Connect with us

Covid19

പ്രതിരോധത്തിനായി ആദ്യ ബാച്ച് വാക്‌സിന്‍ കേരളത്തിലെത്തി

Published

|

Last Updated

കൊച്ചി | കൊവിഡ് 19 പ്രതിരോധനത്തിനായുള്ള ആദ്യ ബാച്ച് വാക്‌സിന്‍ കേരളത്തിലെത്തി. പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കൊടുത്തയച്ച വാക്‌സിനുമായുള്ള ഗോ എയറിന്റെ പ്രത്യേക വിമാനം രാവിലെ 11 മണിയോടെ നെടുമ്പാശ്ശേരിയിയില്‍ ഇറങ്ങി. 25 ബോക്‌സുകളിലായി മൂന്ന് ലക്ഷത്തോളം ഡോസ് വാക്‌സിനാണ് കൊച്ചിയിലെത്തിച്ചത്. മധ്യ കേരളത്തിലും മലബാറിലും വിതരണം ചെയ്യാനുള്ളതാണ് ഈ വാക്‌സിനുകള്‍. വിമാനത്താവളത്തില്‍ നിന്ന് മുഴുവന്‍ വാക്‌സിനുകളും ശീതീകരിച്ച വാഹനത്തില്‍ കൊച്ചിയിലെ പ്രത്യേക സംഭരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

മധ്യകേരളത്തില്‍ വിതരണം ചെയ്യാനുള്ള 15 ബോക്‌സ് വാക്‌സിനുകള്‍ എറണാകുളത്ത് സൂക്ഷിക്കും. ബാക്കി പത്ത് ബോക്‌സുകള്‍ മലബാറില്‍ വിതരണം ചെയ്യുന്നതിനായി കോഴിക്കോട്ടേക്ക് കൊണ്ടുപോകും. എറണാകുളത്തും കോഴിക്കോട്ടും കേന്ദ്രീകരിച്ചാകും ഈ മേഖലകളിലെ മറ്റ് ജില്ലകളിലേക്ക് വാക്‌സിനുകള്‍ വിതരണത്തിനായി എത്തിക്കുക. കൊവിഷീല്‍ഡ് വാക്‌സിനാണ് ആദ്യഘട്ടത്തില്‍ കേരളത്തിലെത്തിച്ചിരിക്കുന്നത്.
വൈകിട്ട് ആറിന് രണ്ടാമത്തെ ബാച്ച് വാക്‌സിന്‍ തിരുവനന്തപുരത്ത് എത്തും. തെക്കന്‍ ജില്ലകളിലേക്കായിരിക്കും ഈ വാക്‌സിന്‍ വിതരണം ചെയ്യുക.