Kerala
കത്തിക്കയറിയിട്ടും എത്തിപ്പിടിക്കാനായില്ല; ഹരിയാനയോട് നാലു റണ്‍സിന് തോറ്റ് കേരളം

മുംബൈ | സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി ട്വന്റിയിലെ ആവേശകരമായ മത്സരത്തില്‍ ഹരിയാനയോട് പൊരുതിത്തോറ്റ് കേരളം. ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തില്‍ നാല് റണ്‍സിനാണ് കേരളം പരാജപ്പെട്ടത്. ഇതോടെ കേരളം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഗ്രൂപ്പ് ചാമ്പ്യന്മാരായി ഹരിയാന ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഹരിയാന മുഴുവന്‍ ഓവറും ബാറ്റ് ചെയ്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തു. 199 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളം 194ല്‍ വീണു. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് കേരളം ഇത്രയും റണ്‍സെടുത്തത്.
അര്‍ധ ശതകം കുറിച്ച (51) സഞ്ജു സാംസണും പ്രതിസന്ധിഘട്ടത്തില്‍ കത്തിജ്വലിച്ച സച്ചിന്‍ ബേബിയും മികച്ച ബാറ്റിംഗ് പുറത്തെടുത്തിട്ടും വിജയം എത്തിപ്പിടിക്കാനായില്ല. മിന്നുന്ന ഫോമില്‍ കളിച്ച സച്ചിന്‍ ബേബി (68) കേരളത്തിന്റെ ടോപ്പ് സ്‌കോററായി. 27 പന്തുകളിലാണ് സച്ചിന്‍ അര്‍ധ ശതകം തികച്ചത്. സഞ്ജു 28 പന്തിലും. ഉത്തപ്പ (8), അസ്ഹറുദ്ദീന്‍ (35), വിഷ്ണു വിനോദ് (10), സല്‍മാന്‍ നിസാര്‍ (5) എന്നിങ്ങനെയാണ് കേരളത്തിന്റെ മറ്റ് ബാറ്റ്‌സ്മാന്മാരുടെ സംഭാവന.
നാലാമനായി ക്രീസിലെത്തിയ സച്ചിന്‍ ബേബി കരുത്തുറ്റ ബാറ്റിംഗാണ് കാഴ്ചവച്ചത്. ഹരിയാന ബൗളിംഗിനെ പിച്ചിച്ചീന്തിയ സച്ചിന്റെ പ്രകടനമാണ് കേരളത്തെ വിജയത്തിനരികെ എത്തിച്ചത്. അക്ഷയ് ചന്ദ്രന്‍ (4), ജലജ് സക്‌സേന (1) എന്നിവര്‍ പുറത്താവാതെ നിന്നു.