Connect with us

Kerala

സെക്രട്ടേറിയറ്റില്‍ വരുന്നു, അക്‌സസ് കണ്‍ട്രോള്‍; ജീവനക്കാരുടെയും സന്ദര്‍ശകരുടെയും സഞ്ചാരം നിയന്ത്രിക്കുക ലക്ഷ്യം

Published

|

Last Updated

തിരുവനന്തപുരം | സെക്രട്ടേറിയറ്റില്‍ ജീവനക്കാരുടെയും സന്ദര്‍ശകരുടെയും പ്രവേശനവും തിരിച്ചുപോക്കും നിയന്ത്രിക്കുന്നതിനായി അക്‌സസ് കണ്‍ട്രോള്‍ സംവിധാനം ഏര്‍പ്പെടുത്തും. സെക്രട്ടേറിയറ്റിലേക്കുള്ള നാലു ഗെയ്റ്റുകളിലും അനക്‌സ് കെട്ടിടങ്ങളുടെ ഗെയ്റ്റിലും സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനം. പഞ്ച് ചെയ്ത ശേഷം മുങ്ങുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതി നടത്തിപ്പിനായി 1,95,00000 രൂപ അനുവദിച്ചു. കൊച്ചിന്‍ മെട്രോ റെയില്‍ ലിമിറ്റഡിന്റെ സൗജന്യ സാങ്കേതിക സാഹയത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കെല്‍ട്രോണ്‍ വഴി പദ്ധതി നടപ്പാക്കാന്‍ പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഉത്തരവിറക്കി.

കൊച്ചി മെട്രോ, അക്കൗണ്ട് ജനറല്‍ ഓഫീസ് എന്നിവിടങ്ങളില്‍ നടപ്പാക്കിയ മാതൃകയിലായിരിക്കും അക്സസ് കണ്‍ട്രോള്‍ സംവിധാനം രൂപകല്‍പന ചെയ്യുക. തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാല്‍ മാത്രമേ ഗേറ്റുകള്‍ തുറക്കുകയുള്ളൂ. ഇതു ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്ന സ്പാര്‍ക്ക് സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കും. ഒരിക്കല്‍ പുറത്തിറങ്ങിയാല്‍ തിരിച്ചുകയറുന്നതുവരെയുള്ള സമയം ഹാജരില്‍ കുറവ് വരും. ഔദ്യോഗിക ആവശ്യത്തിനാണ് പുറത്തുപോകുന്നതെങ്കില്‍ അതു പ്രത്യേകം വിശദീകരിക്കണം. ദിവസം 7 മണിക്കൂര്‍ ജോലി ചെയ്തില്ലെങ്കില്‍ അവധിയായി രേഖപ്പെടുത്തുകയും ശമ്പളത്തില്‍ കുറവ് വരുത്തുകയും ചെയ്യും. സെക്രട്ടേറിയറ്റിലെ ഭരണപരിഷ്‌ക്കാര നടപടികളുടെ ഭാഗമായാണ് തീരുമാനം.

Latest