Gulf
ഇന്ത്യൻ റഫാൽ യുദ്ധവിമാനങ്ങൾ യു എ ഇയിൽ നിന്നും ഇന്ധനം നിറക്കും

അബുദാബി | ഇന്ത്യ – യു എ ഇ സൈനിക ബന്ധത്തിൽ പുതിയ വഴിത്തിരിവ്. ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് യു എ ഇ അറിയിച്ചു.
ഈ മാസം അവസാനം ഫ്രാൻസിൽ നിന്ന് വരുന്ന മൂന്ന് യുദ്ധവിമാനങ്ങൾക്ക് ആകാശത്ത് വെച്ച് ഇന്ധനം നിറക്കാനുള്ള സൗകര്യമാണ് യു എ ഇ വ്യോമസേന ഒരുക്കുന്നത്. ഇരു രാജ്യങ്ങളിലെയും സൈനിക സഹകരണത്തിലെ പുതിയ അധ്യായമായി മാറുമിതെന്നാണ് വിലയിരുത്തൽ.
ഫ്രാൻസിലെ ബോറെക്സ് മെറിറ്റിന വ്യോമ താവളത്തിൽ നിന്ന് ഹരിയാനയിലെ അംബാല വ്യോമ താവളത്തിലേക്കാണ് യുദ്ധ വിമാനങ്ങൾ എത്തുന്നത്. നിർത്താതെ എട്ട് മണിക്കൂറാണ് വിമാനങ്ങളുടെ യാത്ര. യു എ ഇ രണ്ട് തവണ ഇന്ത്യയുടെ റഫാലിൽ ഇന്ധനം നിറക്കും. ഗൾഫ് നേതാക്കളുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കർ നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണിത്.
ഫ്രാൻസ്, ഇന്ത്യ, യു എ ഇ ത്രിരാഷ്ട്ര സംയുക്ത സൈനിക അഭ്യാസവും വൈകാതെ നടക്കും. ഏപ്രിൽ മധ്യത്തിൽ ഇന്ത്യയിലേക്ക് വരുന്ന ഏഴ് റഫാൽ വിമാനങ്ങൾക്കും യു എ ഇ വിമാനങ്ങളാകും ഇന്ധനം നിറക്കുക.