Connect with us

International

എണ്ണക്കപ്പല്‍ പിടികൂടിയ സംഭവത്തില്‍ ഇന്തോനേഷ്യയോട് വിശദീകരണം ആവശ്യപ്പെട്ട് ഇറാന്‍

Published

|

Last Updated

ജക്കാര്‍ത്ത | അനധികൃത എണ്ണ കൈമാറ്റം ആരോപിച്ച് ഇന്തോനേഷ്യ തങ്ങളുടെ രണ്ട് കപ്പല്‍ പിടികൂടിയ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഇറാന്‍. ഇറാന്റെ എം ടി ഹോഴ്സ്, എം ടി ഫ്രേയ കപ്പലുകള്‍ പിടിച്ചെടുത്തതായി ഇന്തോനേഷ്യ പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ നല്‍കാനാണ് ഇറാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പിടികൂടിയ കപ്പലുകള്‍ തിരികെ ലഭിക്കുന്ന കാര്യത്തില്‍ അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷനും ഷിപ്പിംഗ് കമ്പനിയും പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുകയാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് സയീദ് ഖതിബ്‌സാദെ പറഞ്ഞു. രണ്ട് ദശലക്ഷം ബാരല്‍ എണ്ണ വഹിക്കാന്‍ ശേഷിയുള്ള രണ്ട് സൂപ്പര്‍ ടാങ്കറുകളാണ് ഇന്തോനേഷ്യ പിടിച്ചെടുത്തിട്ടുള്ളത്.

പ്രാദേശിക സമയം പുലര്‍ച്ചെ 5.30ന് ഇന്തോനേഷ്യയിലെ കലിമന്തന്‍ പ്രവിശ്യയില്‍ നിന്നാണ് കപ്പലുകള്‍ പിടികൂടിയത്. എം ടി ഹോഴ്സില്‍ നിന്ന് എം ടി ഫ്രേയയിലേക്ക് എണ്ണ കൈമാറ്റം ചെയ്യുന്നതിനിടെയായിരുന്നു ഇന്തോനേഷ്യയുടെ നടപടി. പിടിച്ചെടുത്ത ടാങ്കറുകള്‍ കൂടുതല്‍ അന്വേഷണത്തിനായി റിയാവു ദ്വീപ് പ്രവിശ്യയിലെ ബതം ദ്വീപിലേക്ക് കൊണ്ടുപോകുമെന്ന് ഇന്തോനേഷ്യന്‍ കോസ്റ്റ് ഗാര്‍ഡ് വക്താവ് വിഷ്ണു പ്രമാന്ദിത പറഞ്ഞു. കപ്പലിലുണ്ടായിരുന്ന ഇറാനിയന്‍, ചൈനീസ് പൗരന്മാരുള്‍പ്പെടെ 61 ക്രൂ അംഗങ്ങളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.

ദേശീയ പതാകകള്‍ കാണിക്കാതെയും ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സംവിധാനങ്ങള്‍ ഓഫാക്കാതെയും റേഡിയോ കോളിനോട് പ്രതികരിക്കാതെയും പ്രവര്‍ത്തിച്ചതാണ് കപ്പലുകള്‍ പിടികൂടാന്‍ കാരണമെന്നാണ് ഇന്തോനേഷ്യ പറയുന്നത്. ടാങ്കറുകളില്‍ ട്രാക്കിംഗ് സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കി എണ്ണ വില്‍പന നടത്തിയെന്നും ആരോപിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ചൈനയുടെ കിഴക്കന്‍ തീരത്തുള്ള ക്വിങ്ദാവോ തുറമുഖത്തേക്ക് ഇറാനില്‍ നിന്നും നാല് ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് എം ടി ഫ്രേയ വിതരണം ചെയ്തതെന്ന് റിഫിനിറ്റിവിലെ മുതിര്‍ന്ന ക്രൂഡ് അനലിസ്റ്റ് എമ്മലി പറഞ്ഞു.

---- facebook comment plugin here -----

Latest