Connect with us

Articles

ഈ കള്ളക്കളിയും അതിജീവിക്കും

Published

|

Last Updated

കോർപറേറ്റ് ദുരക്കെതിരായ പോരാട്ടമാണ് അമ്പതാം നാളിലും തുടരുന്ന കർഷക സമരം. അതിന്റെ രാഷ്ട്രീയം അഗ്രി ബിസിനസ് കുത്തകകളുടെ രാക്ഷസമോഹങ്ങളിൽ നിന്ന് കൃഷിയെയും നാടിനെയും രക്ഷിക്കുക എന്നതാണ്. ആഗോള മൂലധനാധിപത്യത്തിൽ നിന്ന് ഇന്ത്യൻ കർഷകന്റെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനുള്ള സമരമാണിത്. പ്രതികൂലമായ കാലാവസ്ഥയിലും സാഹചര്യങ്ങളിലും സമരം കർഷക പങ്കാളിത്തത്തോടെ അനുദിനം ശക്തിപ്പെടുകയാണ്. എല്ലാ ഭരണകൂട വിലക്കുകളെയും ഗൂഢാലോചനകളെയും അതിജീവിച്ചുകൊണ്ടാണ് ഓരോ ദിവസവും കർഷകർ പൂർവാധികം ശക്തിയോടെ സമരത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഡൽഹിയുടെ അതിർത്തിമേഖലകളിൽ സമരത്തെ തടയാൻ വൻ തോതിലുള്ള സജ്ജീകരണങ്ങളാണ് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയത്.

ആദ്യഘട്ടത്തിൽ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാന, മധ്യപ്രദേശ്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും ഛത്തീസ്ഗഡിൽ നിന്നും രാജസ്ഥാനിൽ നിന്നുമാണ് കർഷകർ ഡൽഹിയിലെത്തിയത്. കർഷകരെ തടയാനായി ജലപീരങ്കികളും ലാത്തിയും ഒരുക്കി നിർത്തി. റോഡ് ഉപരോധിച്ചു. ശത്രുസൈന്യത്തെ നേരിടുന്നതുപോലെ ദേശീയപാതകളിൽ കുഴികൾ കുഴിക്കൽ വരെ നടത്തി നോക്കി. കൂടുതൽ സംസ്ഥാനങ്ങളിൽ നിന്നും കർഷകർ ഡൽഹിയിലേക്ക് വന്നതോടെ ഡൽഹി ജനത പ്രക്ഷോഭകരെ ഹാർദമായി സ്വാഗതം ചെയ്തു. എല്ലാ സഹായങ്ങളും സൗകര്യങ്ങളും ഒരുക്കി കൊടുത്തു. പോലീസിന്റെ ബാരിക്കേഡുകളെയും ലാത്തിച്ചാർജുകളെയും ജലപീരങ്കി പ്രയോഗങ്ങളെയും ധീരോചിതമായി നേരിട്ടുകൊണ്ട് കർഷകർ സമരം മുന്നോട്ട് കൊണ്ടുപോയി. ഇതോടെയാണ് കേന്ദ്ര സർക്കാർ സമരത്തെ നേരിടുന്നതിൽ നിന്ന് പതുക്കെ പിന്മാറാൻ തുടങ്ങിയത്. സമരക്കാർക്ക് സമ്മേളിക്കാനായി ഡൽഹിയിലെ പ്രാന്തപ്രദേശങ്ങളിൽ മൈതാനങ്ങൾ അനുവദിക്കുകയും ചെയ്തു. ബുരാരിയിലെ ഈ മൈതാനം തുറന്ന ജയിലാക്കി മാറ്റുമെന്ന് വന്നതോടെ സംയുക്ത കർഷകമോർച്ച സർക്കാറിന്റെ വാഗ്ദാനം വേണ്ടെന്നുവെക്കുകയാണുണ്ടായത്. ദേശീയപാതകളിൽ അവർ കൊടും ശൈത്യത്തെ നേരിട്ട് ഉപരോധം തുടർന്നു.

