രാഷ്ട്ര, രാഷ്ട്രീയ വരമ്പുകളില്ലാതെ പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചിരിക്കും; എന്നും കതിര് കാക്കുന്ന കര്‍ഷകര്‍ക്കൊപ്പമെന്നും നടന്‍ സലീം കുമാര്‍

Posted on: February 4, 2021 8:19 pm | Last updated: February 4, 2021 at 8:21 pm

പ്രതിഷേധത്തിന് രാഷ്ട്ര, രാഷ്ട്രീയ വരമ്പുകള്‍ ഇല്ലെന്നും പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചിരിക്കുമെന്ന് നടന്‍ സലീം കുമാര്‍. എന്നും കതിര് കാക്കുന്ന കര്‍ഷകര്‍ക്കൊപ്പമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കര്‍ഷക പ്രതിഷേധത്തെ അനുകൂലിച്ച അന്താരാഷ്ട്ര പ്രമുഖര്‍ക്കെതിരെ പല ഇന്ത്യന്‍ സിനിമാ, കായിക താരങ്ങളും രംഗത്തുവരുമ്പോഴാണ് സലീം കുമാറിന്റെ നിലപാട്. പോസ്റ്റിന്റെ പൂര്‍ണരൂപം:

അമേരിക്കയിൽ വർഗ്ഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോർജ് ഫ്ലോയിഡിന്റെ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്റെയും ഉള്ളു പിടയ്ക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വർഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. ആക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാൽ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല.
പകരം ലോകപ്രതിഷേധത്തെ അവർ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അത് കൂടാതെ, അമേരിക്കൻ പോലീസ് മേധാവി മുട്ടുകാലിൽ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മൾ കണ്ടു.
അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടത്.
പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകൾ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വർഗ്ഗ വരമ്പുകളില്ല, വർണ്ണ വരമ്പുകളില്ല.
എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം.

ALSO READ  ഹരിയാനയില്‍ കര്‍ഷകരെ തടഞ്ഞ് പോലീസ്; സംഘര്‍ഷാവസ്ഥ