Connect with us

Travelogue

നാഗരിക പൈതൃകങ്ങളുടെ വിസ്മയക്കാഴ്ചകൾ

Published

|

Last Updated

തരീം നഗരം

സമ്പൽ മഖ്ബറയിൽ നിന്നും തരീം സൂഖിലേക്ക് നടക്കാനുള്ള ദൂരം മാത്രമാണുള്ളത്. അൽപ്പം മുന്നോട്ട് നീങ്ങിയാൽ റോഡ് രണ്ടായി ഇഴപിരിയും. അവിടെ നിന്നും ഇടത് വശത്തേക്കാണ് സൂഖിലേക്കുള്ള വഴി. പൗരാണിക അറബ് സംസ്കാരത്തിന്റെ നിധികുംഭങ്ങൾ നെഞ്ചോട് ചേർത്ത് അഭിമാനം കൊള്ളുന്ന തരീമിന്റെ മണ്ണിലൂടെ നടക്കുമ്പോൾ, മനസ്സിൽ കുളിർമഴ പെയ്യുന്നുണ്ടായിരുന്നു. ചരിത്രവും വർത്തമാനവും അന്യോന്യം പുണർന്ന് കിടക്കുന്ന മനോഹരമായ കാഴ്ചകളാണ് തരീം നഗരത്തിലുള്ളത്. നൂറ്റാണ്ടുകൾക്കപ്പുറത്തെ ഒരു പുരാതന അറേബ്യയിലേക്കുള്ള തിരിഞ്ഞുനടത്തമായി ഇത് അനുഭവപ്പെടുന്നു. നാഗരിക പൈതൃകങ്ങളുടെ അടയാളക്കുറികൾ, ചരിത്ര ശേഷിപ്പുകളോടുള്ള തരീമുകാരുടെ അനിതരസാധാരണമായ അഭിനിവേശം, അത് തലമുറകളിലേക്ക് പകർന്ന് നൽകാനുള്ള അവരുടെ ആവേശം, ആത്മീയ സ്പന്ദനങ്ങളോട് ഇഴകിച്ചേർന്ന് പൊതുജീവിതം, എല്ലാം ഹൃദ്യമായ അനുഭവങ്ങളാണ്. നഗരവീഥികളിൽ കളിമൺ വാസ്തുവിദ്യയിൽ പണിതുയർത്തിയ പള്ളികൾ, കോട്ടകൾ, കൊട്ടാരങ്ങൾ, ചരിത്ര സ്മാരകങ്ങൾ തുടങ്ങിയവ ആരെയും വിസ്മയിപ്പിക്കുന്നതാണ്. ഗതകാല നാഗരികതകൾ പിൽക്കാലത്തോട് സംസാരിക്കുന്നത് പ്രധാനമായും ചരിത്ര സ്മാരകങ്ങളിലൂടെയാണല്ലോ. തരീമുകാരുടെ അസ്തിത്വത്തിന്റെ ബഹുമുഖ തലങ്ങൾ അടയാളപ്പെടുത്തുന്ന ഈ ചരിത്ര സ്മാരകങ്ങൾ വർത്തമാനകാലത്തോട് ധാരാളം കഥകൾ പറഞ്ഞു തരുന്നുണ്ട്.

ജാമിഉ തരീം, രിബാത്വു തരീം

സൂഖിലെ കാഴ്ചകൾ

നഗരവീഥികളുടെ ഇരു വശങ്ങളിലും നിരന്നുനിൽക്കുന്ന കളിമൺ മാളികകൾ, അവകൾക്കിടയിലൂടെയുള്ള ഇടുങ്ങിയ റോഡുകൾ ഉത്തരേന്ത്യൻ ഗല്ലികളെ ഓർമിപ്പിക്കും. ആളുകൾ വാഹനങ്ങളിലും നടന്നും സൂഖിലേക്ക് നീങ്ങുന്ന വഴിയായതുകൊണ്ട് നല്ല തിരക്കനുഭവപ്പെടുന്നുണ്ട്. കൂടാതെ നിരത്തുകളിൽ തെരുവ് കച്ചവടക്കാരും സജീവമാണ്. റോഡുകളിൽ വിലസുന്ന മിക്കതും കാലപ്പഴക്കമുള്ള വാഹനങ്ങളാണ്. നമ്മുടെ നാട്ടിൽ സൈക്കിൾ ഉപയോഗിക്കുന്നത് പോലെ വില കുറഞ്ഞ ചൈനീസ് ബൈക്കുകളാണ് അധികപേരുടെയും വാഹനം. പൗരാണികത മുറ്റി നിൽക്കുന്ന ഗല്ലിയിലൂടെ അൽപ്പം മുന്നോട്ട് നടന്നു. ഇടത് വശത്ത് ചുറ്റുമതിൽ കൊണ്ട് വലയം ചെയ്ത കോട്ടയുടെ മാതൃകയിലുള്ള മന്ദിരം കാണാം. കളിമൺ വാസ്തുവിദ്യ ഉപയോഗിച്ച് നിർമിച്ച ഈ സൗധം കൊത്തുപണികൾ തീർത്ത് കുമ്മായം പൂശി മോടി പിടിപ്പിച്ചിരിക്കുന്നു. തരീമിന്റെ ഭൂതകാല ചരിത്രങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ‘ഖസ്റുറനാദ്’ (അൽ റനാദ് കൊട്ടാരം) ആണത്.

