Kerala
വിമാനത്താവള കൈമാറ്റം: ഹരജി തിങ്കളാഴ്ച പരിഗണിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി | തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി എന്റര്‍പ്രൈസസിന് കൈമാറുന്നതിനെതിരായി സമര്‍പ്പിച്ച ഹരജികള്‍ തിങ്കളാഴ്ച തന്നെ പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. തിങ്കളാഴ്ച്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ നിന്ന് ഹരജി ഒഴുവാക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി. വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാര്‍ അദാനി ഗ്രൂപ്പുമായി ഒപ്പുവച്ചെന്ന എയര്‍ പോര്‍ട്ട് അതോറ്റിയുടെ അറിയിപ്പിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം.
നേരത്തെ വിഷയം ഹൈക്കോടതിയില്‍ സംസ്ഥാനം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അദാനി ഗ്രൂപ്പിന് വിമാനത്താവള നടത്തിപ്പ് നല്‍കിയത് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
പലപ്പോഴും അഡ്വാന്‍സ് ലിസ്റ്റില്‍ ഹരജി ലിസ്റ്റ് ചെയ്യുമെങ്കിലും ഫൈനല്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍ കേരളത്തിന്റെ ഹരജി ഒഴിവാക്കപ്പെട്ടു. ഏറ്റവും ഒടുവില്‍ ജനുവരി 25ന് വിമാനത്താവള കൈമാറ്റത്തിനെതിരായ ഹരജികള്‍ പരിഗണിക്കുമെന്നാണ് സുപ്രീം കോടതിയുടെ വെബ് സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അവസാന നിമിഷം മാറിപ്പോകുമോ എന്ന ആശങ്ക സംസ്ഥാന സര്‍ക്കാരിനുണ്ട്.