Connect with us

Articles

അട്ടിമറിക്കപ്പെടുന്ന നീതിവിചാരങ്ങള്‍

Published

|

Last Updated

ആധാര്‍ ആക്ട് ഒന്നാം മോദി സര്‍ക്കാര്‍ മണി ബില്ലായി പാസ്സാക്കിയത് അംഗീകരിച്ച സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധി ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹരജികള്‍ ഒന്നിനെതിരെ നാലിന്റെ ഭൂരിപക്ഷ വിധിയില്‍ അഞ്ചംഗ സുപ്രീം കോടതി ബഞ്ച് തള്ളിയത് നിയമവൃത്തങ്ങള്‍ക്കപ്പുറത്തേക്ക് വേണ്ടവിധം ചര്‍ച്ചചെയ്യപ്പെടാതെ പോയത് നിരാശാജനകമാണ്.

കാര്യകാരണ ബന്ധങ്ങളിലേക്കൊന്നും കടക്കാത്തതായിരുന്നു ഭൂരിപക്ഷ വിധിയെങ്കില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിയോജന വിധി വ്യക്തവും കൃത്യവുമായിരുന്നു. ആധാര്‍ വിധിയുടെ കൃത്യത പരിശോധിക്കണമെന്ന നിരീക്ഷണം രേഖപ്പെടുത്തി വിശാല ബഞ്ചിന്റെ പരിഗണനക്ക് വിട്ട നിയമപ്രശ്‌നത്തില്‍ തീരുമാനമാകുന്നത് വരെ ആധാര്‍ വിധിക്കെതിരെ കോടതി കയറിയ പുനഃപരിശോധനാ ഹരജികള്‍ തീര്‍പ്പാക്കരുത് എന്നാണ് അദ്ദേഹം തന്റെ വിധിയില്‍ അഭിപ്രായപ്പെട്ടത്. പുനഃപരിശോധനാ ഹരജികള്‍ തള്ളിയ ഭൂരിപക്ഷ വിധിയെ “കോണ്‍സ്റ്റിറ്റ്യൂഷനല്‍ എറര്‍” എന്നാണദ്ദേഹം വിശേഷിപ്പിച്ചത്. 2019 നവംബര്‍ 19ന് ശ്രദ്ധേയമായ റോജര്‍ മാത്യു കേസിന്റെ വിധിയിലാണ് ആധാര്‍ വിധിയില്‍ ശരികേടുണ്ടെന്ന സംശയം ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ച് ഉന്നയിക്കുന്നത്.

പാര്‍ലിമെന്റിനകത്തും പുറത്തും ഉയര്‍ന്നുവന്ന ശക്തമായ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ 2016 മാര്‍ച്ച് 11നാണ് ആധാര്‍ ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസ്സാക്കുന്നത്. ആധാര്‍ ബില്‍ മണി ബില്ലായി പാസ്സാക്കിയതിന്റെയും ചില വകുപ്പുകളുടെയും ഭരണഘടനാ സാധുത സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. തദ്വിഷയകമായ ഹരജികളില്‍ 2018 സെപ്തംബര്‍ 26ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ വിധി ആധാര്‍ ആക്ടിന് അംഗീകാരം നല്‍കി. ആക്ടിലെ ചില വകുപ്പുകള്‍ റദ്ദാക്കിയപ്പോള്‍ മണി ബില്ലായി അവതരിപ്പിച്ച് രാജ്യസഭയെ നോക്കുകുത്തിയാക്കി പാര്‍ലിമെന്റ് കടത്തിയ നിയമത്തിന് ഭരണഘടനാ സാധുത കല്‍പ്പിച്ചു കൊടുക്കുകയാണുണ്ടായത്. എന്നാല്‍ വിസമ്മത വിധിയെഴുതിയ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, വിദേശ കമ്പനിക്ക് ആധാര്‍ പദ്ധതിയുടെ സോഴ്‌സ് കോഡ് ലഭ്യമാക്കിയിട്ടുണ്ടെന്നും അതിലൂടെ രാജ്യത്തെ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങളിലേക്ക് കടന്നുകയറാനാകുമെന്നും നിരീക്ഷിച്ചു. ഒപ്പം ആധാര്‍ ആക്ട് മണി ബില്ലായി പാസ്സാക്കിയത് ഭരണഘടനയോടുള്ള വഞ്ചനയുമാണെന്ന തീര്‍പ്പിലെത്തി അദ്ദേഹത്തിന്റെ വിയോജന വിധി.

കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസ്സാക്കിയ 2017ലെ ഫിനാന്‍സ് ആക്ടിന്റെ നിയമ പ്രാബല്യത്തെച്ചൊല്ലിയും നിയമ, രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകളാണ് നടന്നത്. പ്രസ്തുത നിയമത്തിലൂടെ ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനങ്ങളില്‍ എക്‌സിക്യൂട്ടീവ് കൈക്കടത്തുക വഴി നീതിന്യായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവും ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിന്റെ ഭാഗമായ അധികാര വിഭജനത്തിന്റെ നഗ്‌നമായ ലംഘനവുമാണെന്ന വിമര്‍ശമുയര്‍ന്നു. അപ്രകാരം തന്നെ ഫിനാന്‍സ് ആക്ട് മണി ബില്ലായി പാസ്സാക്കിയതിലെ ഭരണഘടനാ സാധുതയും ചോദ്യം ചെയ്യപ്പെട്ടു. പ്രസ്തുത നിയമപ്രശ്‌നത്തില്‍ വിധി പറയവെ നേരത്തേ ആധാര്‍ ആക്ടിന്റെ ഭരണഘടനാ സാധുത ശരിവെച്ച അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ നിയമ വ്യാഖ്യാനത്തില്‍ പിശകുണ്ടെന്ന നിരീക്ഷണത്തിലെത്തി ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കിയ സുപ്രീം കോടതി ബഞ്ച്. ആധാറിലെ ഭൂരിപക്ഷ വിധി ഭരണഘടനയില്‍ മണി ബില്ലിനെ നിര്‍വചിക്കുന്ന 110(ഒന്ന്) അനുഛേദത്തെ കൃത്യമായി ചര്‍ച്ച ചെയ്തില്ലെന്നും മണി ബില്ലിന് വേണ്ട ഉള്ളടക്കമല്ല പ്രസ്താവിത ആധാര്‍ നിയമത്തിന് എന്നിരിക്കെ അതിന്റെ പ്രത്യാഘാതങ്ങള്‍ പരിശോധിച്ചില്ലെന്നും 2017ലെ ഫിനാന്‍സ് ആക്ടിനെ വ്യവഹാര പ്രധാനമാക്കിയ റോജര്‍ മാത്യു കേസിന്റെ വിധിയില്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് വിലയിരുത്തി. അതിനാല്‍ ആധാര്‍ വിധിയെ വിശാല ഭരണഘടനാ ബഞ്ചിന്റെ പരിഗണനക്ക് വിട്ടു. എന്നാല്‍ മേല്‍ചൊന്ന പ്രശ്‌നങ്ങളുയര്‍ത്തിക്കാട്ടി അതിനകം തന്നെ ആധാര്‍ വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെടുന്ന ഹരജികള്‍ സുപ്രീം കോടതിയിലെത്തിയിരുന്നു. അതേ ദിശയിലേക്ക് വിരല്‍ ചൂണ്ടുക തന്നെയായിരുന്നു റോജര്‍ മാത്യുവില്‍ ഭരണഘടനാ ബഞ്ച് ചെയ്തത്. പക്ഷേ വിശാല ഭരണഘടനാ ബഞ്ചിന്റെ തീര്‍പ്പിന് കാത്തുനില്‍ക്കാതെയാണ് ആധാര്‍ ആക്ടിന് മേല്‍ ഉയര്‍ന്നുവന്ന പുനഃപരിശോധനാ ഹരജികള്‍ സുപ്രീം കോടതി തള്ളിയിരിക്കുന്നത്. നിയമ നീതിന്യായ കാഴ്ചപ്പാടുകളെ തകിടം മറിക്കുന്ന നീക്കമായിപ്പോയി അതെന്ന നിരീക്ഷണം നിയമരംഗത്ത് തിടംവെക്കുന്നത് അവഗണിക്കാനാകില്ല.

1980ല്‍ സുപ്രീം കോര്‍ട്ട് റൂള്‍സില്‍ വരുത്തിയ ഭേദഗതി വരെ പുനഃപരിശോധനാ ഹരജികള്‍ തുറന്ന കോടതിയില്‍ വാദം കേട്ടിരുന്നു. എന്നാല്‍ പിന്നീട് തുറന്ന കോടതിയില്‍ വാദം കേട്ടിരുന്ന സമ്പ്രദായം ഒഴിവാക്കി ന്യായാധിപര്‍ പരസ്പരം ചര്‍ച്ച ചെയ്യുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്ത് പുനഃപരിശോധനാ ഹരജികള്‍ അനുവദിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്ന സര്‍ക്കുലേറ്ററി സിസ്റ്റം കൊണ്ടുവന്നു. ഹരജികളുടെ മെറിറ്റ് വിലയിരുത്തി ന്യായാധിപരുടെ വിവേചനാധികാരം ഉപയോഗിച്ച് പുനഃപരിശോധനാ ഹരജികള്‍ തുടര്‍ വാദത്തിനായി പരിഗണിക്കുകയാണ് ചെയ്യുന്നത്. അപ്പോഴും വധശിക്ഷ വിധിച്ച കേസുകളിലെ പുനഃപരിശോധനാ ഹരജികള്‍ പ്രത്യേക വിഭാഗമായി പരിഗണിച്ച് തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നും അത് ഭരണഘടനയുടെ 21ാം അനുഛേദം ഉറപ്പുനല്‍കുന്ന ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന്റെ ശാസനയാണെന്നുമുള്ള സുപ്രീം കോടതി വിധി പില്‍ക്കാലത്തുണ്ടായി.

