Kerala
ലൈഫ് മിഷന്‍: ഹൈക്കോടതി വിധിക്കെതിരായ സര്‍ക്കാര്‍ ഹരജി ഇന്ന് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി | വടക്കാഞ്ചേരി ലൈഫ് മിഷനുമനായി ബന്ധപ്പെട്ട വിവാദത്തില്‍ സി ബി ഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. ലൈഫ് മിഷനില്‍ സി ബി ഐ അന്വേഷണം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി അടിയന്തിരമായി പരിഗണിക്കണമാണ് സര്‍ക്കാര്‍ ആവശ്യം. എഫ് സി ആര്‍എ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് കേരളത്തിന്റെ വാദം.
സി ബി ഐ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കണമെന്നാണ് ലൈഫ്മിഷന്‍ സി ഇ ഒയുടെ ആവശ്യം. ഇതേ ആവശ്യത്തില്‍ സര്‍ക്കാരും കരാര്‍ കമ്പനി ഉടമ സന്തോഷ് ഈപ്പനും നല്‍കിയ ഹരജികള്‍ നേരത്തെ കേരള ഹൈക്കോടതി തള്ളുകയായരുന്നു. യു എ ഇ കോണ്‍സുലേറ്റുമായി പദ്ധതിക്ക് ധാരണാ പത്രം ഉണ്ടാക്കിയതില്‍ തന്നെ ദുരൂഹതയുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിഗമനം. ഉദ്യോഗസ്ഥ തലത്തില്‍ അഴിമതിയുണ്ടായെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നാണ് ഹൈക്കോടതി പറഞ്ഞത്.