റിമാന്‍ഡ് പ്രതി മരിച്ച സംഭവം;പോലീസിനെതിരെ ബന്ധുക്കള്‍ രംഗത്ത്

Posted on: January 14, 2021 10:09 am | Last updated: January 14, 2021 at 12:34 pm

ഉദയംപേരൂര്‍ | റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ പോലീസിനെതിരെ ആരോപണവുമായി ബന്ധുക്കള്‍. ജയിലില്‍ എത്തും മുമ്പ് ഷെഫീഖിനെ പോലീസുകാര്‍ ക്രൂരമായി മര്‍ദിച്ചുവെന്നും, ഇതാണ് മരണ കാരണമെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

തട്ടിപ്പ് കേസില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് കാഞ്ഞിരപ്പള്ളി വട്ടകപ്പാറയിലെ വീട്ടില്‍ നിന്ന് ഷെഫീക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ക്വാറന്റീനിലിരിക്കെ ഷെഫീക്ക് തലകറങ്ങി വീഴുകയായിരുന്നു.

തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയില്‍ ആന്തരിക രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു