Connect with us

Articles

ഭരണഘടന ജനങ്ങളിലൂടെ

Published

|

Last Updated

ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും പ്രധാനമായ ഒരു ദിനം സംഭവിച്ചത് ഇന്നാണ്. 1950 ജനുവരി 26ന് നമ്മുടെ ഭരണഘടന നിലവില്‍ വന്നു. ലോകത്തെ ഇരുനൂറോളം രാഷ്ട്രങ്ങളില്‍ നിന്ന് ഭിന്നമായ; സ്വാതന്ത്ര്യവും സമത്വവും മനുഷ്യാവകാശ സംരക്ഷണവുമെല്ലാം ഉള്‍ക്കൊണ്ടതായിരുന്നു ഇന്ത്യന്‍ ഭരണഘടന. ഡോ. ബി ആര്‍ അംബേദ്കര്‍ എന്ന പ്രതിഭാശാലിയായ പണ്ഡിതന്റെ നേതൃത്വത്തില്‍, മൂന്ന് വര്‍ഷത്തോളം നീണ്ട പരിശ്രമ ഫലമായാണ് ഭരണഘടന രൂപപ്പെടുന്നത്. ലോകത്ത് അന്ന് നിലവിലുണ്ടായിരുന്ന പ്രധാനപ്പെട്ട ഭരണഘടനകള്‍ എല്ലാം വിശദമായി പരിശോധിച്ചും, ഇന്ത്യയുടെ വൈവിധ്യത്തെ പൂര്‍ണമായി ഉള്‍ക്കൊണ്ടുമാണ് നമ്മുടെ ഭരണഘടന നിലവില്‍ വന്നത്. അദ്വിദീയമായി പതിറ്റാണ്ടുകള്‍ അത് നിലനില്‍ക്കുകയും ചെയ്തു.

ഭരണഘടനയെ ഓര്‍ക്കുന്ന ഓരോ ദിനവും നമ്മുടെ ശപഥം, ഒരിഞ്ചു പോലും ഭരണഘടനാ മൂല്യങ്ങളെ പൊളിച്ചെഴുതാന്‍ സമ്മതിക്കരുത് എന്നതാകണം. കാരണം, ഇന്ത്യയെ ഇന്ത്യയാക്കി നിര്‍ത്തുന്നത്, വൈവിധ്യമാര്‍ന്ന മത ജാതി ഭാഷാ സമൂഹങ്ങളുടെ സങ്കലനമാകുമ്പോഴും ഭാരതീയ ഒരുമ നമ്മില്‍ നിറക്കുന്നത് ഈ ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങളാണ്. 1949 നവംബര്‍ 25ന് ഡോ. ബി ആര്‍ അംബേദ്കര്‍ നടത്തിയ പ്രഭാഷണം എന്താണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത് എന്ന് ഊന്നിപ്പറയുന്നതാണ്. “ജനാധിപത്യം പേരില്‍ മാത്രമല്ല രൂപത്തിലും അര്‍ഥത്തിലും ശരിയായി നിലനില്‍ക്കണമെങ്കില്‍ ഈ ഭരണഘടനയുടെ ആശയങ്ങള്‍ മുറുകെപ്പിടിക്കണം. ഇതൊരിക്കലും, ഈ ഭരണഘടനാ രൂപവത്കരണത്തിനായി നിയോഗിക്കപ്പെട്ട വ്യക്തികളുടെ താത്പര്യങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടി രൂപപ്പെടുത്തിയതല്ല. മറിച്ച്, ഇന്ത്യക്ക് ശരിയായ ജനാധിപത്യ- മതേതര വഴികള്‍ നിര്‍ണയിച്ചു നല്‍കുന്നതിന് വേണ്ടിയാണ്. രാഷ്ട്രീയമായി ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ സാമൂഹികമായി ജനാധിപത്യം നിലനില്‍ക്കണം. എല്ലാവര്‍ക്കും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഉറപ്പുവരുത്തുമ്പോഴാണ് സാമൂഹിക ജനാധിപത്യം ശക്തിപ്പെടുന്നത്.”

