Connect with us

Editorial

കശ്മീരികളും ഇന്ത്യയുടേതാണ്

Published

|

Last Updated

കശ്മീരില്‍ നടക്കുന്ന വ്യാജ ഏറ്റുമുട്ടലുകളുടെ പ്രേരകങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഷോപ്പിയാനിലെ അംഷിപോറയില്‍ മൂന്ന് യുവാക്കള്‍ വെടിയേറ്റു മരിക്കാനിടയായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങള്‍. പരസ്പരം നടന്ന ഏറ്റുമുട്ടലിലല്ല യുവാക്കള്‍ മരിച്ചതെന്നും തീവ്രവാദികളെ വധിച്ചാല്‍ ലഭിക്കുന്ന 20 ലക്ഷം രൂപയുടെ പാരിതോഷികം തട്ടിയെടുക്കാനായി രണ്ട് പ്രദേശവാസികളുടെ സഹായത്തോടെ 62 ആര്‍ ആര്‍ റെജിമെന്റ് ക്യാപ്റ്റന്‍ ഭൂപേന്ദ്ര സിംഗ് ഏറ്റുമുട്ടൽ കൊല ആസൂത്രണം ചെയ്ത് ഏകപക്ഷീയമായി കൊലപ്പെടുത്തിയതാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. വ്യാജ ഏറ്റുമുട്ടലിന് സഹായം നല്‍കിയതിന് പ്രതിഫലമായി ഷോപ്പിയാനിലെ രണ്ട് സ്വദേശികള്‍ക്ക് ഭൂപേന്ദ്ര സിംഗ് പാരിതോഷികമായി പണം നല്‍കുകയും ചെയ്തു. 75 സാക്ഷികളുടെ മൊഴിയും പ്രതികളുടെ ഫോണ്‍ വിവരങ്ങളും പരിശോധിച്ച ശേഷമാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത്.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് രജൗരി ജില്ലയില്‍ നിന്നുള്ള അബ്‌റാര്‍ അഹ‌്മദ്, ഇംതിയാസ് അഹ‌്മദ്, മുഹമ്മദ് അബ്‌റാര്‍ എന്നീ മൂന്ന് യുവാക്കള്‍ അംഷിപോറയില്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചത്. ഭീകരവാദികളാണെന്നും സൈന്യത്തെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് അവര്‍ക്കു നേരേ വെടിയുതിര്‍ത്തതെന്നുമായിരുന്നു വെടിവെപ്പിന് നേതൃത്വം നല്‍കിയ ഭൂപേന്ദ്ര സിംഗ് പറഞ്ഞത്. മരിച്ച യുവാക്കള്‍ തങ്ങളുടെ കാണാതായ കുടുംബാംഗങ്ങളാണെന്ന് വെളിപ്പെടുത്തി ബന്ധുക്കള്‍ രംഗത്തെത്തിയതോടെയാണ് വ്യാജ ഏറ്റുമുട്ടലാണെന്ന് വ്യക്തമായത്. കൊല്ലപ്പെട്ടവരുടെ ഡി എന്‍ എ പരിശോധനാ ഫലത്തില്‍ മൂന്ന് പേരും രജൗരിയില്‍ നിന്ന് കാണാതായവരാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

1990 കളില്‍ മുംബൈയിലാണ് പോലീസ് ഏറ്റുമുട്ടല്‍ കൊലകള്‍ എന്ന പേരില്‍ നിരപരാധികളെ ഏകപക്ഷീയമായി വെടിവെച്ചുകൊല്ലുന്ന പ്രവണതക്ക് തുടക്കം കുറിച്ചത്. കശ്മീര്‍, മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പശ്ചിമബംഗാള്‍, ആന്ധപ്രദേശ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിന്നീട് ഇത്തരം കൊലകള്‍ നടന്നു. 2003- 2009 കാലഘട്ടത്തില്‍ മണിപ്പൂരിനെ ചോരക്കളമാക്കി സൈന്യവും പോലീസും നടത്തിയ വ്യാജ ഏറ്റുമുട്ടലുകളുടെ കഥകള്‍ അന്ന് കമാന്‍ഡോ വിഭാഗത്തിലായിരുന്ന എന്‍കൗണ്ടര്‍ വിദഗ്ധന്‍ ഹിറോജിത്ത് രണ്ട് വര്‍ഷം മുമ്പ് സുപ്രീം കോടതിയില്‍ വെളിപ്പെടുത്തിയതാണ്. ഉന്നതോദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം നൂറുകണക്കിന് പേരെയാണ് ഏറ്റുമുട്ടലുകളെന്ന വ്യാജേന സൈനികരും പോലീസുകാരും വെടിവെച്ചു കൊന്നതെന്ന് ഇത്തരം പല സംഭവങ്ങള്‍ക്കും സാക്ഷിയായ ഹിറോജിത്ത് വ്യക്തമാക്കിയിരുന്നു. പോലീസിനു കീഴടങ്ങിയ ശേഷമായിരുന്നു നിരായുധനായിരുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ നെഞ്ചിന് നേരേ നിറയൊഴിച്ചത്. അന്നത്തെ ഇംഫാല്‍ എ എസ് പിയുടെ നിര്‍ദേശ പ്രകാരമായിരുന്നു ഈ ക്രൂരതയെന്നും അദ്ദേഹം വെളിപ്പെടുത്തി. വ്യാജ ഏറ്റുമുട്ടല്‍ കഥകള്‍ കോടതിയില്‍ പറയാന്‍ തീരുമാനിച്ചതോടെ തനിക്കു നേരേയും വധശ്രമമുണ്ടായെന്നും ഹിറോജിത്ത് അറിയിച്ചു.

