Connect with us

Kerala

ഐസകിന്റേത് ബഡായി ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചത് ബഡായി ബജറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ബഡ്ജറ്റുകളില്‍ നൂറുക്കണക്കിന് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച തോമസ് ഐസക് തെരഞ്ഞെടുപ്പ് വര്‍ഷം വാഗ്ദാനങ്ങള്‍ വാരി വിതറി വീണ്ടും ജനങ്ങളെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എല്‍.ഡി. എഫ് സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. അത് നടന്നില്ല. ഇപ്പോള്‍ 5 വര്‍ഷം കൊണ്ട് ഡിജിറ്റല്‍ മേഖലയില്‍ മാത്രം 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 5 വര്‍ഷം കൊണ്ട് പ്രൊഫഷണല്‍ രംഗത്ത് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും പ്രഖ്യാപിക്കുന്നു. ഇത് തട്ടിപ്പാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായത് കൊണ്ടാണ് അപ്രായോഗികമായ ഇത്തരമൊരു ബജറ്റ് ഐസക് അവതരിപ്പിച്ചത്. നിയമസഭയുടെ മൂന്നേകാല്‍ മണിക്കൂര്‍ സമയം വെറുതെ പാഴാക്കിയിരിക്കുകയാണ് അദ്ദേഹമെന്നും ചെന്നിത്തല പറഞ്ഞു.

കമ്മി പൂര്‍ണ്ണമായി അവസാനിപ്പിക്കുമെന്നാണ് ഐസക് അഞ്ച് വര്‍ഷം മുമ്പ് പ്രഖ്യാപിച്ചത്. പക്ഷെ അത് നടപ്പിലായില്ല. പകരം കമ്മി വർദ്ധിക്കുകയാണ് ചെയ്തത്. 2020-21ല്‍ 15201 കോടി രൂപ റവന്യൂകമ്മി ഉണ്ടാകുമെന്നാണ് ഐസക് കഴിഞ്ഞ ബഡ്ജറ്റില്‍ പ്രവചിച്ചത്. പക്ഷെ കമ്മി ഉണ്ടായത് 24206 കോടി. കമ്മി ലക്കും ലഗാനുമില്ലാതെ കുതിച്ച് ഉയരുകയാണ് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.

തകര്‍ന്നു കിടക്കുന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളൊന്നും ഈ ബജറ്റിലില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

---- facebook comment plugin here -----

Latest