അംബേദ്കര്‍ ഊന്നിപ്പറഞ്ഞ ആശയങ്ങളില്‍, ഇന്ത്യ കടന്നുപോയ എഴ് പതിറ്റാണ്ടുകള്‍ക്കിടെ ചെറിയ വിള്ളലുകള്‍ രൂപപ്പെട്ടപ്പോഴാണ് നമ്മുടെ ഭരണഘടനയുടെ അന്തസ്സത്തയെ പറ്റി ആശങ്കകള്‍ ഉയര്‍ന്നത്. വാസ്തവത്തില്‍, ഭരണഘടനയില്‍ പരാമര്‍ശിക്കപ്പെട്ട വിവിധ വകുപ്പുകളുടെ പരിമിതിയായിരുന്നില്ല അത്. ഓരോ കാലത്തും കടന്നുവന്ന ഭരണാധികാരികളില്‍ ചിലര്‍, ഭരണഘടനക്ക് അനുസൃതമായി സമൂഹത്തില്‍ ജനാധിപത്യ മൂല്യങ്ങള്‍ ഉറപ്പിക്കുകയായിരുന്നു വേണ്ടത്. എന്നാല്‍, അതില്‍ ജാഗ്രതക്കുറവ് വന്നപ്പോഴാണ് ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഒരുമ നഷ്ടപ്പെട്ടത്. ചിലര്‍ക്ക് മറ്റുള്ളവരോട് പക തോന്നിത്തുടങ്ങിയത്. ഇന്ത്യയെ തന്നെ ദുര്‍ബലപ്പെടുത്തുന്നതാണ് പൗരന്മാര്‍ക്കിടയില്‍ ശത്രുതകള്‍ രൂപപ്പെടുത്തല്‍.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇന്ത്യയെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ പലതും നമ്മുടെ വൈവിധ്യങ്ങളുടെ സ്തുതികള്‍ പറയുന്നവയല്ല. മറിച്ച്, രാജ്യത്ത് ശക്തിപ്പെട്ടുവരുന്ന വര്‍ഗീയമായ വേര്‍തിരിവുകളെ കുറിച്ചും അങ്ങനെ ദുര്‍ബലര്‍ക്ക് നേരേ നടക്കുന്ന ഭീഭത്സകമായ കൈയേറ്റങ്ങളെ കുറിച്ചുമാണ്. ഡല്‍ഹിയില്‍ കലാപം നടന്നിട്ട് ഒരു വര്‍ഷം ആയിട്ടില്ല. വളരെ പ്രയാസകരമായ അന്തരീക്ഷത്തില്‍ കഴിഞ്ഞുകൂടിയിരുന്ന ആയിരങ്ങളാണ് അബലരായത്. നിരവധി ആളുകളുടെ പ്രിയപ്പെട്ടവരാണ് കൊല്ലപ്പെട്ടത്. പരസ്പരം വൈരം പടര്‍ത്തിയിട്ട് മനുഷ്യര്‍ എന്ത് നേടാനാണ്? ഓരോ ദേശത്തിന്റെ സ്വാസ്ഥ്യം ഇല്ലാതാക്കിയിട്ട്, അവിടെ പൂമൊട്ടുകള്‍ വിരിയിക്കാം എന്നത് മനസ്സ് മരവിച്ചവര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന സ്വപ്‌നങ്ങളാണ്.
ലോകത്തിലെ പല രാഷ്ട്രങ്ങളില്‍ സമ്മേളനങ്ങള്‍ക്കും മറ്റും പോയിട്ടുള്ള ഒരാളെന്ന നിലയില്‍, ഇന്ത്യക്കാരനെന്ന നിലയില്‍ നമുക്ക് ലഭിക്കാറുള്ള പരിഗണന ജനാധിപത്യ മതേതര ഇന്ത്യയില്‍ നിന്ന് വരുന്നവരെന്ന നിലക്കാണ്. നമ്മുടെ രാജ്യത്തിന്റെ മഹാ സൗന്ദര്യമാണ് വിശ്വാസപരമായി വിവിധ പ്രത്യയശാസ്ത്രങ്ങളെ പുല്‍കുമ്പോഴും, എല്ലാവര്‍ക്കും ഒരേ പ്രകാരം ജീവിക്കാനും കര്‍മങ്ങള്‍ ചെയ്യാനുമുള്ള സ്വാതന്ത്ര്യം. ആ മനോഹരമായ ഭരണഘടനാ സങ്കല്‍പ്പം അല്‍പ്പാല്‍പ്പമായി ദുര്‍ബലപ്പെടുത്താന്‍ ശ്രമം നടക്കുന്നത് നമ്മുടെ രാജ്യത്തിന്റെ ഹൃദയത്തെ ദുര്‍ബലപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ സി എ എ അത്തരത്തില്‍ ഉള്ളതാണ്. ഒരു പ്രത്യേക വിഭാഗത്തിലെ കുടിയേറ്റക്കാരെ മാത്രം ലക്ഷ്യം വെക്കുന്ന ആ നിയമം കൃത്യമായും അംബേദ്കര്‍ മുന്നോട്ടുവെച്ച പൗര സമത്വത്തിനു വിരുദ്ധമാണ്.