ഒമ്പത് തവണ സർക്കാറുമായി സംയുക്ത കർഷക മോർച്ച ചർച്ച നടത്തിയെങ്കിലും സമവായത്തിലെത്താൻ കഴിഞ്ഞില്ല. നിയമങ്ങൾ റദ്ദാക്കിയാലെ പിന്മാറാനാവൂ എന്ന് സംയുക്ത കർഷകനേതാക്കൾ അറിയിച്ചു. അതിനുശേഷം കാർഷിക പരിഷ്‌കാരങ്ങളെക്കുറിച്ച് ചർച്ച ചെയ്യാമെന്നും പുതിയ നിയമങ്ങൾ രൂപവത്കരിക്കുന്നത് എല്ലാവരുടെയും പങ്കാളിത്തത്തോടെയാകണമെന്നും നിർദേശിച്ചു. എന്നാൽ ഇത് സർക്കാർ അംഗീകരിക്കാൻ കൂട്ടാക്കിയില്ല. എം എസ് പി തുടരുമെന്ന രേഖാപരമായ ഉറപ്പു നൽകാൻ തയ്യാറാണെന്നതുപോലുള്ള സർക്കാറിന്റെ പ്രഖ്യാപനങ്ങൾ കബളിപ്പിക്കൽ മാത്രമാണെന്ന് സംയുക്ത കർഷക മോർച്ച വിലയിരുത്തി. എം എസ് പിയിൽ എല്ലാ വിളകളെയും മുഴുവൻ കർഷകരെയും ഉൾപ്പെടുത്തണമെന്നും മോർച്ച ആവശ്യപ്പെട്ടു. സ്വാമിനാഥൻ കമ്മിറ്റി ശിപാർശയനുസരിച്ച് മിനിമം താങ്ങുവില നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു. എം എസ് പിയേക്കാൾ കുറഞ്ഞവില വാങ്ങിയുള്ള എല്ലാ വ്യാപാരങ്ങളും നിയമവിരുദ്ധമാക്കണമെന്നും ശിക്ഷാനടപടി സ്വീകരിക്കണമെന്നും സംയുക്ത കർഷകമോർച്ച ആവശ്യപ്പെട്ടു. എം എസ് പിയെ നിയമപരമായ അവകാശമാക്കണമെന്നാണ് കർഷകർ ആവശ്യപ്പെട്ടത്.

കാർഷിക നിയമങ്ങളും വൈദ്യുതി നിയമവും പിൻവലിച്ച് നിർദേശങ്ങൾ ചർച്ചചെയ്യണമെന്നുള്ളതാണ് സർക്കാറുമായുള്ള എല്ലാ ചർച്ചകളിലും സംയുക്ത കർഷകമോർച്ച ആവർത്തിച്ച് ആവശ്യപ്പെട്ടത്. എന്നാൽ ഈ നിർദേശങ്ങൾ അംഗീകരിക്കാൻ തയ്യാറാകാതെ കർഷകരോട് കോടതിയിൽ പോകാൻ ആവശ്യപ്പെടുകയാണ് കേന്ദ്ര കൃഷി മന്ത്രി തന്നെ ചെയ്തത്. ഒടുവിൽ സുപ്രീം കോടതിയിൽ കേസ് പരിഗണനക്ക് വന്നു. സർക്കാറിന്റെ സമീപനങ്ങളെയും ചർച്ച ചെയ്യാതെ നിയമം ഉണ്ടാക്കിയ രീതിയെയും കോടതി വിമർശിച്ചുവെങ്കിലും നിയമം പരിശോധിക്കാനായി നിയമിച്ച വിദഗ്ധ സമിതി നിയമത്തെ അനുകൂലിക്കുന്നവരുടേതായതോടെ ഉന്നത നീതിപീഠത്തിൽ നിന്നും കർഷകർക്ക് നീതി പ്രതീക്ഷിക്കാനാകില്ലെന്ന നിലയായി.