ഹളർമൗത്തിലേക്ക് ഇസ്്ലാമിന്റെ വെളിച്ചമെത്തുന്നതിന്റെയും നൂറ്റാണ്ടുകൾ മുമ്പുള്ള ചരിത്രശേഷിപ്പാണ് അൽറനാദ് കൊട്ടാരം. ഹളർമൗത്തിൽ തുടർച്ചയായി വന്ന രാജഭരണങ്ങളുടെ സിരാകേന്ദ്രമായിരുന്ന ഇത്, പിന്നീട് ഇസ്്ലാമിന്റെ ആഗമനത്തോടെ തരീമിലെ പ്രബോധകനായിരുന്ന സിയാദ് ബിൻ ലബീദിൽ അൻസ്വാരി (റ) ന്റെ ആസ്ഥാനമായി. കാലങ്ങൾക്ക് ശേഷം ശിയാക്കളിലെ സൈദി വിഭാഗം ഹളർമൗത്തിനെ അധീനപ്പെടുത്തുകയും ഭരണത്തലവനായിരുന്ന ഹുസൈൻ ബിൻ സലാമ ഇത് അവരുടെ കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. അദ്ദേഹത്തിന് ശേഷം എ ഡി 1203 ൽ സുൽത്താൻ അബ്ദുല്ല റാഷിദ് അൽ ഖഹ്താനിയാണ് കാലപ്പഴക്കം മൂലം ദ്രവിച്ച് തുടങ്ങിയ കൊട്ടാരം ആദ്യമായി പുതുക്കിപ്പണിതത്.
ശേഷം 1938 ൽ തരീമിലെ ന്യായാധിപനായിരുന്ന മുഹമ്മദ് ബിൻ മുഹ്സിൻ അൽ കസീറിന്റെ നേതൃത്വത്തിൽ വീണ്ടും നവീകരിച്ചു. 2010 ൽ തരീമിനെ ഇസ്്ലാമിക സംസ്കാരത്തിന്റെ തലസ്ഥാന നഗരിയായി പ്രഖ്യാപിച്ചതോടെ ഈ കൊട്ടാരത്തിന്റെ അറ്റകുറ്റപ്പണികൾക്കായി യമൻ സാംസ്കാരിക മന്ത്രാലയം ലക്ഷക്കണക്കിന് രൂപയാണ് മാറ്റി വെച്ചത്. ഇപ്പോൾ ‘ഖസ്റുറനാദ് ” അമൂല്യമായ പുരാതന വസ്തുക്കൾ സൂക്ഷിക്കുന്ന ഒരു സമഗ്ര മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്.

‘ഖസ്റുറനാദി’ന് സമീപമാണ് തരീമിലെ ടാക്സി സ്റ്റാന്റ്. അതിന് സമാന്തരമായി ‘ജാമിഉ തരീം’ (തരീമിലെ ജുമുആ മസ്ജിദ്) കാണാം. തരീം നഗരത്തിലും പരിസരത്തുമായി മുന്നൂറ്റി അറുപത് പള്ളികളുണ്ടെന്നാണ് കണക്ക്. അതിൽ ആയിരത്തിലധികം വർഷം പഴക്കം ചെന്ന പള്ളിയാണിത്. ഹിജ്റ 375ൽ ഹുസൈൻ ബിൻ സലാമയുടെ ഭരണകാലത്താണ് ‘ജാമിഉ തരീം’ നിർമിച്ചത്. ദാറുൽ മുസ്ഥഫയിലെ പ്രധാന മുദരിസ്, ശൈഖ് ഉമർ ബിൻ അബീബക്കർ അൽ ഖത്വീബാണ് ഇവിടെ ഖുത്വുബ നിർവഹിക്കുന്നത്. ഹളർമൗത്തിലെ പ്രശസ്ത ശൈഖ് കുടുംബമായ അൽ ഖത്വീബ് ഖബീലയിലെ പണ്ഡിതരാണ് പാരമ്പര്യമായി ഈ പള്ളിയിൽ ഖുത്വുബ നിർവഹിച്ചു പോരുന്നത്. പള്ളിയോട് ചേർന്ന് ‘മക്തബതുൽ അഹ്ഖാഫ്’ എന്ന പേരിൽ വിശാലമായ ലൈബ്രറിയുണ്ട്. 1972ൽ സ്ഥാപിച്ച ഈ ലൈബ്രറിയിൽ അമൂല്യമായ അനേകം ഗ്രന്ഥങ്ങളും 6200 കൈയെഴുത്ത് പ്രതികളുമുണ്ട്.
മസ്ജിദിന്റെ മുന്നിലൂടെയുള്ള റോഡ് തരീമിലെ അതിപുരാതനമായ സൂഖിലേക്കാണ് ചെന്നെത്തുന്നത്.

