International
ട്രംപിന്റെ നയങ്ങള്‍ തിരുത്തി ജോ ബൈഡന്‍; ഒപ്പ് വെച്ചത് 15 എക്‌സിക്യുട്ടീവ് ഉത്തരവുകളില്‍

വാഷിംഗ്ടണ്‍ ഡിസി | അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിനു പിന്നാലെ നിര്‍ണായക ഇടപെടലുമായി ജോ ബൈഡന്‍. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പല നയങ്ങളും തിരുത്തുന്ന ഉത്തരവുകളാണ് ജോ ബൈഡന്‍ സ്വീകരിച്ചത്. വൈറ്റ് ഹൗസില്‍ എത്തിയ ബൈഡന്‍, ട്രംപിനെ തിരുത്തുന്ന 15 എക്സിക്യൂട്ടീവ് ഉത്തരവുകളിലാണ് ഒപ്പിട്ടത്.
കൊവിഡിനെ പ്രതിരോധിക്കുന്നതിനും സാമ്പത്തിക പുനരുജ്ജീവനത്തിനും ആവശ്യമായ നടപടികളാണ് ഇതിലൊന്ന്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുന്നതും കര്‍ശനമാക്കി. ലോകാരോഗ്യസംഘടനയില്‍നിന്ന് മാറാനുള്ള ട്രംപിന്റെ തീരുമാനവും തിരുത്തി.
അനധികൃത കുടിയേറ്റക്കാര്‍ക്ക് എട്ടുവര്‍ഷത്തിനുള്ളില്‍ പൗരത്വം ലഭിക്കാന്‍ സാവകാശം നല്‍കുന്ന ബില്ലിലും ഒപ്പുവച്ചു. ഗ്രീന്‍ കാര്‍ഡുകളിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്ന വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടും. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ വീണ്ടും ചേരാനും തീരുമാനിച്ചു.