Connect with us

Kerala

മൊബൈല്‍ ആപ് വഴിയുള്ള വായ്പ തട്ടിപ്പ്; സംസ്ഥാനം നിയമഭേദഗതിക്കൊരുങ്ങുന്നു

Published

|

Last Updated

തിരുവനന്തപുരം | മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുള്ള വായ്പാ തട്ടിപ്പ് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ നിയമഭേദഗതിക്ക് സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. കേരള മണി ലെന്‍ഡിംഗ് ആക്ടില്‍ ഭേദഗതി വരുത്തുമെന്ന് ബജറ്റില്‍ ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്ക് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് മാത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുള്ള ഇന്‍സ്റ്റന്റ് ലോണുകള്‍ എടുത്ത് കെണിയില്‍പ്പെട്ടവര്‍ ആയിരങ്ങളാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ കുരുങ്ങിയിട്ടുണ്ട്.

ഉപഭോക്താവിന്റെ ഫോണിലെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി എടുത്ത് ഭീഷണിപ്പെടുത്തിയ സംഭവങ്ങളും അനവധി. നിരവധി പരാതികള്‍ എത്തിയതോടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. ഇതോടെയാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴിയുള്ള വായ്പ വിനിമയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നിയമഭേദഗതി കൊണ്ടുവരുമെന്ന പ്രഖ്യാപനം ധനമന്ത്രി ബജറ്റില്‍ ഉള്‍പ്പെടുത്തിയത്.

നിയമപരമായ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്കെതിരെ ഗൂഗിളും നടപടി തുടങ്ങിയിട്ടുണ്ട്. ആക്ഷേപം ഉയര്‍ന്ന ആയിരത്തിലധികം ആപ്പുകളില്‍ 118 എണ്ണം ഇതിനകം പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ബേങ്കിംഗ് ഇതര ധനസ്ഥാപനങ്ങളായി പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതിയില്ലെന്ന് കണ്ടെത്തിയ ആപ്പുകള്‍ക്കെതിരെയാണ് ഗൂഗിള്‍ നടപടിക്ക് തയാറായത്.