Kerala
കെ വി തോമസ് കോണ്‍ഗ്രസ് വിട്ടുവന്നാല്‍ സ്വാഗതം ചെയ്യും; നിലപാട് വ്യക്തമാക്കി സിപിഎം


കെവി തോമസ്
കൊച്ചി | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് കോണ്‍ഗ്രസ് വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം. കെവി തോമസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് വിട്ട് വന്നാല്‍ സംസ്ഥാന നേതൃത്വം അക്കാര്യം ആലോചിക്കും. ഇതുവരെ കെവി തോമസുമായി സിപിഎം ചര്‍ച്ച നടത്തിയിട്ടില്ലെന്നും സി എന്‍ മോഹനന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് സീറ്റ് നിഷേധിച്ചത് മുതല്‍ അതൃപ്തിയിലായിരുന്ന കെവി തോമസ് . നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കെപിസിസിയും ഹൈക്കമാന്റും കാര്യമായ പിന്തുണ നല്‍കാത്തതും എറണാകുളത്തെ ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പുമാണ് കെ വി തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് തടസ്സമാകുന്നത്.
1984 മുതല്‍ എംപിയും എംഎല്‍എയും കേന്ദ്ര മന്ത്രിയും സംസ്ഥാന മന്ത്രിയുമായി പല ചുമതലകള്‍ വഹിച്ച കെവി തോമസിന് അവസരം കൊടുക്കുന്നതിനോട് പല നേതാക്കള്‍ക്കും വിയോജിപ്പുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോ വി തോമസിനെതിരെ പോസ്റ്റര്‍ പ്രചാരണം അടക്കം ആരംഭിച്ചതിന് ശേഷമാണ് എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ടത്. ഇവിടെ ഹൈബി ഈഡനാണ് മത്സരിച്ചത്.
വരുന്ന ശനിയാഴ്ച രാവിലെ 11 മണിക്ക് കെ വി തോമസ് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. അന്ന് സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്നാണ കരുതുന്നത്.