International
വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ ഇറാന്‍ ആണവ പരിപാടിയോട് സഹകരിക്കാം: യു എസ്

വാഷിങ്ടണ്‍ | തങ്ങള്‍ മുന്നോട്ടു വെക്കുന്ന വ്യവസ്ഥകള്‍ അംഗീകരിക്കുകയാണെങ്കില്‍ ഇറാന്റെ ആണവ പരിപാടിയോട് വീണ്ടും സഹകരിക്കാനും ചര്‍ച്ചകള്‍ നടത്താനും തയാറെന്ന് അമേരിക്ക. യു എസ് സ്റ്റേറ്റ് സെക്രട്ടറി ടോണി ബ്ലിങ്കന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സമഗ്രമായ സംയുക്ത ആക്ഷന്‍ പദ്ധതി (ജെ സി പി ഒ എ) പ്രകാരമുള്ള വ്യവസ്ഥകളോട് പൂര്‍ണമായി വഴങ്ങാന്‍ തയാറായാല്‍ യു എസ് സമാന രീതിയില്‍ പ്രതികരിക്കുമെന്ന് പ്രസിഡന്റ് ബൈഡന്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഈ രീതിയില്‍ കാര്യങ്ങള്‍ നീങ്ങിയാല്‍ സഖ്യ കക്ഷികളുമായി ചേര്‍ന്ന് പൊതു പ്ലാറ്റ്‌ഫോം രൂപവത്കരിക്കാന്‍ സാധിക്കും. ഇറാനുമായി ദീര്‍ഘകാലമായി നിലനില്‍ക്കുന്ന മറ്റ് നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ശക്തവും നീണ്ടുനില്‍ക്കുന്നതുമായ ധാരണകളുണ്ടാക്കാനും ഇതിലൂടെ കഴിയും. എന്നാല്‍ ഈ ലക്ഷ്യത്തിലേക്കെത്താന്‍ ഒരുപാടു ദൂരം മുന്നോട്ട് പോകേണ്ടതുണ്ടെന്നും പല മേഖലകളിലും വ്യവസ്ഥകള്‍ക്ക് വഴങ്ങാന്‍ ഇറാന്‍ തയാറാകുന്നില്ലെന്നും ബ്ലിങ്കന്‍ പറഞ്ഞു. ഇറാന്‍ സഹകരിക്കാന്‍ തയാറായാല്‍ വിഷയത്തിന്റെ വിവിധ വശങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വിദഗ്ധ സംഘത്തെ നിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.
വിദേശ നയത്തില്‍ ഒബാമ ഭരണകൂടത്തിന്റെ നേട്ടങ്ങളിലൊന്നായാണ് സമഗ്രമായ സംയുക്ത ആക്ഷന്‍ പദ്ധതി (ജെ സി പി ഒ എ) വിലയിരുത്തപ്പെടുന്നത്. ഇത് ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് ബൈഡനും തീരുമാനിച്ചിട്ടുള്ളത്.