Connect with us

Covid19

രാജ്യത്ത് ആറു ദിവസത്തിനിടെ കൊവിഡ് വാക്‌സിന്‍ നല്‍കിയത് 10 ലക്ഷം പേര്‍ക്ക്; യു എസിനെയും യു കെയെയും പിന്നിലാക്കി

Published

|

Last Updated

ന്യൂഡല്‍ഹി | ആറു ദിവസത്തിനിടെ 10 ലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി ഇന്ത്യ. കൊവിഡ് വലിയതോതില്‍ പടര്‍ന്ന ബ്രിട്ടന്‍, അമേരിക്ക പോലുള്ള രാഷ്ട്രങ്ങളെക്കാള്‍ കൂടുതലാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിപുലമായ കൊവിഡ് വാക്‌സിനേഷന്‍ പദ്ധതിയുടെ ഭാഗമായി ജനുവരി 16നു ശേഷം 16 ലക്ഷം പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. അമേരിക്ക 10 ദിവസം എടുത്താണ് പത്തുലക്ഷം പേരിലേക്ക് വാക്‌സിന്‍ എത്തിച്ചതെങ്കില്‍ ബ്രിട്ടന് ഇതിന് 18 ദിവസം വേണ്ടിവന്നു.

27,920 സെഷനുകളിലായി 15.82 ലക്ഷം പേരാണ് ഇതുവരെ വാക്‌സിനെടുത്തതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇതില്‍ത്തന്നെ ശനിയാഴ്ച മാത്രം 3,512 സെഷനുകളില്‍ 1.91 ലക്ഷം പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. വാക്‌സിന്‍ നേരിയ തോതില്‍ വിപരീത ഫലങ്ങള്‍ ഉണ്ടാക്കിയത് 1,238 പേരില്‍ മാത്രമാണ്. വാക്‌സിനെടുത്തവരുടെ ആകെ എണ്ണത്തിന്റെ 0.08 ശതമാനം മാത്രമാണിത്. 11 പേരെ (0.0007 ശതമാനം) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വാക്‌സിന്‍ സ്വീകരിച്ച ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ മരണപ്പെട്ടിട്ടുണ്ടെങ്കിലും വാക്‌സിനേഷനുമായി ബന്ധപ്പെട്ടല്ല ഇവരുടെ മരണം സംഭവിച്ചതെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

Latest