താഴ്വരയിലെ താരകങ്ങൾ

അനേകായിരം ആത്മജ്ഞാനികളുടെ പാദസ്പർശമേറ്റ മണ്ണിലൂടെ സഞ്ചരിക്കുമ്പോൾ, തലമുറകളിലൂടെ കൈമാറി വന്ന കഴിഞ്ഞു പോയ ആ വസന്തകാലത്തിന്റെ ഓർമകൾ തരീമുകാർ ആവേശത്തോടെ അയവിറക്കുന്നു.
യാത്രാനുഭവം
Posted on: January 12, 2021 6:05 pm | Last updated: January 12, 2021 at 6:06 pm

തരീമിലേക്കുള്ള വഴിത്താരകളിലെ ജാലകക്കാഴ്ചകൾക്കെല്ലാം പൗരാണികതയുടെ മുഖച്ഛായയും ചരിത്രത്തിന്റെ പശ്ചാത്തലങ്ങളുമുണ്ട്. അനേകായിരം ആത്മജ്ഞാനികളുടെ പാദസ്പർശമേറ്റ മണ്ണിലൂടെ സഞ്ചരിക്കുമ്പോൾ, തലമുറകളിലൂടെ കൈമാറി വന്ന കഴിഞ്ഞുപോയ ആ വസന്തകാലത്തിന്റെ ഓർമകൾ തരീമുകാർ ആവേശത്തോടെ അയവിറക്കുന്നത് കാണാം. ഞങ്ങൾ തരീമിന്റെ നഗരവീഥികളിലേക്ക് കടന്നു. നഗരത്തിന്റെ തിരക്കുകളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ റോഡിന്റെ വലതു വശത്ത് വലിയ ചുറ്റുമതിലുള്ള സമ്പൽ മഖ്ബറ കാണാം. മതിലിന്റെ മധ്യഭാഗത്ത്, പടിപ്പുരയടങ്ങിയ പ്രവേശന കവാടത്തിന് മുന്നിലായി ബസ് നിർത്തി. വളരെ തിടുക്കം കൂട്ടിയാണ് എല്ലാവരും ബസിൽ നിന്നിറങ്ങുന്നത്. ഹബീബ് ഉമറും, തരീമിലെ മുഫ്തി ഹബീബ് അലി അൽ മശ്ഹൂറും നേരത്തെ തന്നെ അവിടെ എത്തിയിട്ടുണ്ട്.

അവരുടെ നേതൃത്വത്തിലാണ് എല്ലാ വെള്ളിയാഴ്ചയും സിയാറത്ത് നടക്കാറുള്ളത്. പാദുകമഴിച്ചു വെച്ച് ഞങ്ങൾ കവാടം കടന്നു. പ്രവിശാലമായ ശ്മശാനം മക്കയിലെ ജന്നത്തുൽ മുഅല്ലയെ ഓർമിപ്പിക്കും. വെള്ളയും മണ്ണിന്റെ നിറത്തിലുമായി നിരന്നുനിൽക്കുന്ന ഖബറുകൾ. കാണുമ്പോൾ തന്നെ ഭയവും ഭക്തിയും അറിയാതെ വന്നു ചേരും. അവക്കിടയിലൂടെ ഇടുങ്ങിയ നടപ്പാതകൾ, ചില ഖബറുകളിൽ മാത്രം തിരിച്ചറിയാനായി പേരെഴുതി വെച്ചിരിക്കുന്നു. അടയാളങ്ങളൊന്നുമില്ലെങ്കിലും ഹളർമൗത്തിലെ ഏറ്റവും പ്രശസ്ത തീർഥാടന കേന്ദ്രമായ സമ്പൽ മഖ്ബറയിലെ മഹാന്മാരുടെ ഖബറുകളെല്ലാം ജനങ്ങൾക്ക് ഏറെ സുപരിചിതമാണ്. പ്രസ്തുത മസാറിൽ ആയിരത്തിൽപരം ഔലിയാക്കളും എൺപത് ഖുത്ബുകളും അന്ത്യവിശ്രമം കൊള്ളുന്നുണ്ട് എന്ന് ഹിജ്‌റ 819ൽ വഫാത്തായ ഹബീബ് അബ്ദുർറഹ്്മാൻ അസ്സഖാഫ് (റ) പറഞ്ഞിട്ടുണ്ട്. അതിന് ശേഷം, ഇമാം ഹദ്ദാദ് (റ) അടക്കം അനേകം മഹത്തുക്കൾ ഈ മണ്ണിൽ ഇപ്പോൾ വിശ്രമിക്കുന്നുണ്ട്.

