ്റ്റുകളുടെ കാലയളവാണ് ആറ് മാസം കൂടി ദീർഘിപ്പിച്ചത്. 14 ജില്ലകളിലെ വിവിധ വകുപ്പുകളിലേക്കായി പ്രസിദ്ധീകരിച്ച എൽ ഡി സി, ലാസ്റ്റ് ഗ്രേഡ്, എൽ ഡി വി ഡ്രൈവർ, സ്റ്റാഫ് നഴ്‌സ്, വനംവകുപ്പിലേക്കുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർ, സിവിൽ സപ്ലൈസ് വകുപ്പിലെ സെയിൽസ് അസിസ്റ്റന്റ് തുടങ്ങിവയാണ് ഇതിൽ ഉൾപ്പെടുക. കാലാവധി നീട്ടണമെന്ന് റാങ്ക് ഹോൾഡേഴ്‌സും വിവിധ യുവജന സംഘടനകളും രാഷ്ട്രീയപാർട്ടികളും നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നു. നേരത്തേ രണ്ട് തവണ റാങ്ക് ലിസ്റ്റകളുടെ കാലാവധി നീട്ടിയിരുന്നെങ്കിലും കൊറോണ വ്യാപനത്തെയും ലോക്ക്ഡൗണിനെയും തുടർന്ന് നിയമനങ്ങൾ കാര്യമായി നടത്താൻ സാധിച്ചിരുന്നില്ല.

പി എസ് സി അപേക്ഷ ക്ഷണിക്കുകയോ റാങ്ക് ലിസ്റ്റ് പുതുക്കുകയോ ചെയ്യാത്തത് മൂലം പ്രായപരിധിയിലെത്തിയ പതിനായിരങ്ങൾക്കാണ് കഴിഞ്ഞ ഡിസംബറിനുള്ളിൽ അവസരം നഷ്ടമായത്.

ഏപ്രിൽ, മെയ് മാസങ്ങളിൽ സർക്കാർ സർവീസിൽ നിന്ന് വൻതോതിൽ ജീവനക്കാർ വിരമിക്കാനിരിക്കെ കാലാവധി നീട്ടിയ നടപടി ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലിസ്റ്റുകൾ പുതുക്കാതെ കാലാഹരണപ്പെട്ടിരുന്നെങ്കിൽ വീണ്ടും വിജ്ഞാപനം പുറപ്പെടുവിച്ച് പരീക്ഷയും അഭിമുഖവും നടത്തി പുതിയ പട്ടിക തയ്യാറാക്കിയല്ലാതെ നിയമനം നടത്താൻ സാധിക്കില്ലായിരുന്നു. ഇതിന് മാസങ്ങളോ ചിലപ്പോൾ വർഷങ്ങളോ വേണ്ടിവരും. അതിനകം പലർക്കും അപേക്ഷിക്കാനുള്ള അർഹത നഷ്ടപ്പെട്ടെന്ന് വരാം. ജനറൽ വിഭാഗത്തിന് 36ഉം ഒ ബി സിക്ക് 39ഉം വയസ്സു വരെയേ പി എസ് സി പരീക്ഷ എഴുതാനാകൂ.

എന്നാൽ, പട്ടികയുടെ കാലാവധി നീട്ടിയതു കൊണ്ടു മാത്രമായില്ല, ഒഴിവുള്ള തസ്തികകളിൽ താമസിയാതെ നിയമനം നടത്തുകയും താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതും പിൻവാതിൽ നിയമനവും അവസാനിപ്പിക്കുകയും ചെയ്‌തെങ്കിൽ മാത്രമേ ഇതിന്റെ ഗുണഫലം പട്ടികയിലുള്ള ഉദ്യോഗാർഥികൾക്ക് ലഭ്യമാവുകയുള്ളൂ.

കൊവിഡ് കാലത്ത് താത്കാലിക നിയമനങ്ങളാണ് ഏറെയും നടന്നത്. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തന്നെ സിഡിറ്റിലെ (സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി) 114 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ അനുമതി നൽകുകയുണ്ടായി. സിഡിറ്റ് നൽകിയ പത്ത് വർഷത്തിലേറെ സേവനമുള്ളവരുടെ പട്ടിക സർക്കാർ അതേപടി അംഗീകരിക്കുകയാണുണ്ടായത്. നേരത്തേ കെൽട്രോണിലെയും കിലയിലെയും താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും അനുമതി നൽകിയിരുന്നു സർക്കാർ. പത്ത് വർഷം സേവനം പൂർത്തിയാക്കിയവരെന്ന സാക്ഷ്യത്തോടെ പല വകുപ്പുകളും നൽകുന്ന പട്ടികയിൽ ഈ കാലാവധി തികക്കാത്തവരും കയറിക്കൂടുന്നതായി പരാതിയുണ്ട്.

സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും താത്കാലിക സേവനത്തിൽ 10 വർഷം തികഞ്ഞവരെ സ്ഥിരപ്പെടുത്താനുള്ള നീക്കം നടക്കുന്നതായി പറയപ്പെടുന്നു. താത്കാലിക സേവനത്തിൽ പത്ത് വർഷം തികയാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള ഡ്രൈവർമാരുടെ വിശദവിവരങ്ങൾ ആവശ്യപ്പെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർക്ക് കത്തയച്ചത് ഇതിന്റെ മുന്നോടിയാണെന്നാണ് കരുതുന്നത്. സംസ്ഥാനത്തെ സർവകലാശാലകളിലും നടക്കുന്നുണ്ട് റാങ്ക്‌ലിസ്റ്റിനെ മറികടന്നു കൊണ്ടുള്ള താത്കാലികക്കാരെ സ്ഥിരപ്പെടുത്തൽ നടപടി. സംസ്‌കൃത സർവകലാശാല, കുസാറ്റ്, കാർഷിക സർവകലാശാല എന്നിവിടങ്ങളിൽ വിവിധ തസ്തികകളിലുള്ള താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ ശിപാർശകൾ തയ്യാറാക്കിയിട്ടുണ്ട്.
ബിരുദങ്ങൾ നേടാനും പി എസ് സി റാങ്ക് ലിസ്റ്റുകളിൽ ഇടം നേടാനും ഏറെ കഷ്ടപ്പാട് സഹിക്കുകയും വർഷങ്ങൾ നീണ്ട തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യുന്നുണ്ട് ഉദ്യോഗാർഥികൾ. താമസിയാതെ നിയമനം ലഭിക്കുമെന്ന പ്രതീക്ഷയിൽ ദിവസങ്ങൾ തള്ളി നീക്കുന്ന ഇവരുടെ നെഞ്ചകം തകർക്കുന്ന ചെയ്തിയാണ് താത്കാലികക്കാരെ സ്ഥിരപ്പെടുത്തൽ. റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിട്ടും നിയമനം ലഭിക്കാതെ ലിസ്റ്റ് റദ്ദാക്കപ്പെട്ടതിൽ മനം നൊന്ത് അടുത്തിടെ കാരക്കോണം സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തിരുന്നു. പാർട്ടി താത്പര്യമോ മറ്റ് സ്വാധീനമോ കാര്യലാഭമോ ആയിരിക്കും പലപ്പോഴും ഇത്തരം നിയമനങ്ങൾക്ക് പിന്നിൽ.

ഒഴിവുകൾ ഇല്ലാത്തതു കൊണ്ടല്ല നിയമനങ്ങളിലെ കുറവ്, റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമനത്തേക്കാൾ ബന്ധപ്പെട്ടവർക്ക് താത്പര്യം കരാർ നിയമനമായതു കൊണ്ടാണെന്നാണ് ഉദ്യോഗാർഥികൾ ആരോപിക്കുന്നത്. കൊല്ലത്ത് ഇതിനിടെ ഒഴിവുള്ള തസ്തികകളുടെ എണ്ണം കണ്ടെത്താൻ എൽ ഡി സി ഉദ്യോഗാർഥികൾ നേരിട്ട് രംഗത്തിറങ്ങുകയും വിവിധ സ്ഥാപനങ്ങളിൽ കയറിയിറങ്ങി വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.

ആരോഗ്യം, റവന്യൂ, വിദ്യാഭ്യാസം തുടങ്ങി വിവിധ വകുപ്പുകളിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത നിരവധി ഒഴിവുകളുള്ളതായി അവർ കണ്ടെത്തുകയുണ്ടായി. താത്കാലിക നിയമനം നടത്താനാണത്രേ വകുപ്പ് മേധാവികൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ മറച്ചുവെക്കുന്നതത്. തങ്ങളുടെ സ്വന്തം സ്വാതന്ത്ര്യത്തിൽ ആളുകളെ നിയമിക്കുകയും ജോലിയിലുള്ള ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം വരുമ്പോൾ സ്വന്തം നാടുകളിലേക്ക് മടങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കുകയുമാണ് താത്കാലിക നിയമനത്തിൽ വകുപ്പ് മേധാവികൾ കാണുന്ന നേട്ടമെന്നാണ് പറയപ്പെടുന്നത്. ഇത് നിയമവിരുദ്ധവും റാങ്ക്‌ലിസ്റ്റിൽ സ്ഥലം പിടിച്ചവരോടുള്ള വഞ്ചനയുമാണെന്ന കാര്യം അവർ സൗകര്യപൂർവം വിസ്മരിക്കുന്നു.