National
എന്‍ ഐ എ മുമ്പാകെ ഹാജരാകില്ല; ശക്തമായ നിലപാടുമായി കര്‍ഷക നേതാക്കള്‍

ന്യൂഡല്‍ഹി | കൊടും തണുപ്പിനിടയിലും ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരം 53ാം ദിവസത്തിലേക്ക് കടന്നു. അതിനിടെ, ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന എന്‍ ഐ എ ആവശ്യം അനുസരിക്കില്ലെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. കര്‍ഷക സമരത്തെ അട്ടിമറിക്കാനാണ് അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.
കര്‍ഷക നേതാവ് ബല്‍ദേവ് സിങ് സിര്‍സ, പഞ്ചാബി അഭിനേതാവ് ദീപ് സിന്ധു ഉള്‍പ്പെടെയുള്ളവരോടാണ് ഇന്ന് ഡല്‍ഹിയിലെ എന്‍ ഐ എ ആസ്ഥാനത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുള്ളത്. നേതാക്കള്‍ക്ക് ഖലിസ്ഥാന്‍ സംഘടനകളുമായി ബന്ധമുണ്ടെന്നാണ് ആരോപണം. സിഖ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത്ത്വന്ത് സിങ് പന്നുവിനെതിരായ യു എ പി എ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സിഖ് ഫോര്‍ ജസ്റ്റിസിനെതിരെ ഖാലിസ്ഥാന്‍ ബന്ധം ആരോപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രചാരണം നടത്താന്‍ സിഖ് ഫോര്‍ ജസ്റ്റിസിന് വിദേശത്തുനിന്ന് പണം എത്തിയതായി എന്‍ ഐ എ എഫ് ഐ ആറില്‍ ആരോപിക്കുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു സമരത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കര്‍ഷക നേതാക്കളുടെ പ്രതികരണം. അതെ സമയം സര്‍ക്കാരുമായുള്ള ചര്‍ച്ചയെ സംബന്ധിച്ചുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ ഇന്ന് സിംഘുവില്‍ യോഗം ചേരും.