 

സൂഖിലെ കാഴ്ചകൾ

സൂഖിലെ ആരവങ്ങളിലേക്ക് കടന്നപ്പോൾ അറബിക്കഥകളിൽ വായിച്ചറിഞ്ഞ പൗരാണിക ഗോത്ര കാലത്തേക്ക് മടങ്ങിപ്പോയ പ്രതീതി. വിവിധ സംസ്കാരങ്ങളുടെയും മനുഷ്യരുടെയും സംഗമ ഭൂമിയും കൈമാറ്റ കേന്ദ്രവുമായിരുന്നല്ലോ ചരിത്രത്തിലെ അറേബ്യൻ സൂഖുകൾ. കച്ചേരികൾ കൊണ്ടും സാഹിത്യ സംഗമങ്ങൾ കൊണ്ടും അറബ് നാഗരിക ജീവിതത്തിന് ഊർജം പകർന്നിരുന്ന സഊദിയിലെ ലോകപ്രശസ്ത ‘സൂഖ് ഉക്കാള്’ (ഉക്കാള് ചന്ത) ഇന്നും സാംസ്കാരികമായ ഓർമയും അലങ്കാരവുമാണ്. പഴയ കാലത്ത്, തരീം സൂഖ് ‘ഖസ്റുറനാദി” നോട് ചേർന്ന് നിന്നിരുന്ന അൽ ഖലീഫ്, അൽ അസ്റ എന്നീ രണ്ട് ഇടനാഴികകൾ സംഗമിക്കുന്ന ഭാഗത്തായിരുന്നു. അതിനെ വലയം ചെയ്യുന്ന വലിയൊരു മതിലും ഉള്ളിലേക്ക് പ്രവേശിക്കാനായി മൂന്ന് കവാടങ്ങളുമുണ്ടായിരുന്നു. പിൽക്കാലത്ത് നഗരം ജനനിബിഢമായപ്പോഴാണ് സൂഖ് നഗരത്തിന്റെ മധ്യത്തിലായത്.

വഴിയോരങ്ങളിൽ നിരനിരയായി സംവിധാനിച്ചിരിക്കുന്ന കച്ചവട കേന്ദ്രങ്ങളാണ് സൂഖിലെ ഏറ്റവും മനോഹരമായ കാഴ്ച. ധാരാളം കരകൗശല വസ്തുക്കളുടെ കേന്ദ്രം കൂടിയാണിത്. ഒട്ടകങ്ങൾക്ക് വെള്ളം നൽകാനും കൃഷിയിടങ്ങളിൽ ശുദ്ധജല സംഭരണിയായും ഉപയോഗിക്കുന്ന തോൽപാത്രങ്ങൾ, ആട്ടിടയന്മാർ തലയിൽ അണിയുന്ന ഈത്തപ്പനയോലയിൽ നിർമിച്ച തൊപ്പികൾ, വിവിധയിനം ഈത്തപ്പഴങ്ങൾക്കും വിവിധ ദേശങ്ങളിൽ നിന്നെത്തിയ തേനുകൾക്കും സുഗന്ധദ്രവ്യങ്ങൾക്കും പ്രത്യേക ഇടങ്ങളുണ്ട്. കുട്ടികൾക്ക് മാത്രമുള്ള കളിക്കോപ്പുകളും മറ്റു അലങ്കാര വസ്തുക്കളും വിൽപ്പനക്കുണ്ട്. അറബികളുടെ ഇഷ്ടവിഭവമായ ‘ഖഹ്വ”യുടെ കൂട്ടുകൾ, അത് പാകം ചെയ്യാനും വിളമ്പാനുമുള്ള പാത്രങ്ങൾ, ഊദ് അടക്കമുള്ള സുഗന്ധ ദ്രവ്യങ്ങൾ പുകയ്ക്കാനുള്ള പാത്രങ്ങൾ, ആഘോഷ സദസ്സുകളിൽ അവർ കൊറിക്കാറുള്ള വറുത്തെടുത്ത വിത്തുകളുടെ ശേഖരങ്ങൾ തുടങ്ങി ഒട്ടേറെ സമൃദ്ധമായ കാഴ്ചകൾക്കൊണ്ട് സമ്പന്നമാണ് തരീമിലെ സൂഖ്.