ഇന്ത്യയില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ വര്‍ധിതമായ തോതില്‍ നടക്കുന്നതായി യു എന്‍ പ്രത്യേകാന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടുന്നുണ്ട്. പോലീസിന്റെയും സൈന്യത്തിന്റെയും വെടിയേറ്റു മരിക്കുന്ന സിവിലിയന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് അവര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ പോരാടാനുള്ള സാമ്പത്തിക സ്വാധീനമില്ലെന്നും അതേസമയം ഏറ്റുമുട്ടല്‍ കൊല ആസൂത്രണം ചെയ്തു നടപ്പാക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇന്ത്യയിലെ പോലീസ് സംവിധാനം ന്യൂനപക്ഷങ്ങളുടെ രക്ഷക്കെത്തുന്നില്ലെന്നും കലാപകാരികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ വര്‍ഗീയ സംഘര്‍ഷങ്ങളെയും കൂട്ടക്കൊലകളെയും കുറിച്ച് പഠിക്കാന്‍ മനുഷ്യാവകാശ കൗണ്‍സില്‍ നിരീക്ഷകനായ ക്രിസ്റ്റഫ് ഹെയിന്‍സിന്റെ നേതൃത്വത്തില്‍ യു എന്‍ നിയോഗിച്ച പ്രത്യേകാന്വേഷണ സംഘമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പുല്‍വാമ ആക്രമണത്തിന് ശേഷം കശ്മീരികള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ പൂര്‍വോപരി വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടുത്തെ പല വ്യാജ ഏറ്റുമുട്ടല്‍ കൊലകളും സൈന്യത്തിനും അര്‍ധ സൈനിക വിഭാഗങ്ങള്‍ക്കും കേന്ദ്രം നല്‍കിയ പ്രത്യേക അധികാരത്തിന്റെ മറവില്‍ തീവ്രവാദികള്‍ക്കെതിരായ ഓപറേഷനുകളുടെ പട്ടികയിലാണ് പെടുത്താറുള്ളത്. രണ്ട് ലക്ഷ്യങ്ങളാണ് പ്രധാനമായും വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെ പിന്നില്‍. തീവ്രവാദികളെ പിടികൂടുകയും വധിക്കുകയും ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷികങ്ങളും സ്ഥാനക്കയറ്റങ്ങളും നേടുകയാണ് ഒന്ന്. വംശീയഹത്യയാണ് മറ്റൊന്ന്. കശ്മീരിലെ വ്യാജ ഏറ്റുമുട്ടലുകളില്‍ നല്ലൊരു ഭാഗവും വംശീയഹത്യയാണ്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഭരണ കേന്ദ്രങ്ങള്‍ തറപ്പിച്ചു പറയുമ്പോള്‍ തന്നെ, കശ്മീരികളെ തങ്ങള്‍ക്കു വേണ്ടെന്ന മട്ടിലാണ് അവരുടെ നേരേയുള്ള സര്‍ക്കാറിന്റെയും സൈന്യത്തിന്റെയും പോലീസിന്റെയും നടപടികള്‍.

ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവനും സ്വത്തിനുമുള്ള സംരക്ഷണം കശ്മീരികള്‍ക്ക് അവകാശപ്പെട്ടതല്ലെന്ന രീതിയില്‍ അവര്‍ക്കു നേരെ ബഹിഷ്‌കരണവും കിരാതമായ സൈനിക നടപടികളും നടന്നു വരുന്നു. കശ്മീരികള്‍ സാമൂഹിക ബഹിഷ്‌കരണവും ആക്രമണവും നേരിടുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ പത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദേശം നല്‍കേണ്ടി വന്നത് ഈ പശ്ചാത്തലത്തിലാണ്.

കശ്മീര്‍ യുവാക്കളില്‍ പാക്കിസ്ഥാന്‍ അനുകൂല നിലപാട് പുലര്‍ത്തുന്ന സംഘടനകളുമായി സഹകരിക്കുന്നത് വളരെ നാമമാത്രമായ എണ്ണമാണ്. ബഹുഭൂരിഭാഗവും ഇന്ത്യയോട് കൂറ് പുലര്‍ത്തുന്നവരും ദേശസ്‌നേഹികളുമാണ്. എന്നാല്‍ പ്രദേശത്ത് തീവ്രവാദ സംഘടനകളുടെ അക്രമങ്ങള്‍ നടക്കുമ്പോള്‍, നിരപരാധികളായ കശ്മീരികളെയാണ് സൈന്യവും പോലീസും ഉന്നം വെക്കുന്നത്. പ്രദേശത്ത് തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് ശക്തി പകരാനേ ഇത് സഹായിക്കുകയുള്ളൂ. കശ്മീരിനെ ഇന്ത്യയുമായി അകറ്റുന്ന സൈനിക ക്രൂരതകള്‍ അവസാനിപ്പിച്ച് അവരെ ചേര്‍ത്തു പിടിക്കുന്നതിനാവശ്യമായ നയപരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

Latest