Kerala
സി ബി ഐയെ പേടിയില്ല; ഏത് അന്വേഷണത്തെയും നേരിടാന്‍ തയാര്‍: ഉമ്മന്‍ ചാണ്ടി

തിരുവന്തപുരം | സോളാര്‍ കേസിലെ പീഡന ആരോപണത്തിലെ അന്വേഷണം സി ബി ഐക്ക് വിട്ട സര്‍ക്കാര്‍ നടപടിയോട് രൂക്ഷമായി പ്രതികരിച്ച് ഉമ്മന്‍ ചാണ്ടി. മൂന്ന് വര്‍ഷം സോളാര്‍ കേസില്‍ സമരം ചെയ്തവര്‍ക്ക് അഞ്ച് വര്‍ഷം ഭരണത്തിലിരുന്നിട്ടും ഒരു ആരോപണവും തെളിയിക്കാന്‍ കഴിഞ്ഞില്ല. അതിന്റെ ജാള്യത മറയ്ക്കാനാണ് ശ്രമം. ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറാണ്. ഞങ്ങള്‍ക്ക് സി ബി ഐയെ പേടിയില്ല. എന്തുകൊണ്ട് ഇക്കാലം വരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നതില്‍ മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയേണ്ടി വരും. മൂന്ന് ഡി ജി പിമാര്‍ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. സര്‍ക്കാരിന്റെ കൈയ്ക്ക് ആരാണ് പിടിച്ചത്. ഇപ്പോഴത്തെ നടപടി സര്‍ക്കാരിനു തന്നെ വിനയായിത്തീരുമെന്ന കാര്യത്തില്‍ സംശയമില്ല. കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായി കൂട്ടുകൂടാനാണ് ശ്രമം.
അന്വേഷണ റിപ്പോര്‍ട്ടിലെ കത്തിലെ ഭാഗം ഹൈക്കോടതി തള്ളിയിട്ടുള്ളതാണ്. ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിട്ടും ഞങ്ങള്‍ നിയമ നടപടി സ്വീകരിച്ചില്ല. ജനങ്ങള്‍ എല്ലാ കാണുകയും അറിയുകയും ചെയ്യുന്നുണ്ട്. ഏത് തന്ത്രം പയറ്റിയാലും ജനങ്ങളുടെ കണ്ണില്‍ നിന്ന് വസ്തുതകള്‍ മറയ്ക്കാന്‍ കഴിയില്ല. നിയമ വ്യവസ്ഥയില്‍ പരസ്യ സംവാദം എന്നൊന്നുണ്ടോയെന്ന് പരാതിക്കാരിയുടെ സംവാദത്തിനുള്ള വെല്ലുവിളിയോട് പ്രതികരിക്കവേ ഉമ്മന്‍ ചാണ്ടി ചോദിച്ചു.