Kerala
'സിപിഎമ്മുകാര്‍ക്കില്ലാത്ത വിഷമം കോണ്‍ഗ്രസുകാര്‍ക്കെന്തിന്'; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തിലുറച്ച് കെ സുധാകരന്‍

കോഴിക്കോട് | മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാ പരാമര്‍ശത്തില്‍ പിന്നോട്ടടിക്കാതെ കെ സുധാകരന്‍ എംപി.
തൊഴിലാണ് നേതാവ് വളര്‍ച്ച സ്വന്തം കാര്യത്തിന് ഉപയോഗിക്കുന്നതിനെയാണ് വിമര്‍ശിച്ചത്.താന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്ന് നല്ല ബോധ്യമുണ്ടെന്നും തൊഴിലിനെപ്പറ്റി പറഞ്ഞാല്‍ അധിക്ഷേപമാകുമോയെന്നും സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
വിഷയത്തില്‍ വിമര്‍ശനം നടത്തിയ ഷാനിമോള്‍ ഉസ്മാനെതിരേയും സുധാകരന്‍ രംഗത്തെത്തി. സിപിഎമ്മുകാര്‍ക്കില്ലാത്ത വിഷമം സഹപ്രവര്‍ത്തകയായ ഷാനിമോള്‍ക്ക് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. ഏതെങ്കിലും സിപിഎം നേതാക്കള്‍ പോലും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച പരാമര്‍ശത്തില്‍ സുധാകരന്‍ മാപ്പ് പറയണമെന്ന് ഷാനിമോള്‍ ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കെ സുധാകരനെ തിരുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തേ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് ചെന്നിത്തല പറഞ്ഞത്.
ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി തലശേരിയില്‍ നടത്തിയ പൊതുയോഗത്തിലാണ് സുധാകരന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന മുഖ്യമന്ത്രി ഇപ്പോള്‍ സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ എടുത്തിരിക്കുന്നു എന്നായിരുന്നു പരാമര്‍ശം.