തരീമിലെ പ്രധാന മൂന്ന് തീർഥാടന കേന്ദ്രങ്ങളാണ് സമ്പൽ, ഫുറൈത്വ്, അക്ദർ എന്നീ മഖ്ബറകൾ. റോഡിന്റെ വശങ്ങളിൽ സമ്പൽ മഖ്ബറക്ക് സമാന്തരമായി കിടക്കുന്ന ഈ കേന്ദ്രങ്ങൾ “ബശ്ശാർ’ എന്ന പേരിലാണറിയപ്പെടുന്നത്. സാദാത്തീങ്ങളുടെ അന്ത്യവിശ്രമ കേന്ദ്രമാണ് സമ്പൽ. സയ്യിദുമാർവരുന്നത് വരെ ഹളർമൗത്തിൽ സ്വാധീനം മശാഇഖുമാർ എന്നറിയപ്പെട്ടവർക്കായിരുന്നു. അവരാണ് ആത്മീയ മത വിഷയങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. ബാഫള്ൽ, ബാഅബ്ബാദ്, ബാഅശൻ, ആലു അമൂദി, ബാവസീർ തുടങ്ങിയ പണ്ഡിത കുടുംബങ്ങളിൽ നിന്നുള്ളവരുടെ ഖബറുകളാണ് ഫുറൈത്വിലും അക്ദറിലുമുള്ളത്.

ബാ അലവി സയ്യിദ് പരമ്പരയിലെ ഇമാം അലിയ്യിബ്നു അലവി ഖാലിഉ ഖസം(റ)നെയാണ് സമ്പൽ മഖാമിൽ ആദ്യമായി ഖബറടക്കിയത്. ഹിജ്‌റ 527 ലായിരുന്നു അത്. കവാടം കടന്ന് അൽപ്പം മുന്നോട്ട് പോയാൽ ഇടതു വശത്ത് വലിയ മതിൽക്കെട്ട് കാണാം. തരീമിൽ പ്രബോധനത്തിനെത്തിയ സിയാദ് ബ്‌നു ലബീദിൽ അൻസ്വാരി (റ)ന്റെ നേതൃത്വത്തിൽ മത നിഷേധികളോട് ഏറ്റുമുട്ടാൻ അബൂബക്കർ (റ) ഹളർമൗത്തിലേക്ക് പറഞ്ഞയച്ച സ്വഹാബി സംഘത്തിൽ, ശഹീദായവരും അല്ലാത്തവരുമായ എഴുപതോളം സ്വഹാബികളാണ് അവിടെ അന്തിയുറങ്ങുന്നത്.

സമ്പൽ മഖ്ബറയിലെ സിയാറത്തിന് പ്രത്യേക രീതികളുണ്ട്. ഹിജ്‌റ 1275 ൽ വഫാത്തായ ഹബീബ് അഹ്മദ് അലി അൽ ജുനൈദ്(റ) രചിച്ച “മർഹമുസ്സഖീം ഫീ സിയാറതി തുർബതി തരീം’ എന്ന ഗ്രന്ഥത്തിൽ പ്രതിപാദിച്ച രീതിയിലാണ് ഇവിടുത്തെ സിയാറത്ത്. സിയാറത്തിന് നേതൃത്വം നൽകാൻ സമ്പലിലേക്ക് കടന്നുവരുന്ന മുഫ്തി തരീം ഹബീബ് അലി അൽ മശ്ഹൂറിന്റെ കൈയിൽ ആ കിതാബ് കാണാം. ബാ അലവി ത്വരീഖത്തിന്റെ ശൈഖും ഉസ്താദുൽ അഅളം എന്ന് സൂഫീ ലോകം ആദരവോടെ അഭിസംബോധന ചെയ്യുന്ന ഹിജ്‌റ 653 ൽ വഫാത്തായ ഫഖീഹുൽ മുഖദ്ദം ശൈഖ് മുഹമ്മദ് ബിൻ അലി ബാ അലവി(റ)ന്റെ മഖാമിൽ നിന്നാണ് തുടക്കം. ഇന്ത്യയടക്കം ലോകത്ത് അനേകം രാജ്യങ്ങളിൽ പരന്നുകിടക്കുന്ന ബാ അലവി സൂഫീ ധാരയുടെ സ്ഥാപകനാണ് ഫഖീഹുൽ മുഖദ്ദം (റ). സൂഫി വിശ്രുതൻശൈഖ് അബ്ദുൽഖാദിർ ജീലാനി(റ)യുടെ ശിഷ്യനും ശാദുലീ ത്വരീഖത്തിന്റെ ഗുരുവുമായ അബൂമദ്്യൻ ശുഐബുത്തൽമസാനി (മൊറോക്കോ) യിൽ നിന്നാണ് അദ്ദേഹത്തിന് ആത്മീയ വഴിയിലെ ഇജാസ (അംഗീകാരം)കൾ ലഭിച്ചത്. മൊറോക്കോയിൽ നിന്ന് അബൂ മദ്്യൻ തന്റെ ശിഷ്യൻ അബ്ദുർറഹ്്മാൻ മഖ്അദിനെ ഹളർമൗത്തിലേക്ക് തദാവശ്യാർഥം പറഞ്ഞയച്ചിരുന്നുവെങ്കിലും അബ്ദുറർഹ്്മാൻ മഖ്അദ് മക്കയിൽ വെച്ച് മരണപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ വസ്വിയ്യത്ത് പ്രകാരം പിന്നീട് അബ്ദുല്ലാഹിൽ മഗ്്രിബി എന്നവരാണ് സയ്യിദ് ഫഖീഹുൽ മുഖദ്ദമിന്റെ അടുത്തേക്ക് സൂഫീ സന്ദേശവുമായി എത്തുന്നത്.
ശാഫീ കർമമാർഗമനുസരിച്ചുള്ള ബാ അലവി സൂഫീ ധാരയുടെ ആവിർഭാവത്തോടെ ഹളർമൗത്തിലുണ്ടായിരുന്ന ഇബാദീ, ഷിയാ വിഭാഗങ്ങളുടെ സ്വാധീനമില്ലാതായി. മതനിഷ്ഠയിലും ജനസേവനത്തിലും ബാ അലവി സയ്യിദുമാർ വ്യാപൃതരായി. ജനങ്ങളുടെ ആത്മീയവും മതപരവുമായ നേതൃത്വം ഏറ്റെടുത്തതിനാൽ ഈ രണ്ട് വിഷയങ്ങളിലും കാർക്കശ്യം വേണമെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട്, ശാഫിഈ കർമങ്ങളെ ആധാരമാക്കിയുള്ള ഗ്രന്ഥങ്ങൾ അവർ സമൂഹത്തെ പഠിപ്പിച്ചു. അതോടൊപ്പം ഇമാം ഗസ്സാലി(റ)യുടെ കൃതികളടിസ്ഥാനപ്പെടുത്തി ചിട്ടയൊത്ത ജീവിത രീതികളും അവരിൽ രൂപപ്പെടുത്തിയെടുത്തു.