ഇന്ത്യയില്‍ വരുന്ന അരുതായ്മകള്‍ക്ക് ഭരണഘടനയെ കുറ്റം പറഞ്ഞത് കൊണ്ട് ഫലമുണ്ടാകില്ല എന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. മനുഷ്യര്‍ രൂപപ്പെടുത്തുന്ന പ്രശ്‌നങ്ങളാണ് അത്തരം വിഭാഗീയതകള്‍. പരസ്പര വിശ്വാസങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നിയമങ്ങളാണ് ഭരണഘടന മുന്നോട്ടുവെക്കുന്നത്. മനുഷ്യന്‍ അവന്റെ സ്വാര്‍ഥതക്കും ഇച്ഛക്കും വേണ്ടി അവയെ ദുര്‍വ്യാഖ്യാനം ചെയ്യരുത്. അങ്ങനെ ചെയ്യുന്നവര്‍ നമ്മുടെ രാജ്യത്ത് കുഴപ്പങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

നമ്മുടെ ഇന്ത്യയുടെ പൈതൃകം തന്നെ മതേതരത്വമാണ്. എല്ലാ ഭാഷാ- മത വിഭാഗങ്ങള്‍ക്കും തോളോട് തോള്‍ ചേര്‍ന്ന് ജീവിക്കാന്‍ കഴിയുമായിരുന്നു ഇവിടെ. നാം ബ്രിട്ടീഷുകാരോട് പൊരുതി സ്വാതന്ത്ര്യം നേടിയത് അത്തരം അര്‍ഥവത്തായ, കൂട്ടുചേര്‍ന്നുള്ള, ഊഷ്മളമായ ഹൃദയ ബന്ധങ്ങളുടെ പാരസ്പര്യങ്ങളിലൂടെയായിരുന്നു. സ്വാതന്ത്ര്യാനന്തരം പലതരത്തില്‍ ദൈന്യതകള്‍ നേരിട്ടപ്പോഴും ഇന്ത്യയുടെ ആത്മാവ് മികച്ചു തന്നെ നിന്നു. ഒരാള്‍ക്ക് ഭക്ഷണം കിട്ടാതായപ്പോള്‍ അപ്പുറത്തുള്ളവന്‍ നല്‍കി. അവിടെ നിറമോ മതമോ പരിഗണനയായിരുന്നില്ല. മറിച്ച്, മനുഷ്യനെന്ന പരിഗണനയായിരുന്നു. അതാണ് ഇന്ത്യ വിഭാവനം ചെയ്യുന്ന സ്‌നേഹ സങ്കല്‍പ്പം. പക്ഷേ, ഇവിടെ ചില വിഭാഗങ്ങള്‍ അന്യരാക്കപ്പെടുമ്പോള്‍, അത്തരം ശ്രമങ്ങള്‍ ദൃശ്യമായി തന്നെ നടക്കുമ്പോള്‍, മനുഷ്യര്‍ക്കിടയില്‍ അകലങ്ങള്‍ വണ്ണം വെക്കുന്നു. ശത്രുത ഉണ്ടാകുന്നു. മറ്റുള്ളവരുടെ പതനം ആഗ്രഹിക്കുന്നവര്‍ വര്‍ധിക്കുന്നു. ഇന്ത്യക്കാരെന്ന ഒരുമാ സങ്കല്‍പ്പം ദുര്‍ബലമാകുന്നു.
ഇപ്പോഴും ലക്ഷക്കണക്കിന് മനുഷ്യര്‍ പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം വിദ്യ നേടാത്തവരാണ്. കൂടുതല്‍ വിജ്ഞാനം നേടാത്തവര്‍ സാമൂഹികമായ വിഭിന്ന ഘടകങ്ങളെ കുറിച്ച് അജ്ഞരായിരിക്കും. അത്തരക്കാരില്‍ വളരെ വേഗം തെറ്റായ സങ്കല്‍പ്പം പ്രചരിപ്പിക്കാന്‍ കഴിയും. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളുടെ കാലമാണല്ലോ. ഏതൊരാള്‍ക്കും എന്ത് വിവരവും മറ്റുള്ളവര്‍ക്ക് കൈമാറാന്‍ കഴിയും. അങ്ങനെ, തെറ്റായ വിവരങ്ങളുടെ പ്രചാരണങ്ങള്‍ക്ക് വേണ്ടി, വ്യാജ വാര്‍ത്തകള്‍ പരത്താന്‍ വേണ്ടി, അനേകം ആളുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മനുഷ്യര്‍ക്കിടയില്‍ ശത്രുതയും അവിശ്വാസങ്ങളും രൂഢമൂലമാക്കിയിട്ട് എന്ത് നേടാനാണ്? അത്തരക്കാര്‍ വാസ്തവത്തില്‍ നമ്മുടെ ഭരണഘടന മുന്നോട്ടുവെക്കുന്ന മനോഹരമായ ഇന്ത്യയെന്ന സങ്കല്‍പ്പത്തെ തകര്‍ക്കാനായി ശ്രമിക്കുന്നവരാണ്. ഭരണഘടനയെ ഒരാപത്തും വരാതെ സൂക്ഷിക്കേണ്ട സര്‍ക്കാര്‍, സമൂഹത്തില്‍ വിഭജനം രൂപപ്പെടുത്തുന്നവരെ കണ്ടെത്തി അത്തരം പ്രവണതകള്‍ അവസാനിപ്പിക്കുകയാണ് വേണ്ടത്.
എന്‍ ആര്‍ സിയും എന്‍ പി ആറും നടപ്പാക്കാന്‍ മുതിര്‍ന്നപ്പോള്‍ കേരളത്തിലടക്കം നടന്ന തീര്‍ത്തും സമാധാനപരമായ പ്രതിഷേധങ്ങളില്‍ പലതും ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ടാണ് തുടങ്ങിയത്. നീതിയുടെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശങ്ങളെ ഊന്നുന്നവയാണ് നമ്മുടെ ഭരണഘടനയുടെ തുടക്കം മുതല്‍ അവസാനം വരെയുള്ള ഉള്ളടക്കങ്ങള്‍. അതിനാല്‍ തന്നെ ഈ ദിനം നാം ഭരണഘടനയെ പഠിക്കാനായി ഉപയോഗിക്കുക. ഇന്ത്യയിലെ നിയമജ്ഞര്‍ മാത്രമല്ല; ഓരോ പൗരനും ഭരണഘടനയുടെ ഉള്ളടക്കത്തെ കുറിച്ച് കൃത്യമായ ധാരണകള്‍ വേണം. അതിനനുസരിച്ച് വേണം ഇന്ത്യക്കാര്‍ എന്ന നിലയില്‍ നമ്മുടെ ജീവിതവും സമീപനങ്ങളും ചിട്ടപ്പെടുത്താന്‍.
ഭരണഘടന അനുശാസിക്കുന്ന നിയമങ്ങളെ, മൂല്യങ്ങളെ നിരാകരിക്കുന്നവരെ തിരിച്ചറിയാന്‍ നമുക്ക് സാധിക്കണം. അങ്ങനെ, ഗാന്ധിയും അംബേദ്കറും മുഹമ്മദലിയും ആസാദും നെഹ്റുവും എല്ലാം പടുത്തുയര്‍ത്തിയ, ലോകത്തിന് മാതൃകയായി നിവര്‍ന്ന് നില്‍ക്കുന്ന ഒരിന്ത്യ ഇവിടെ സദാ നിലനില്‍ക്കണം.

സി മുഹമ്മദ് ഫൈസി(കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍)

Latest