ആധാര്‍ ആക്ടിലെ പുനഃപരിശോധനാ ഹരജികള്‍ രണ്ടാഴ്ച മുമ്പ് സുപ്രീം കോടതി തീര്‍പ്പാക്കിയത് പരസ്യമായി വാദം കേള്‍ക്കാതെയാണ്. അതായത് മുന്‍ വിധി പുനഃപരിശോധിക്കാന്‍ സംഗതമായതൊന്നും ഹരജികളിലില്ല എന്നര്‍ഥം. എന്നാല്‍ ശബരിമല വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹരജികള്‍ തുറന്ന കോടതിയിലാണ് വാദം കേട്ടത്; അതിന് ഉപോത്ബലകമായ ഒരു കാരണവും ചൂണ്ടിക്കാട്ടാതെ തന്നെ. ആധാര്‍ വിധിയിലെന്ന പോലെ സുപ്രീം കോടതിയിലെ മറ്റൊരു ബഞ്ചും ശബരിമല വിധിയില്‍ സംശയം പ്രകടിപ്പിച്ചിട്ടില്ല. ശബരിമല പുനഃപരിശോധനാ ഹരജികള്‍ കേട്ട അഞ്ചംഗ ബഞ്ച് ഒമ്പതംഗ വിശാല ബഞ്ചിന്റെ പരിഗണനക്ക് വിട്ടാണ് ഹരജികള്‍ അംഗീകരിച്ചത്. അത് ചോദ്യം ചെയ്ത ഹരജി തള്ളുകയും ചെയ്തു.

ശബരിമല കീഴ് വഴക്ക(Precedent)മാണെങ്കില്‍ ഒരു ഭരണഘടനാ ബഞ്ച് തന്നെ സംശയം പ്രകടിപ്പിച്ച വിധിയെ പ്രതി ഉന്നയിക്കപ്പെട്ട പുനഃപരിശോധനാ ഹരജികള്‍ ന്യായാധിപ ചേമ്പറുകള്‍ കടന്ന് ഒന്നും മിണ്ടാതെ തള്ളപ്പെടാതിരിക്കാന്‍ കൂടുതല്‍ അര്‍ഹതപ്പെട്ടതാണ്. ഹരജികള്‍ തള്ളുന്നതിനെതിരെ ബഞ്ചിലെ ഒരംഗം വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ വിശേഷിച്ചും. പക്ഷേ അതുണ്ടായില്ലെന്നത് രാജ്യത്തെ ഭാവി രാഷ്ട്രീയത്തെയും നീതിന്യായ പ്രതീക്ഷകളെയും നിര്‍ണായകമായി സ്വാധീനിക്കുന്ന സംഗതിയാണ്.
ഒരു കേസിലെ കോടതി വിധിയുടെ മാനദണ്ഡമായി വന്ന നിയമ പ്രശ്‌നത്തിലെ വിധിതീര്‍പ്പ് മറ്റൊരു കേസില്‍ മേല്‍ക്കോടതിയോ തതുല്യ ബഞ്ചോ പുനഃപരിശോധിക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്താല്‍ ആദ്യത്തെ വിധി പുനഃപരിശോധിക്കാനുള്ള ഹേതുവാകില്ല അതെന്ന നിയമ തത്വത്തെയാണ് ആധാര്‍ ആക്ടിലെ പുനഃപരിശോധനാ ഹരജികള്‍ തള്ളിയ ഭൂരിപക്ഷ വിധി മുന്നോട്ടുവെച്ചത്. ശരി തന്നെ. എന്നാല്‍ പോലും റോജര്‍ മാത്യു കേസില്‍ വിശാല ബഞ്ചിന്റെ പരിഗണനക്ക് വിട്ടതില്‍ തീര്‍പ്പാകാതെ നില്‍ക്കുമ്പോള്‍ അതുവരെ കാത്തിരിക്കാമായിരുന്നു. വിശാല ബഞ്ചിന്റെ വരാനിരിക്കുന്ന വിധി ആധാര്‍ ആക്ട് മണി ബില്ലായി പാസ്സാക്കിയതിന് കൈയൊപ്പ് ചാര്‍ത്തിയ ഭൂരിപക്ഷ അഭിപ്രായ വിശകലനത്തോട് എതിരായാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം എന്തായിരിക്കും. നീതിന്യായ അച്ചടക്കം പോരാത്തതിന് പഴി കേള്‍ക്കേണ്ടി വരുന്ന ലഘു പ്രശ്‌നമായിരിക്കും അതെന്നാണോ ബഹുമാന്യ ന്യായാധിപര്‍ വിചാരിക്കുന്നത്. നീതി എന്ന കാഴ്ചപ്പാടിന് തന്നെയായിരിക്കില്ലേ അന്തിമമായി അത് പോറലേല്‍പ്പിക്കുക?

Latest