സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല, അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ പൂര്‍ണ തൃപ്തി; മലക്കം മറിഞ്ഞ് ചെന്നിത്തല

Posted on: February 5, 2021 9:20 am | Last updated: February 5, 2021 at 12:56 pm

കോഴിക്കോട് | മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തിയ അധിക്ഷേപപരാമര്‍ശവുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല. സുധാകരനെ താന്‍ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ഇന്ന് രാവിലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ചെന്നിത്തല പറഞ്ഞു.

ആലങ്കാരികമായി മുഖ്യമന്ത്രിയുടെ ധാരാളിത്വത്തേയും ധൂര്‍ത്തിനേയുമാണ് സുധാകരന്‍ പരാമര്‍ശിച്ചത്. പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ഈ വിവാദം ഇവിടെ അവസാനിപ്പിക്കണം. പരാമര്‍ശം സംബന്ധിച്ച അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ പൂര്‍ണ തൃപ്തനാണ്. സുധാകരന്‍ ദീര്‍ഘകാലമായി രാഷ്ട്രീയ രംഗത്തുള്ള മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ സ്വത്തുമാണ്. അദ്ദേഹത്തെ താന്‍ തള്ളിപ്പറഞ്ഞു എന്ന വാര്‍ത്ത ശരിയല്ലെന്നും ചെന്നിത്തല വ്യക്തമാക്കി. സുധാകരന്‍ ആരെയും അപമാനിച്ചിട്ടില്ല. മാധ്യമങ്ങളോട് പൊതുവായ പ്രസ്താവനയാണ് ഇന്നവെ നടത്തിയത്. അത് മറ്റ് രീതിയില്‍ ചിത്രീകരിക്കപ്പെടുകയായിരുന്നു.

സുധാകരന്റെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് ഇന്നലെ ചെന്നിത്തല പറഞ്ഞിരുന്നത്. ഇതിനെതിരെ സുധാകരന്‍ ശക്തമായി രംഗത്തെത്തിയിരുന്നു. ചെന്നിത്തല എന്തിനാണ് തന്നെ തള്ളിപ്പറഞ്ഞതെന്ന് അറിയില്ലെന്നും തന്റെ പരാമര്‍ശം വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് തന്റെ മുന്‍ അഭിപ്രായത്തില്‍ നിന്ന് പാടേ മാറിയുള്ള ചെന്നിത്തലയുടെ പ്രതികരണം.