National
പീഡനത്തെ തുടര്‍ന്നുള്ള മനോവിഷമത്താല്‍ അമിതമായി ഉറക്കഗുളികകള്‍ കഴിച്ച പതിനേഴുകാരി മരിച്ചു

ഭോപാല്‍ | ബലാത്സംഗത്തിനിരയായതിനെ തുടര്‍ന്നുള്ള മനോവിഷമത്താല്‍ ഉറക്കഗുളികകള്‍ അമിതമായി കഴിച്ച പതിനേഴുകാരി ആശുപത്രിയില്‍ മരിച്ചു. മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഉറക്കഗുളികകള്‍ കഴിച്ച് അവശനിലയിലായ പെണ്‍കുട്ടിയെ ഇവിടുത്തെ ഹമിദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയോടെ മരിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. ഐ ഡി ചൗരസ്യ അറിയിച്ചു.
വിവിധ അവസരങ്ങളിലായി പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത പ്യാരെ മിയ എന്ന് 68കാരനെതിരെ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇയാളെ പിന്നീട് ജമ്മു കശ്മീരില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഒരു പ്രാദേശിക പത്രത്തിന്റെ ഉടമയാണ് പ്രതി. പ്യാരെ മിയയുടെ പീഡനത്തിന് ഇരയായവരില്‍ ഒരാളാണ് ഉറക്കഗുളികകള്‍ കഴിച്ച് മരിച്ചതെന്ന് ഭോപാല്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഉപേന്ദ്ര ജയിന്‍ പറഞ്ഞു.
സുരക്ഷ പരിഗണിച്ച് അഞ്ചു പേരെയും ഒരു സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ താമസിപ്പിക്കുകയായിരുന്നു. ഇവരില്‍ രണ്ടുപേര്‍ അസുഖബാധിതരായതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിലൊരാള്‍ അമിതമായി ഉറക്കഗുളികകള്‍ കഴിച്ചതായി കണ്ടെത്തുകയായിരുന്നുവെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. സംഭവത്തില്‍ ജില്ലാ കലക്ടര്‍ മജിസ്റ്റീരിയല്‍തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അഭയ കേന്ദ്രത്തില്‍ കഴിഞ്ഞ പെണ്‍കുട്ടിക്ക് എവിടെ നിന്നാണ് ഉറക്കഗുളികകള്‍ കിട്ടിയതെന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് കംല നഗര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് വിജയ് സിസോദിയ പറഞ്ഞു.
കുറ്റകൃത്യത്തില്‍ മിയയെ സഹായിച്ച സ്വീറ്റി വിശ്വകര്‍മ (21) എന്നയാളെ പോലീസ് തിരഞ്ഞുവരികയാണ്.
കഴിഞ്ഞ ജൂലൈയില്‍ മിയയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അശ്ലീല സി ഡികള്‍, ആഡംബര കാറുകള്‍, മദ്യക്കുപ്പികള്‍, വന്യമൃഗങ്ങളുടെ അസ്ഥികള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു,