Connect with us

Articles

പ്രിവിലേജുള്ളവര്‍ക്ക് മാത്രമാണോ നീതി?

Published

|

Last Updated

അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യാവസ്ഥ മോശമായി തുടരുന്ന വാര്‍ത്തകള്‍ വിചാരണത്തടവെന്ന ക്രൂരത വീണ്ടും ചര്‍ച്ചയാകാന്‍ ഇടയാക്കിയിരിക്കുകയാണ്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഒമ്പതര വര്‍ഷക്കാലം തടങ്കലില്‍ കഴിഞ്ഞതിന് ശേഷം നിരപരാധിയാണെന്ന് കണ്ടെത്തി വെറുതെ വിടപ്പെട്ടയാളാണ് മഅ്ദനി.
കോയമ്പത്തൂര്‍ ജയില്‍ വാസം കഴിഞ്ഞ് ചെറിയ ഇടവേളക്ക് ശേഷം മഅ്ദനി വീണ്ടും കാരാഗൃഹത്തിലടക്കപ്പെട്ടു. ബെംഗളൂരു സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നാണ് കേസ്. പത്ത് വര്‍ഷമായി പരപ്പന അഗ്രഹാര ജയിലിലും വീട്ടുതടങ്കലിലുമായി മഅ്ദനി വിചാരണ കാത്ത് കഴിയുകയാണ്. അന്വേഷണം പൂര്‍ത്തിയാക്കി വിചാരണ പെട്ടെന്ന് നടത്താനുള്ള ഒരു നടപടിയും ബന്ധപ്പെട്ട സംവിധാനങ്ങളില്‍ നിന്നുണ്ടാകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ ഭൂരിഭാഗവും കുറ്റം തെളിയിക്കപ്പെട്ട് ശിക്ഷ അനുഭവിക്കുന്നവരല്ല. മറിച്ച് വിചാരണ കാത്ത് കഴിയുന്ന അപരാധികളെന്ന് വിധിക്കപ്പെടാത്തവരാണ്. തടവുകാരില്‍ 60 ശതമാനത്തിലേറെ വരുന്നവര്‍ വിചാരണത്തടവുകാരാണെന്ന് ലോ കമ്മീഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. അനേകായിരം വിചാരണത്തടവുകാര്‍ അഞ്ച് വര്‍ഷത്തിലേറെയായി കാരാഗൃഹത്തില്‍ കഴിയുന്നവരാണെന്ന് നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ സാക്ഷ്യപ്പെടുത്തുന്നു.
നീതി നിര്‍വഹണ സംവിധാനത്തിന്റെ ഇഴഞ്ഞു നീങ്ങലിന്റെ ദുരന്ത പരിണതിയാണ് വിചാരണത്തടവുകാര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍. പ്രിവിലേജുള്ളവര്‍ക്ക് വേണ്ടി അതിവേഗ നടപടികള്‍ സ്വീകരിക്കാന്‍ ഇതേ നീതിനിര്‍വഹണ സംവിധാനം ഉത്സാഹം കാണിക്കുന്നുണ്ടെന്നതും കാണാതെ പോകരുത്. പാവപ്പെട്ടവരോടും സാധാരണക്കാരോടും മുഖം തിരിക്കുന്ന പ്രവണതയാണ് രാജ്യത്തെ പോലീസും ജുഡീഷ്യറിയുമൊക്കെ വെച്ചുപുലര്‍ത്തുന്നത്.

1.6 കോടി ക്രിമിനല്‍ കേസുകള്‍ ഇന്ത്യയില്‍ പരിഗണന കാത്ത് കെട്ടിക്കിടക്കുകയാണ്. അതില്‍ തന്നെ 22 ലക്ഷം കേസുകള്‍ക്ക് പത്ത് വര്‍ഷത്തിലധികം പഴക്കമുണ്ട്. അതിവേഗം അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കി വിചാരണ നടത്തണമെന്ന അവകാശം അട്ടിമറിക്കപ്പെടുകയാണിവിടെ.

ഇന്ത്യയിലെ ക്രിമിനല്‍ നിയമ സംവിധാനങ്ങള്‍ പാവപ്പെട്ടവരോടും ദുര്‍ബലരോടും നിതാന്ത ശത്രുതയിലാണെന്ന് പറയത്തക്ക വിധമാണ് കാര്യങ്ങളുടെ പോക്ക്. തദ്ദേശീയരെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ രൂപവത്കരിച്ച നിയമ വ്യവസ്ഥകള്‍ സാധാരണക്കാര്‍ക്ക് നേരെ പ്രയോഗിക്കപ്പെട്ടുകൊണ്ടിരിക്കുകയാണിന്ന്. നീതിയെന്നത് വലിയ വില കൊടുത്ത് വാങ്ങേണ്ട സാധനമായി മാറുമ്പോള്‍ പാവപ്പെട്ടവന് നീതി നിഷേധം അനുഭവിക്കാന്‍ മാത്രമേ യോഗമുള്ളൂ.

40 വര്‍ഷങ്ങള്‍ക്ക് മുമ്പേ വിചാരണത്തടവെന്ന അവകാശ ലംഘനത്തിനെതിരെ സുപ്രീം കോടതി രംഗത്ത് വരികയും പരിഹാര നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. നിയമം അനീതി ചെയ്യാനുള്ള ഉപകരണമാകുന്നുവെന്നും നീതിന്യായ വ്യവസ്ഥയിലെ പുഴുക്കുത്തുകളുടെ ഇരകളാണ് വിചാരണത്തടവുകാരെന്നുമായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. 40 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ അവസ്ഥ രൂക്ഷമാകുകയല്ലാതെ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.
ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ ജഡ്ജിയും ജില്ലാ പോലീസ് മേധാവിയും ഉള്‍പ്പെട്ട സമിതി വിചാരണത്തടവുകാരുടെ കാര്യങ്ങള്‍ നിശ്ചിത ഇടവേളകളില്‍ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യണമെന്നും അര്‍ഹരായവര്‍ക്ക് ജാമ്യം നല്‍കണമെന്നും 2014ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അതും ജലരേഖയായി അവശേഷിക്കുന്നു. ഇത്തരം നിര്‍ദേശങ്ങള്‍ ഹൈക്കോടതി ജഡ്ജിമാര്‍ പോലും പരിഗണിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

രാജ്യത്തെ ജയിലുകള്‍ യുവാക്കള്‍, സ്ത്രീകള്‍, നിരക്ഷരര്‍, പിന്നാക്ക വിഭാഗക്കാര്‍ എന്നിവരാല്‍ നിറഞ്ഞ് കിടക്കുകയാണ്. അവരിലധികവും ജാമ്യത്തുക കെട്ടിവെക്കാന്‍ കഴിയാത്ത പാവങ്ങളാണ്. “കുറ്റക്കാരായത് കൊണ്ടല്ല, ജാമ്യത്തുക വഹിക്കാന്‍ കഴിയാത്തതിനാലാണ് പലരും ജയിലില്‍ കിടക്കുന്നത്” എന്ന് സുപ്രീം കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്. ലോ കമ്മീഷന്റെ 268ാമത് റിപ്പോര്‍ട്ട് ഇക്കാര്യത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്. “പണവും സ്വാധീനവുമുള്ളവര്‍ എളുപ്പത്തില്‍ ജാമ്യം നേടുന്നു. സാധാരണക്കാരും പാവപ്പെട്ടവരും ജയിലുകളില്‍ കഴിയുന്നു”.
തടവുകാര്‍ക്ക് നിയമ സഹായ അഭിഭാഷകരെ നിയമിച്ച് കൊടുക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അങ്ങനെയൊന്ന് പലയിടത്തും നടക്കുന്നില്ല. ഇത്തരം അഭിഭാഷകരുടെ എണ്ണക്കുറവും അവര്‍ക്ക് ലഭിക്കുന്ന കുറഞ്ഞ വേതനവും ഈ സംവിധാനത്തിന് തടസ്സമാകുകയാണ്.

മുസ്‌ലിംകളും ദളിതുകളും ആദിവാസികളുമാണ് വിചാരണത്തടവുകാരില്‍ അധികവും. ഇന്ത്യന്‍ ജനസംഖ്യയുടെ 39 ശതമാനം മാത്രം വരുന്ന മേല്‍ വിഭാഗങ്ങള്‍ വിചാരണത്തടവുകാരുടെ 53 ശതമാനമുണ്ടെന്നത് ഞെട്ടിക്കുന്ന കണക്കാണ്. നമ്മുടെ വ്യവസ്ഥിതി ഇത്തരം വിഭാഗങ്ങളെ മനപ്പൂര്‍വം ലക്ഷ്യം വെക്കുന്നുവെന്നതിന് ഇതില്‍പരം തെളിവുകള്‍ നിരത്തേണ്ടതില്ല. തടവുകാരില്‍ 29 ശതമാനം നിരക്ഷരരും 42 ശതമാനം സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവരുമാണ്. ഇന്ത്യയുടെ യുവത്വമാണ് ജയിലറകളില്‍ ഹോമിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. വിചാരണത്തടവുകാരില്‍ 48 ശതമാനവും 18-30 വയസ്സ് പ്രായമുള്ളവരാണെന്ന കണക്ക് അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ലഭിക്കുന്ന ശിക്ഷയേക്കാള്‍ കൂടുതല്‍ കാലം വിചാരണയുടെ പേരില്‍ തടങ്കലില്‍ കഴിയുന്ന മനുഷ്യരുള്ള നാടാണ് നമ്മുടേത്. ഒരു തവണ പോലും മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കപ്പെടാത്തവരും കേസ് ഹിയറിംഗ് ആരംഭിച്ചിട്ട് പോലുമില്ലാത്തവരും അക്കൂട്ടത്തിലുണ്ട്.

മാവോയിസ്റ്റ് സാന്നിധ്യമുള്ള ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്ന് അനേകായിരം ആദിവാസികളെയാണ് വിചാരണ കൂടാതെ ജയിലിലടച്ചിരിക്കുന്നത്. മുസ്‌ലിമിന്റെ പേരും വേഷവുമൊക്കെ ഭീകരവാദത്തിന്റെയും രാജ്യദ്രോഹത്തിന്റെയും പ്രതീകമാണെന്ന പൊതുബോധം സൃഷ്ടിക്കാന്‍ പോലീസും കോടതികളും മുഖ്യ കാര്‍മികത്വം വഹിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടി വരുന്ന രൂപത്തിലാണ് ജയിലറകളിലെ മുസ്‌ലിം പെരുപ്പം. മഅ്ദനിയും സകരിയ്യയുമൊക്കെ ഇതിന്റെ പ്രതീകങ്ങള്‍ മാത്രമാണ്. ഭരണകൂടത്തെ അസ്വസ്ഥപ്പെടുത്തുന്ന ചോദ്യങ്ങളുന്നയിക്കുന്നവര്‍ കരിനിയമങ്ങള്‍ ചുമത്തപ്പെട്ട് കാരാഗൃഹത്തില്‍ തള്ളപ്പെടുകയാണ്.

“ജാമ്യമാണ് നിയമം, ജയില്‍ ഒരു അപവാദമാണ്” എന്ന നീതിപീഠ ആപ്തവാക്യം പ്രിവിലേജുള്ളവര്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. അര്‍ണബ് ഗോസ്വാമിയെന്ന ഹിന്ദുത്വവാദിക്ക് വേണ്ടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മാഹാത്മ്യം വിളമ്പുന്ന സുപ്രീം കോടതി, സിദ്ദീഖ് കാപ്പനെന്ന മാധ്യമ പ്രവര്‍ത്തകന്റെ വിഷയം വരുമ്പോള്‍ ചുവട് മാറ്റുന്നു. സ്‌ഫോടനക്കേസുകളില്‍ പ്രതിയായ പ്രഗ്യാസിംഗിന് ജാമ്യം അനുവദിക്കുന്ന ജുഡീഷ്യറി സഞ്ജീവ് ഭട്ടിനെപ്പോലെയുള്ളവരെ കണ്ടില്ലെന്ന് നടിക്കുന്നു.

യു എ പി എ പോലുള്ള കരിനിയമങ്ങള്‍ ചുമത്തി ജാമ്യം ലഭിക്കാനുള്ള വിദൂര സാധ്യതയെപ്പോലും ഇല്ലാതാക്കിയാണ് പോലീസ് ഇരകളെ അകത്താക്കിക്കൊണ്ടിരിക്കുന്നത്. വിചാരണത്തടവുകാര്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനത്തില്‍ പോലീസും അവരെ നിയന്ത്രിക്കുന്ന സര്‍ക്കാറുമൊക്കെ കൂട്ടുപ്രതികളാണ്.

പന്തീരങ്കാവ് യു എ പി എ കേസും അതില്‍ ഈയടുത്ത് ഹൈക്കോടതിയെടുത്ത നിലപാടും പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. യു എ പി എയെ എതിര്‍ക്കുന്ന ഇടതുപക്ഷ സര്‍ക്കാറിന്റെ പോലീസ് അലന്‍, ത്വാഹ എന്നീ രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ ചില ലഘുലേഖകളും മറ്റും കണ്ടെടുത്തെന്ന് പറഞ്ഞ് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്യുന്നു. പോലീസ് നീക്കത്തെ സര്‍ക്കാര്‍ എതിര്‍ത്തില്ലെന്ന് മാത്രമല്ല, ഭരണ നേതൃത്വം അവരെ മാവോയിസ്റ്റുകളെന്ന് വിളിക്കുകയുമുണ്ടായി. യു എ പി എ ഉള്ളതിനാല്‍ സ്വാഭാവികമായും കേസ് എന്‍ ഐ എ ഏറ്റെടുത്തു. പ്രത്യേക കോടതി 11 മാസത്തിന് ശേഷം എന്‍ ഐ എ വാദങ്ങളെ തള്ളി ജാമ്യമനുവദിക്കുന്നു. എന്നാല്‍ ഹൈക്കോടതി ത്വാഹയുടെ മാത്രം ജാമ്യം റദ്ദാക്കി. അതനുബന്ധമായി കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങള്‍ ഏറെ ഞെട്ടിപ്പിക്കുന്നതായിരുന്നു. കുറ്റമൊന്നും തെളിയിക്കപ്പെടാതെ തന്നെ അനിശ്ചിതമായി ആളുകളെ തുറുങ്കിലടക്കുന്നതിനെ ന്യായീകരിക്കുന്നതായിരുന്നു അത്. യു എ പി എ ഉള്ളതിനാല്‍ “ജയിലാണ് നിയമം, ജാമ്യം അപവാദ”മാണെന്നായിരുന്നു കോടതി പറഞ്ഞത്. പ്രതികള്‍ മാവോയിസ്റ്റ് അംഗങ്ങള്‍ ആണെന്നതിന് തെളിവില്ലെന്ന് കോടതിക്ക് ബോധ്യമായതിന് ശേഷമായിരുന്നു ഇത്തരം പരാമര്‍ശങ്ങളെന്നതാണ് ഏറെ സങ്കടകരം.

ജയില്‍ കുറ്റവാളികള്‍ക്ക് ശിക്ഷയനുഭവിക്കാനുള്ള ഇടമാണ്. അവിടെയൊരിക്കലും അപരാധം തെളിയിക്കപ്പെടാത്തവരെ അടച്ചിടരുത്. അനിവാര്യ സന്ദര്‍ഭങ്ങളില്‍ വിചാരണ കാത്ത് കഴിയുന്നവരെ താമസിപ്പിക്കണമെങ്കില്‍ പ്രത്യേകം ഇടങ്ങള്‍ സംവിധാനിക്കണം. ഹാര്‍ഡ്‌കോര്‍ ക്രിമിനലുകളുടെ കൂടെ താമസിപ്പിച്ച് കുറ്റവാസന സൃഷ്ടിക്കുന്ന അവസ്ഥയുണ്ടാകരുത്. അന്വേഷണത്തിനും വിചാരണക്കുമുള്ള സമയക്രമം പോലീസും കോടതിയും കണിശമായി പാലിക്കണം. ക്രമസമാധാന പാലനത്തിനും അന്വേഷണത്തിനുമായി പോലീസ് സംവിധാനത്തെ വിഭജിക്കുകയും ആവശ്യാനുസരണം ജഡ്ജിമാരെ നിയമിക്കുകയും വേണം. നീതിന്യായ പ്രക്രിയ തന്നെ ശിക്ഷയായി മാറുന്ന അവസ്ഥക്ക് മാറ്റം വരേണ്ടതുണ്ട്.

Latest