സ്‌കൂളുകളുടെ പ്രവര്‍ത്തനം; പുതിയ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍

Posted on: January 22, 2021 11:56 pm | Last updated: January 23, 2021 at 7:33 am

തിരുവനന്തപുരം | സ്‌കൂളുകളില്‍ ഒരു ബഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രം ഇരിക്കാവുന്ന തരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍. സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം. 100 ല്‍ താഴെ കുട്ടികളുള്ള സ്‌കൂളുകളിലെ എല്ലാ കുട്ടികള്‍ക്കും ഒരേ സമയം സ്‌കൂളില്‍ വരാം. 100 ല്‍ കൂടുതല്‍ കുട്ടികളുള്ളവയില്‍ ഒരേ സമയം പരമാവധി 50 ശതമാനം വരെ എന്ന രീതിയില്‍ ക്രമീകരണം ഏര്‍പ്പെടുത്താം. വീട്ടില്‍ നിന്നു കൊണ്ടുവരുന്ന ഭക്ഷണവും വെള്ളവും കുട്ടികള്‍ സീറ്റുകളില്‍ ഇരുന്നു തന്നെ കഴിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. തിങ്കളാഴ്ച മുതല്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്.

10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് വന്നതിനു ശേഷമുള്ള സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്.