Kerala
കെ എസ് ആര്‍ ടി സി ജീവനക്കാരെ ഒന്നാകെ ആക്ഷേപിച്ചിട്ടില്ല: എം ഡി

തിരുവനന്തപുരം | കെ എസ് ആര്‍ ടി സിയിലെ കെടുകാര്യസ്ഥതക്കെതിരെ പ്രതികരിച്ചത് വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി എം ഡി ബിജു പ്രഭാകര്‍. കെ എസ് ആര്‍ ടി സിയിലെ ജീവനക്കാരെ ഒന്നാകെ താന്‍ ആക്ഷേപിച്ചിട്ടില്ലെന്നും ചുരുക്കം ചിലരാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. 95 ശതമാനം ജീവനക്കാരും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അഞ്ച് ശതമാനം തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്നു. ഇവര്‍ക്ക് ഒരു യൂണിയിന്റേയും പിന്തുണയില്ല. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയനുകള്‍ നല്‍കിയ നിര്‍ദേശങ്ങളാണ് കഴിഞ്ഞ ഏഴ് മാസമായി താന്‍ കെ എസ് ആര്‍ ടി സിയില്‍ നടപ്പാക്കിയത്. ഒരു വിഭാഗം ജീവനക്കാര്‍ക്ക് ഇതൊരു നേരംപോക്ക് മാത്രമാണ്. അവര്‍ക്ക് മറ്റ് പല ജോലികളുണ്ട്. കഴിവില്ലാത്ത ഒരുവിഭാഗം ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് പ്രശ്നം. കൂട്ടായ പ്രയത്നം കെ എസ് ആര്‍ ടി സിയില്‍ ഇല്ല. എല്ലാ അഴിമതിയും ഇല്ലാതാക്കാമെന്ന് താന്‍ കരുതുന്നില്ല. പുതിയ സംവിധാനം ഏര്‍പ്പെടുത്തി അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കുക എന്നതാണ് തന്റെ ജോലിയെന്നും എം ഡി മാധ്യമങ്ങളോട് വിശദീകരിച്ചു.