Kerala
സുധാകരന്റെ പ്രസ്താവനയെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ കലാപം

കണ്ണൂര്‍ | മുഖ്യമന്ത്രിക്കെതിരായി കെ സുധാകരന്‍ നടത്തിയ ചെത്തുകാരന്‍ പരാമര്‍ശം കോണ്‍ഗ്രസിനുള്ളില്‍ പുതിയ തമ്മിലടിയിലേക്കും വിവാദത്തിലേക്കും വഴിമാറുന്നു. തന്റെ പ്രസ്താവനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കടുത്ത വിമര്‍ശനവുമായി കെ സുധാകരന്‍ രംഗത്തെത്തി. ഇന്നലെ രാത്രി താന്‍ ചെന്നിത്തലയോട് പ്രസ്താവന സംബന്ധിച്ച് സംസാരിച്ചിരുന്നു. അപ്പോള്‍ പ്രസ്താവനയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ചെന്നിത്തല പറഞ്ഞത്. എന്നാല്‍ രാവിലെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തന്റെ പ്രസ്താവന ശരിയല്ലെന്ന് പറഞ്ഞ ചെന്നിത്തല വാക്ക് മാറ്റുകയായിരുന്നു. ഈ വാക്ക് മാറ്റിയത് എന്തിനെന്ന് ചെന്നിത്തല പറയണം. ഔചിത്യമില്ലാത്ത പ്രസ്താവനയാണ് ചെന്നിത്തല നടത്തിയത്. തനിക്കെതിരെ ചിലര്‍ പാര്‍ട്ടിക്കുള്ളില്‍ നീങ്ങുന്നു.
കേരളത്തിന്റെ ചുമതലയുള്ള ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വറിനെ ഇവര്‍ തെറ്റിദ്ധരിപ്പിക്കുന്നു. ഇത്തരം ആളുകളുടെ നീക്കത്തിന്റെ ഭാഗമായാണ് താരിഖ് അന്‍വറും തന്നെ വിമര്‍ശിച്ചതെന്നും സുധാകരന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
ഷാനിനിമോള്‍ ഉസ്മാന്റെ പ്രസ്താവനയില്‍ സംശയമുണ്ട്. ഇതിന് പിന്നില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഒരു ഗൂഢാലോചനയുണ്ട്. പാര്‍ട്ടിയിലെ തന്റെ എതിരാളികളെയാണ് പ്രസ്താവന വിവാദമാക്കിയത്. സി പി എം വിഷയം ഏറ്റെടുക്കുന്നതിന് മുമ്പ് ഷാനിമോള്‍ തന്നെ വിമര്‍ശിച്ചതിന് വലിയ മാനങ്ങളുണ്ട്. വിവാദത്തിന് പിന്നില്‍ സി പി എമ്മല്ല. മുഖ്യമന്ത്രിയെ താന്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചിട്ടില്ല. പ്രസ്താവനയില്‍ തെറ്റുണ്ടെന്ന് ഇപ്പോഴും തോന്നുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.
സുധാരന്‍ ഇപ്പോള്‍ ഉന്നയിച്ച ആരോപണത്തിന് ഇനി മറുപടി നല്‍കാതെ ചെന്നിത്തലക്ക് മുന്നോട്ടുപോകാനാകില്ലെന്നതാണ് വസ്തുത. മാത്രമല്ല വെറും ഒരു പ്രസ്താവന വിവാദമാക്കിയത് കൃത്യമായ ഗൂഢാലചോനയാണെന്ന് സുധാകരന്‍ പറഞ്ഞത് വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാകുമെന്ന കാര്യം ഉറപ്പാണ്.