ഐ എസ് എല്ലില്‍ ഗോവക്ക് തുടര്‍ച്ചയായ നാലാം സമനില

Posted on: February 4, 2021 10:23 pm | Last updated: February 4, 2021 at 10:23 pm

മഡ്ഗാവ് | ഐ എസ് എല്ലില്‍ കരുത്തരായ എഫ് സി ഗോവയെ സമനിലയില്‍ പിടിച്ച് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. ഇന്ന് നടന്ന മത്സരത്തില്‍ ഇരു ടീമും രണ്ട് ഗോള്‍ വീതം അടിച്ച് പിരിയുകയായിരുന്നു. ഗോവക്കായി അലക്സാണ്ടര്‍ റൊമാരിയോ ജെസുരാജും അമര്‍ജിത്ത് സിംഗുമാണ് വല ചലിപ്പിച്ചത്. നോര്‍ത്ത് ഈസ്റ്റിന്റെ രണ്ട് ഗോളുകളും ഫെഡറിക്കോ ഗല്ലേഗോയുടെ വകയായിരുന്നു. ഗല്ലേഗോയുടെ രണ്ട് ഗോളുകളും പെനാല്‍റ്റിയിലൂടെയായിരുന്നു. ഗോവയുടെ തുടര്‍ച്ചയായ നാലാം സമനിലയാണിത്.

21-ാം മിനിറ്റില്‍ ജെസുരാജിന്റെ ഗോളില്‍ ഗോവയാണ് ആദ്യം മുന്നിലെത്തിയത്. ജോര്‍ജ് ഓര്‍ട്ടിസിന്റെ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കാനിരിക്കെ ലഭിച്ച പെനാല്‍റ്റിയില്‍ നോര്‍ത്ത് ഈസ്റ്റ് ഒപ്പമെത്തി. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഇരു ടീമും പൊരുതി കളിച്ചെങ്കിലും ലക്ഷ്യം മാത്രം അകലെയായി. എന്നാല്‍ കളി അവസാന പത്ത് മിനുട്ടിലേക്ക് കടന്നതോടെ കാര്യമായി. 80-ാം മിനിറ്റില്‍ ജോര്‍ജ് ഓര്‍ട്ടിസ് എടുത്ത കോര്‍ണര്‍ വലയിലെത്തിച്ച് അമര്‍ജിത്ത് ഗോവയെ മുന്നിലെത്തിച്ചു. എന്നാല്‍ മൂന്ന് മിനുട്ടിനുള്ളില്‍ തിരിച്ചടിച്ച് നോര്‍ത്ത് ഈസ്റ്റ് സമനില പിടിച്ചെടുക്കുകയായിരുന്നു.