Connect with us

Kerala

'മാപ്പല്ല ഒരു കോപ്പും പറയില്ല'; ഷാനിമോൾ ഉസ്മാനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക അധിക്ഷേപം

Published

|

Last Updated

കോഴിക്കോട് | മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്റെ മകൻ എന്ന് വിശേഷിപ്പിച്ചതിൽ കെ സുധാകരൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ഷാനിമോൾ ഉസ്മാനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. സാമൂഹിക മാധ്യമങ്ങളിൽ ഷാനിമോൾ ഉസ്മാനെ അവഹേളിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ പോസ്റ്റുകളും കമന്റുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അരൂർ എം എൽ എ കൂടിയായ ഷാനിമോൾ ഉസ്മാന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾക്ക് താഴെയും അധിക്ഷേപം തുടരുകയാണ് യൂത്ത് കോൺഗ്രസ് പ്രൊഫൈലുകൾ.

കഴിഞ്ഞ ദിവസം തലശേരിയിൽ നടന്നൊരു യോഗത്തിലായിരുന്നു സുധാകരന്റെ പിണറായിക്കെതിരെ ആ വിവാദ പരാമർശം നടത്തിയത്.

സുധാകരന്റെ ഈ പരാമർശം അങ്ങേയറ്റം തെറ്റാണെന്ന് ഷാനിമോൾ ഉസ്മാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. കൃത്യമായ തൊഴിലില്ലാതെ പല തരത്തിലും പണമുണ്ടാക്കുന്ന ആളുകളെ നമ്മുക്ക് വിമർശിക്കാം. എന്നാൽ ഒരു കുടുംബത്തിന്റെ പാരമ്പര്യ തൊഴിലിന്റെ പേരിൽ സുധാകരൻ നടത്തിയ പരാമർശം അങ്ങേയറ്റം തെറ്റായിപ്പോയി. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഷാനിമോൾ സുധാകരനെ ഓർമിപ്പിച്ചു.

സുധാകരന്റെ ചെത്തുകാരന്റെ മകൻ പരാമർശം ഒഴിവാക്കാമായിരുന്നതാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു.

എന്നാൽ ഈ വിഷയത്തിൽ സിപിഎമ്മുകാർക്ക് പോലുമില്ലാത്ത അസ്വസ്ഥത കോൺഗ്രസ്സ് നേതാക്കൾക്ക് എന്തിനാണെന്ന് സുധാകരൻ ചോദ്യമുയർത്തി. ഷാനിമോൾക്ക് എന്തിന്റെ അസ്വസ്ഥതയാണെന്ന് മനസിലാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ചെത്തുകാരൻ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നതായി ആവർത്തിച്ചു. ഈ ഘട്ടത്തിലും ഷാനിമോൾക്കെതിരായ സാമൂഹികമാധ്യങ്ങളിലൂടെയുള്ള അധിക്ഷേപം കോൺഗ്രസ്സ് പ്രവർത്തകർ തുടരുകയാണ്.

Latest