സുപ്രീം കോടതി നിയമിച്ച വിദഗ്ധ സമിതി നമ്മുടെ നീതിന്യായ വ്യവസ്ഥയെ തന്നെ സ്വയം അപഹസിക്കുന്നതായിപ്പോയെന്ന് പറയേണ്ടി വരുന്നു. ചർച്ചചെയ്യാതെ നിയമം ഉണ്ടാക്കിയ സർക്കാറിനെ കടുത്ത ഭാഷയിൽ വിമർശിച്ച കോടതി, നിയമങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയാകട്ടെ സർക്കാറിനും കോർപറേറ്റുകൾക്കും വേണ്ടി നിയമങ്ങളെ ന്യായീകരിച്ചവരും നടപ്പാക്കണമെന്നാവശ്യപ്പെട്ടവരുമാണെന്ന വൈരുധ്യത്തിന് കാരണമെന്താകാം ? നാലംഗ സമിതിയിലുള്ള കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞരായ അശോക് ഗുലാത്തിയും പി കെ ജോഷിയും കടുത്ത നിയോലിബറലിസ്റ്റുകളാണ്. ഈ നിയമങ്ങളെ ന്യായീകരിച്ച് ഇന്ത്യൻ എക്സ്പ്രസ്സ്, ഫിനാൽഷ്യൽ ടൈംസ് തുടങ്ങിയ പത്രങ്ങളിൽ ലേഖനങ്ങൾ എഴുതിയവർ. മറ്റൊരംഗമായ ഭൂപീന്ദർ മാൻ മുൻ രാജ്യസഭാംഗവും നിയമങ്ങളെ അനുകൂലിക്കുന്ന കിസാൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതാവുമാണ്. പുതിയ കാർഷിക നിയമങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ടയാൾ. മറ്റൊരംഗമായ അനിൽ ഘൽവാത് ഷേത്വാരി സംഘടനാ നേതാവാണ്. തുറന്ന ഉദാരവത്കരണവാദി. ഇവരിൽ നിന്ന് എന്തു നീതിയാണ് കർഷകർക്ക് പ്രതീക്ഷിക്കാനാവുക? ഇപ്പോൾ ഭൂപീന്ദർ മാൻ സമിതിയിൽ നിന്ന് പിൻവാങ്ങിയിരിക്കുകയുമാണ്.

കോർപറേറ്റുകൾക്ക് വേണ്ടി കോർപറേറ്റുകളുടെ പൊതുകാര്യങ്ങൾ നോക്കി നടത്തുന്ന കേന്ദ്ര സർക്കാറാണ് കാർഷിക നിയമങ്ങളുണ്ടാക്കിയത്. പാർലിമെന്ററി നടപടിക്രമങ്ങളെ കാറ്റിൽ പറത്തിയാണവർ നിയമം പാസ്സാക്കിയെടുത്തത്. കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർക്കെതിരെ പത്രങ്ങളിൽ എഴുതിയവരെയും പരസ്യമായി സമരത്തിനെതിരെ പ്രചാരണം നടത്തിയവരെയും നിയമങ്ങൾ നടപ്പാക്കണമെന്ന് ശാഠ്യം പിടിച്ചവരെയും ഈ നിയമങ്ങൾ പഠിക്കാൻ നിയോഗിച്ച സുപ്രീം കോടതി കൊടുംശൈത്യത്തിലും മഴയിലും സമരം ചെയ്യുന്ന കർഷകർക്ക് നൽകുന്ന സന്ദേശമെന്താണ്? കർഷകരുടെ ജീവിക്കാനുള്ള മൗലികാവകാശത്തിന് നേരെ വെല്ലുവിളി ഉയർത്തുന്ന ഇങ്ങനെയൊരു നിയമമുണ്ടാക്കിയതിനെ എങ്ങനെ ജുഡീഷ്യൽ വ്യവസ്ഥക്ക് അംഗീകരിക്കാനാകും?

കൃഷിയെ ലാഭകരമല്ലാതാക്കിയതും സബ്‌സിഡികളും സഹായങ്ങളും വെട്ടിക്കുറച്ചും നഷ്ടത്തിലാക്കിയതും ആഗോളവത്കരണ നയങ്ങളാണ്. ഗാട്ട് കരാറും ആസിയാൻ കരാറും ഇറക്കുമതി ഉദാരവത്കരണവും കാർഷികോത്പന്നങ്ങളുടെ വിലയിടിച്ചു. വിലയിടിഞ്ഞതും സർക്കാർ സഹായങ്ങൾ ഇല്ലാതായതും കർഷകരെ കടക്കെണിയിലാക്കി. കൃഷിയിടങ്ങളിൽ നിന്നും കർഷകരെ പുറന്തള്ളുന്ന അപകാർഷികവത്കരണത്തിലേക്കും കോർപറേറ്റുവത്കരണത്തിലേക്കുമാണ് കോൺഗ്രസ് ബി ജെ പി സർക്കാറുകൾ രാജ്യത്തെ തള്ളിവിട്ടത്.

