ജയിലിൽ കർഷകർ അനുഭവിക്കുന്നത് ക്രൂരപീഡനങ്ങൾ; വെളിപ്പെടുത്തി പുറത്തുവന്ന മാധ്യമ പ്രവർത്തകൻ

Posted on: February 6, 2021 12:23 pm | Last updated: February 6, 2021 at 1:46 pm

ഡൽഹി | പോലീസ് കസ്റ്റഡിയിലുള്ള കർഷകരുടെ അവസ്ഥ അത്യന്തം ദാരുണമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജയിൽ മോചിതനായ മാധ്യമപ്രവർത്തൻ മൻദീപ് പുനിയ.
തിഹാറിൽ തനിക്കൊപ്പമുണ്ടായിരുന്ന കർഷകരിൽ പലരെയും പോലീസ് ക്രൂരമായ മർദന മുറകൾക്കാണ് ഇരയാക്കിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അടിയേറ്റ് ക്ഷതം സംഭവിച്ച ശരീര ഭാഗങ്ങൾ കർഷകർ എനിക്ക് കാണിച്ചു തന്നുവെന്നും ആ കാഴ്ചകൾ ദയനീയമായിരുന്നുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തി.

സിംഗു സമരഭൂമിയിൽ കർഷകസമരം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് സ്വതന്ത്ര മാധ്യമപ്രവർത്തകനായ മൻദീപിനെ ദില്ലി പോലീസ്‌ അറസ്റ്റ് ചെയ്തത്.
നിയമവ്യവസ്ഥയിൽ ജാമ്യം ചട്ടവും ജയിൽ അപവാദവുമാണ് എന്ന് നിരീക്ഷിച്ച കോടതി കേസിൽ മൻദീപിന് ജാമ്യം അനുവദിക്കുകയായിരുന്നു.

ജാമ്യം കിട്ടി പുറത്ത് വന്ന ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ജയിലിൽ കർഷകർ അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ച് മൻദീപ് വെളിപ്പെടുത്തിയത്. സിംഗുവിൽ ബാരിക്കേഡിന് സമീപം നിന്ന കർഷക തൊഴിലാളികളെ പോലീസ് അതിക്രമിക്കുന്നത് ക്യാമറയിൽ ഷൂട്ട് ചെയ്യുന്നതിനിടെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും മനുഷ്യത്വ രഹിതമായി പോലീസ് വലിച്ചിഴച്ചാണ് കൊണ്ടുപോയതെന്നും അദ്ദേഹം ആരോപിച്ചു.

കർഷകർ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് സമരഭൂമിയിൽ അക്രമമുണ്ടാക്കിയവർ ബി ജെ പിക്കാരാണെന്ന് തെളിവുകളടക്കം വാർത്ത നൽകിയതിന് പിന്നാലെയായിരുന്നു മൻദീപിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ട് മാസം പിന്നിട്ടിട്ടും ആവേശമൊട്ടും ചോരാതെ തുടരാകുയാണ് കർഷകസമരം. അതിർത്തികളിൽ ഇരുമ്പ് ദണ്ഡുകളും കമ്പികളും ആണികളും സ്ഥാപിച്ചിരുന്ന സ്ഥലത്ത് പൂച്ചെടികൾ നട്ട കർഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ നീക്കം ഏറെ പ്രശംസ പിടിച്ചുപറ്റി. പ്രദേശത്ത് ട്രക്കുകളിൽ മണ്ണെത്തിച്ചാണ് ടിക്കയത്തും സമരക്കാരും ചെടികൾ നട്ടത്. റോഡ് ഉപരോധിച്ചുകൊണ്ടുള്ള സമരരീതിയാണ് പുതുതായി കർഷകർ ആവിഷ്കരിച്ചിട്ടുള്ളത്. തങ്ങളുടെ ഒപ്പമുള്ളവർ ജയിലുകളിൽ പോലീസ് മർദനത്തിനിരകളാകുമ്പോഴും പോരാട്ട വീര്യമൊട്ടും ചോരാതെ കർഷകർ മുന്നോട്ട് യാത്ര തുടരുകയാണ്. തീയിൽ കുരുത്തത് വെയിലത്ത് വാടുന്നതെങ്ങനെ?

ALSO READ  റിഹാനയെ പാക്ക് അനുകൂലിയാക്കി സംഘപരിവാർ; പൊളിച്ചടുക്കി സോഷ്യൽ മീഡിയ