ആദ്യ ദിനത്തില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍

Posted on: February 5, 2021 10:25 am | Last updated: February 5, 2021 at 5:03 pm

ചെന്നൈ | ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ട് ശക്തമായ നിലയില്‍. ഒന്നാം ദിനം പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ് ആണ് ഇംഗ്ലണ്ട് എടുത്തത്. 89.3 ഓവറുകളാണ് ഒന്നാം ദിനം എറിഞ്ഞത്. ജോ റൂട്ട് സെഞ്ചുറി പിന്നിട്ടു. കൂട്ടാളി ഡോം സിബ്ലി സെഞ്ചുറിക്കടുത്തെത്തിയെങ്കിലും ബുംറക്ക് മുന്നിൽ കീഴടങ്ങി. റൂട്ട് 128ഉം സിബ്ലി 87ഉം റൺസെടുത്തു.

റോറി ബേണ്‍സ് (33), ഡാന്‍ ലോറന്‍സ് (പൂജ്യം) എന്നിവരുടെ വിക്കറ്റ് നഷ്ടം ഇംഗ്ലീഷ് പടയെ ഞെട്ടിച്ചെങ്കിലും ജോ റൂട്ടും ബേണ്‍സും ക്ഷമയോടെ കളിച്ച് സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കുകയായിരുന്നു. അശ്വിന്‍, ബുംറ എന്നിവര്‍ക്കാണ് വിക്കറ്റ്. ബുംറ രണ്ട് വിക്കറ്റ് നേടി. വന്‍തോതില്‍ റണ്ണൊഴുക്ക് തടയാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് സാധിച്ചിട്ടുണ്ട്.

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനലിസ്റ്റിനെ തീരുമാനിക്കുന്ന പരമ്പരയായതിനാല്‍ തീപാറുന്ന പോരാട്ടം നടക്കുമെന്നതുറപ്പാണ്. നാല് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 2-0ത്തിന് ജയിച്ചാല്‍ ഇന്ത്യ ഫൈനലിലെത്തും. ഇംഗ്ലണ്ടിന് ഫൈനലിലെത്താന്‍ 3-0 ത്തിനോ 3-1 നോ ജയിക്കണം.

ശക്തമായ സംഘത്തെയാണ് ഇരു ടീമുകളും രംഗത്തിറക്കിയിട്ടുള്ളത്. ജസ്പ്രീത് ബുംറയും ഇശാന്ത് ശര്‍മയുമാണ് ഇന്ത്യയുടെ പേസ് അറ്റാക്കിംഗ് നടത്തുക. സ്പിന്നര്‍ ഷഹബാസ് നദീം ഇന്ന് ഇന്ത്യക്കായി അരങ്ങേറും.
സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ആര്‍ അശ്വിനും ടീമിലുണ്ട്. ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ജോഫ്ര ആര്‍ച്ചര്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരാണ് ഇംഗ്ലണ്ടിന്റെ പേസര്‍മാര്‍. ജാക്ക് ലീച്ച്, ഡോം ബെസ് എന്നിവര്‍ സ്പിന്‍ ആക്രമണം നടത്തും. യുവ വിക്കറ്റ് കീപ്പര്‍ ഒലി പോപ്പും ടീമിലുണ്ട്.

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിനു വേദിയായത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഇന്ത്യയില്‍ അവസാനമായി ഒരു ക്രിക്കറ്റ് മത്സരം നടന്നത്.