Connect with us

International

അമേരിക്കന്‍ യുദ്ധക്കപ്പല്‍ തായ്വാനില്‍; ചൈനയും അമേരിക്കയും വീണ്ടും കൊമ്പ് കോര്‍ക്കുന്നു

Published

|

Last Updated

ബീജിംഗ് | തായ്വാനിലെ തെക്കുപടിഞ്ഞാറന്‍ വ്യോമ മേഖലയില്‍ ചൈനക്കെതിരെ തായ്വാന് സൈനിക സഹായവുമായി അമേരിക്കന്‍ യുദ്ധ വിമാനവാഹിനിക്കപ്പല്‍ ദക്ഷിണ ചൈനാക്കടലിലേക്ക് പ്രവേശിച്ചു. ഇതോടെ അമേരിക്കയും ചൈനയും തമ്മില്‍ വീണ്ടും സംഘര്‍ഷത്തിന് വഴിയൊരുങ്ങി. എട്ട് ചൈനീസ് എച്ച് -ആര്‍ കെ ബോംബറുകളും നാല് ജെ -16 യുദ്ധവിമാനങ്ങളും വൈ -8 അന്തര്‍വാഹിനി വിമാനവും മേഖലയില്‍ പ്രവേശിച്ചതായി നേരത്തെ തായ്വാനിലെ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണത്തിന് തൊട്ടുപിന്നാലെ നടത്തിയ സൈനിക വിന്യാസം ചൈനയ്ക്ക് തിരിച്ചടിയായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ സൈനിക വിന്യാസം
അന്താരാഷ്ട്ര കപ്പല്‍ ചാനലിലെ ചരക്ക് കടത്തിനെ ബാധിക്കില്ലെന്ന് മാരിടൈം വൃത്തങ്ങള്‍ അറിയിച്ചു.

2017ല്‍ അണ്വായുധ വിഷയത്തില്‍ അമേരിക്കയും ഉത്തര കൊറിയയുമായുള്ള പിരിമുറുക്കങ്ങള്‍ക്കിടയില്‍ സൈനിക വിന്യാസം നടത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക വിന്യാസമാണ് തായ്വാനില്‍ അമേരിക്ക ഇപ്പോള്‍ നടത്തിയിരുക്കുന്നത്. 1.3 ദശലക്ഷം ചതുരശ്ര മൈല്‍ പ്രദേശമാണ് ദക്ഷിണ ചൈനാക്കടലിന്റെ പരമാധികാര പ്രദേശമെന്നാണ് ചൈന അവകാശപ്പെടുന്നത്. മേഖലയിലെ രാജ്യങ്ങള്‍ക്കിടയിലെ സഹകരണത്തില്‍ വിള്ളല്‍ വീഴ്ത്താനും സമാധാനത്തിനും സ്ഥിരതക്കും തുരങ്കം വക്കാനുമാണ് യു എസ് നീക്കമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

തായ്വാന്‍ തങ്ങളുടെ പ്രദേശത്തില്‍ അന്തര്‍ലീനമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാല്‍ തായ്വാന്‍ ഇത് നിഷേധിച്ചിക്കുന്നു. ചൈനീസ് പ്രവിശ്യയായ ഫ്യൂജിയാനും തായ്വാനും ഇടയില്‍ സ്ഥിതി ചെയ്യുന്ന കടലിടുക്കാണ് തായ്വാന്‍ കടലിടുക്ക്. വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ മേഖലയില്‍ സംഘര്‍ഷം പതിവായ പ്രദേശം കൂടിയാണിത്. 2020 സെപ്തംബറില്‍ രാജ്യാതിര്‍ത്തി ലംഘിച്ച് കടന്നുകയറിയ ചൈനയുടെ സുഖോയ് എസ് യു-35 യുദ്ധവിമാനം തായ്വാന്‍ വെടിവച്ചിട്ടിരുന്നു. ചൈനീസ് വിമാനങ്ങള്‍ക്ക് സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അവയെ നിരീക്ഷിക്കാന്‍ മിസൈലുകള്‍ വിന്യസിച്ചിട്ടുണ്ടെന്നും തായ്വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Latest