ഇന്ത്യൻ പാടങ്ങൾ ലോകത്തെ ഏറ്റവും വലിയ അരി, ഗോതമ്പ് കമ്പനികളായ കാർഗിൽ ഇൻകോർപറേറ്റും ആസ്ത്രേലിയൻ വീറ്റ് ബോർഡും പോലുള്ള ബഹുരാഷ്ട്ര കുത്തകകൾ കൈയടക്കുന്നതും ഗൗതം അദാനി ആസ്ത്രേലിയയിൽ കൽക്കരി ഖനനമേഖലയിൽ നിക്ഷേപം നടത്തുന്നതും റിലയൻസും ടാറ്റയുമെല്ലാം അമേരിക്കയിലെയും ഫ്രാൻസിലെയും ഐ ടി കമ്പനികളുമായും ഓട്ടോമൊബൈൽ കമ്പനികളുമായും യുദ്ധോപകരണ നിർമാതാക്കളുമായും കൂട്ടുസംരംഭങ്ങൾ ഉണ്ടാക്കുന്നതും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നവർക്ക് ഉത്തരമുണ്ടാകും. ആഗോള ഫൈനാൻസ് മൂലധനത്തിന്റെ ഭ്രമണപഥത്തിലേക്ക് അതിവേഗം ഇന്ത്യൻ കുത്തകകളും സമ്പദ്ഘടനയും ഉദ്ഗ്രഥിക്കപ്പെടുകയാണല്ലോ. അന്താരാഷ്ട്ര കോർപറേഷനുകൾ ഇന്ത്യൻ കൃഷിയെയും വ്യവസായങ്ങളെയും കീഴടക്കുകയാണ്. സ്വാതന്ത്ര്യാനന്തരം വൻകിട ബൂർഷ്വാസിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഭരണകൂടം സാർവദേശീയവും ദേശീയവുമായ രാഷ്ട്രീയ സാഹചര്യങ്ങളുടെ നിർബന്ധം മൂലം രൂപപ്പെടുത്തിയ രാജ്യത്തിന്റെ പരമാധികാരവും സമ്പദ്ഘടനയുടെ ആപേക്ഷികമായ സ്വാശ്രയത്വവും നഷ്ടപ്പെടുത്തുകയാണ്.

ഒടുവിൽ കാർഷിക നിയമങ്ങൾ ഉത്പാദന, വിപണന, സംഭരണ രംഗങ്ങളിലെ കർഷകർക്കും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷക്കും അനുകൂലമായ പരിരക്ഷാ വ്യവസ്ഥകളും നിയന്ത്രണങ്ങളും എടുത്തുകളയുന്നു. വ്യവസ്ഥാരഹിതമായ കോർപറേറ്റ് കൊള്ളക്ക് അവസരമൊരുക്കുന്നു. അംബാനിക്കും അദാനിക്കും ആമസോണിനും മോറിനും വേണ്ടി ഇന്ത്യൻ കാർഷികോത്പന്ന വിപണി തുറന്നുകൊടുക്കുന്നു.

എ പി എം സിയെയും മിനിമം സപ്പോർട്ട് പ്രൈസ് സംവിധാനങ്ങളെയും തകർത്ത് അവരുടെ ശീതീകരണ സംഭരണശാലകളും റീട്ടെയിൽ ശൃംഖലകളും ഇന്ത്യൻ കർഷകന്റെയും ഉപഭോക്താവിന്റെയും ജീവിക്കാനുള്ള അവകാശത്തിന് മരണവാറണ്ട് പുറപ്പെടുവിക്കുന്ന അത്യന്തം ഗുരുതരമായ സാഹചര്യമാണ് ഈ കർഷകദ്രോഹ നിയമങ്ങൾ സൃഷ്ടിക്കുന്നത്. അന്താരാഷ്ട്ര അഗ്രി ബിസിനസ് കമ്പനികൾക്ക് കരാർ കൃഷിക്ക് സൗകര്യമൊരുക്കുന്ന നിയമങ്ങൾ ഇന്ത്യയെ ബഹുരാഷ്ട്രകുത്തകകളുടെ നവകോളനികളായി മാറേണ്ടിവന്ന ലാറ്റിനമേരിക്കൻ ബനാന റിപ്പബ്ലിക്കുകളുടെ ദുരന്ത യാഥാർഥ്യങ്ങളിലേക്കാണ് എത്തിക്കുക.
ഗ്വാട്ടിമാലയെ കലക്കിയെറിഞ്ഞ യുനൈറ്റഡ് ഫ്രൂട്ടുസ് കമ്പനികൾക്ക് സമാനമായ അഗ്രി ബിസിനസ് കമ്പനികൾക്ക് പരവതാനി വിരിക്കുകയാണ് ഫാം നിയമങ്ങളിലൂടെയും ഉദാരവത്കരണ പരിഷ്‌കാരങ്ങളിലൂടെയും മോദി സർക്കാർ. ഇതിനെ പ്രതിരോധിച്ചേ കോർപറേറ്റുകളുടെ ആർത്തിയിൽ നിന്ന് നാടിനെയും കൃഷിയെയും സംരക്ഷിക്കാനാകൂ.