പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം തോറും ആറായിരം രൂപ; യുഡിഎഫ് പ്രകടനപത്രികയില്‍ ന്യായ് പദ്ധതിയും

Posted on: January 13, 2021 4:45 pm | Last updated: January 14, 2021 at 7:58 am

തിരുവനന്തപുരം | രാഹുല്‍ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി കേരളത്തിലെ നിയമസഭാ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി യുഡിഎഫ്. പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടില്‍ മാസം 6000 രൂപ ലഭ്യമാക്കുന്നതാണ്, മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി. ഇത് പ്രകാരം ഒരു കുടുംബത്തിന് പ്രതിവര്‍ഷം 72,000 രൂപ ലഭിക്കും.ഫേസ്ബുക്കിലൂടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാഹുല്‍ ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്തത്.

സംസ്ഥാനത്തു നിന്നും ദാരിദ്ര്യം തുടച്ചുനീക്കാന്‍ ഈ പദ്ധതിക്ക് കഴിയുമെന്നും ന്യായ് പദ്ധതി പൂര്‍ണതോതില്‍ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും ് രമേശ് ചെന്നിത്തല പോസ്റ്റില്‍ പറയുന്നു.

ജനകീയ മാനിഫെസ്റ്റോയുമായിട്ടാണ് യുഡിഎഫ് ഇത്തണ നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകടനപത്രികയില്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മെയില്‍ വഴി സ്വീകരിക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.