Connect with us

Gulf

'മാറുന്ന ഇന്ത്യ': ആശങ്കകൾ പങ്കുവെച്ച് ഐ സി എഫ് രാജ്യാന്തര സെമിനാർ 

Published

|

Last Updated

റിയാദ് | ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഐ സി എഫ് സഊദി നാഷണൽ കമ്മറ്റി നടത്തിയ രാജ്യാന്തര സെമിനാർ ശ്രദ്ധേയമായി. ‘മാറുന്ന ഇന്ത്യ” എന്ന ശീർഷകത്തിൽ നടന്ന സെമിനാർ എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു. രാജ്യം ഭരിക്കുന്നവർ ജനങ്ങളെ മതത്തിൻറെ പേരിൽ ഭിന്നിപ്പിക്കുകയും തെരഞ്ഞെടുത്ത സർക്കാറുകളെ അട്ടിമറിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ നിശ്ശബ്ദമാക്കുന്നു. പാർലമെൻറിനെ നോക്കു കുത്തിയാക്കുന്നു. ജുഡീഷ്യറിയെ വരുതിയിലാക്കുകയും കരിനിയമങ്ങൾ അടിച്ചേല്പിക്കുകയും ചെയ്യുന്ന രാജ്യത്ത് ജനാധിപത്യം എത്രകാലം നിലനിൽക്കുമെന്ന് കണ്ടറിയണമെന്ന് അദ്ദേഹം ആശങ്കപ്പെട്ടു.

ഇന്ത്യയെ പോലെ വൈവിധ്യങ്ങളുള്ള നാട് ലോകത്ത് വേറെ ഇല്ലെന്നും ആ വൈവിധ്യമാണ് ഇന്ത്യയുടെ സൗന്ദര്യമെന്നും മുഖ്യപ്രഭാഷണം നടത്തിയ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അഭിപ്രായപ്പെട്ടു. എല്ലാ ഇന്ത്യക്കാരുടേയും അവകാശങ്ങൾ സംരക്ഷിക്കുന്നതാണ് രാജ്യത്തിൻറെ ഭരണ ഘടന എന്നും അത് എക്കാലത്തും നിലനിൽക്കേണ്ടത് ആവശ്യമാണെന്നും കാന്തപുരം പറഞ്ഞു.

പരസ്പരം കൈകൾ കോർത്ത വൈവിധ്യങ്ങളുടെ ഉൽസവമാണ് ഇന്ത്യ എന്ന ആശയമെന്ന് നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഇന്ത്യയുടെ ശക്തിയും സൗന്ദര്യവും രാജ്യത്തിൻറെ വൈവിധ്യങ്ങളിലാണ്. അതിനു നേരെയാണ് ചിലർ ഭീഷണിയുമായി വന്നിരിക്കുന്നത്. അതിനെ ഒരുമയോടെ നേരിടുകയാണു വേണ്ടതെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.

നാട്ടിൽ സമാധാനം കൈവരാനും നല്ല ഭരണകർത്താക്കളെ ലഭിക്കുവാനും പ്രാർത്ഥന ആയുധമാക്കണമെന്ന് പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ഡോ. സിദ്ദീഖ് അഹമ്മദ് അഭിപ്രായപ്പെട്ടു. ഭരണഘടന മറികടന്നു കൊണ്ടുള്ള പ്രവർത്തനമാണ് ഇപ്പോൾ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നതെന്ന് വർക്കല എം എൽ എ അഡ്വ. വി ജോയി അഭിപ്രായപ്പെട്ടു.

കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി എൻ അലി അബ്ദുല്ല “ഇന്ത്യൻ ജനാധിപത്യം: വർത്തമാനം, ആശങ്ക, പ്രതീക്ഷ” എന്ന വിഷയമവതരിപ്പിച്ചു സംസാരിച്ചു. ഇന്ത്യയുടെ ബഹുസ്വരത നഷ്ടപ്പെടുത്താനും ഏകശിലാത്മകതക്ക് ശക്തി കൂട്ടാനും ചിലർ കോപ്പുകൂട്ടുന്നതായി അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അന്ധവിശ്വാസങ്ങളെ ഭരണകൂടം തന്നെ പ്രൊമോട്ടു ചെയ്യുന്ന അവസ്ഥയാണുള്ളത്. ഇന്ത്യൻ ഭരണഘടന സംരക്ഷിക്കേണ്ടതുണ്ട്. അതിന് ജനതക്ക് രാഷ്ട്രീയ സാക്ഷരത നൽകണം. അതായിരിക്കണം വെല്ലുവിളിയായി നാമേറ്റെടുക്കേണ്ടത്. രാജ്യത്തെ ജനാധിപത്യ മതേതര ചേരികൾ ഐക്യപ്പെടേണ്ടതിൻറെ പ്രാധാന്യമാണ് വർത്തമാനകാല ഇന്ത്യ നമ്മെ പഠിപ്പിക്കുന്നത്- അലി അബ്ദുല്ല പറഞ്ഞു.

ഗോദ്സെ പൂജിക്കപ്പെടുന്ന പുതിയ ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും ചുമരിൽ തൂങ്ങുകയാണെന്ന് സൗദി ഗസറ്റ് സബ് എഡിറ്റർ ഹസൻ ചെറൂപ്പ അഭിപ്രായപ്പെട്ടു. ഭയപ്പെടുത്തുന്നവർക്കു നേരെ എഴുന്നേറ്റു നിന്ന് ഇന്ത്യക്കു വേണ്ടി സംസാരിക്കാൻ നാം ശീലിക്കണം. അമേരിക്കയിൽ അഹങ്കാരിയായ ഭരണാധികാരിയെ താഴെയിറക്കാൻ മീഡിയകൾ വഹിച്ച പങ്ക് നിർണായകമാണ്. അതിനാൽ പുതിയ ഇന്ത്യൻ സാഹചര്യത്തോടു പൊരുതാൻ എല്ലാ തരം മീഡിയകളേയും സമർത്ഥമായി ഉപയോഗിക്കാൻ ശീലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ ലോകത്തിൻ്റെ നെറുകയിലേക്കുയർത്തിയത് രാജ്യത്തെ ജനതയാണ്. ആ ജനതയുടെ ഐക്യത്തിന് ഈ വർത്തമാനകാല ആകുലതകളെ മറികടക്കാനാകുമെന്ന് മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ പ്രതീക്ഷ പ്രകടിപ്പിച്ചു.