സൂഖിൽ നിന്നും നൂറ് മീറ്റർ മാത്രം അകലെയാണ് നൂറ്റിനാൽപ്പത് വർഷം പഴക്കമുള്ള ഇസ്്ലാമിക വൈജ്ഞാനിക കലാലയമായ ‘രിബാത്വു തരീം‘ സ്ഥിതി ചെയ്യുന്നത്. ഹിജ്റ 1304ൽ, തരീമിലെ സയ്യിദ് കുടുംബങ്ങളായ ബാ അലവി, അൽ ഹദ്ദാദ്, ആലു ശാത്വിരി, ആലു ഇർഫാൻ തുടങ്ങിയ ഖബീലകളിലെ പണ്ഡിതരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് രിബാത്വു തരീം. നഗരത്തിന്റെ കണ്ണായ ഇടം തന്നെ ഒരു വൈജ്ഞാനിക സമുച്ചയത്തിന് ആവശ്യമാണെന്ന അവരുടെ സ്വപ്നം ഹിജ്റ 1305 മുഹർറം 14ന് സാക്ഷാത്കരിക്കാൻ സാധിച്ചു. ഹളർമൗത്തിലെ അന്നത്തെ ഗ്രാന്റ് മുഫ്തിയും ലോക പ്രശസ്ത കർമശാസ്ത്ര ഗ്രന്ഥമായ ‘ബുഗ്യത്തുൽ മുസ്തർശിദീൻ ” എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ ഇമാം അബ്ദു ർറഹ്മാൻ ബിൻ ഹുസൈൻ അൽ മശ്ഹൂർ എന്നവരായിരുന്നു സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്നുള്ള ഒമ്പത് വർഷങ്ങൾ അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് രിബാത്വു തരീം മുന്നോട്ട് പോയത്. പിന്നീട്, മക്കയിൽ ഉന്നത പഠനത്തിന് പോയിരുന്ന ഇമാം അബ്ദുല്ലാഹ് അശ്ശാത്വിരി തരീമിൽ തിരിച്ചെത്തുകയും സ്ഥാപനത്തിന്റെ ഉത്തരവാദിത്വമേറ്റെടുക്കുകയും ചെയ്തു. നീണ്ട അമ്പത് വർഷം വേതന രഹിതമായി അദ്ദേഹം രിബാത്വിൽ സേവനം ചെയ്തു. ഹിജ്റ 1361 ൽ അദ്ദേഹം വഫാത്താവുകയും ശേഷം മക്കളായ ഹബീബ് മഹ്ദി, ഹബീബ് അബൂബക്കർ, സുൽത്വാനുൽ ഉലമാ എന്ന് ഹള്റമികൾ ആദരവോടെ വിളിച്ചിരുന്ന ഹബീബ് സാലിം ശാത്വിരി എന്നീ പണ്ഡിതർ പിതാവിന്റെ വഴിയിൽ സ്ഥാപനത്തെ മുന്നോട്ട് കൊണ്ടുപോയി.

സൂഖിലെ കാഴ്ചകൾ

യമനിലെ വിവിധ ദേശങ്ങളിലുള്ള വിദ്യാർഥിക്ക് പുറമെ സഊദി അറേബ്യ, മലേഷ്യ, ഇന്തോനേഷ്യ, ആഫ്രിക്ക തുടങ്ങിയ രാഷ്ട്രങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് വിദ്യാർഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. ഇതിനോടകം പതിനായിരങ്ങൾ അറിവു നേടി സ്ഥാപനത്തിൽ നിന്നും പുറത്തിറങ്ങിയിട്ടുണ്ട്. മദീനയിലെ വിശ്രുത പണ്ഡിതനും ‘രിബാത്വുൽ ജിഫിരി’ എന്ന സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മേധാവിയും അനേകം ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഹബീബ് സൈൻ ബിൻ ഇബ്റാഹീം ബിൻ സുമൈത്വ് അടക്കം അനേകം പണ്ഡിതപ്രതിഭകൾ രിബാത്വു തരീമിന്റെ സന്തതികളാണ്.

Latest