ALSO READ  ദൂർ കെ മുസാഫിർ

ഫഖീഹുൽ മുഖദ്ദം (റ) ന്റെ തൊട്ടടുത്ത് തന്നെയാണ് രണ്ടാം ഫഖീഹുൽ മുഖദ്ദം എന്ന് ഹള്‌റമികൾ വിശേഷിപ്പിക്കുന്ന ഹിജ്‌റ 819ൽ വഫാത്തായ ഹബീബ് അബ്ദുർറഹ്മാൻ അസ്സഖാഫ് (റ)ന്റെ മഖ്ബറ. ഉസ്താദുൽ അഅളമിന് ശേഷം ഹളർമൗത്തിലെ ആത്മീയ നായകരായിരുന്നു അവർ. പിതാവ് ഫഖീഹുൽ മുഖദ്ദം തങ്ങളുടെ പൗത്രൻ മുഹമ്മദ് മൗലദ്ദവീല തന്നെയായിരുന്നു പ്രഥമഗുരു. ശൈഖ് അഹ്മദ് അൽ ഖത്തീബിന്റെ അടുക്കൽ നിന്ന് വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കിയതിന് ശേഷം ഹദീസും ഫിഖ്ഹും അഖീദയുമെല്ലാം അക്കാലത്തെ നിപുണരായ പണ്ഡിതരിൽ നിന്നും സ്വായത്തമാക്കി. ഇമാം ഗസ്സാലി (റ)യുടെ വജീസും അബൂ ഇസ്ഹാഖുശ്ശീറാസിയുടെ മുഹദ്ദബും ഹൃദിസ്ഥമാക്കി. അക്കാലത്തെ എല്ലാ മഹാന്മാർക്കും മുകളിൽ വലിയ സ്ഥാനം വഹിച്ചതുകൊണ്ടാണ് സഖാഫ് എന്ന പേരിലറിയപ്പെട്ടത്. സഖാഫ് ഖബീലയിലെ സയ്യിദന്മാർ എന്നറിയപ്പെടുന്നവർ ഇവരുടെ സന്താന പരമ്പരയിൽ പെട്ടവരാണ്.

അനേകായിരം ആത്മജ്ഞാനികൾ അന്ത്യവിശ്രമം കൊള്ളുന്ന മഖാമിലെ ഇടുങ്ങിയ നടപ്പാതകളിൽ ആത്മീയ നിർവൃതിയോടെ ഞങ്ങളെല്ലാവരും ഇരുന്നു. ഫാതിഹ, സൂറത് യാസീൻ പാരായണമാണ് പ്രധാന കർമം. ശേഷം ഫഖീഹുൽ മുഖദ്ദം(റ)ന്റെയും അബ്ദുർറഹ്മാൻ അസ്സഖാഫ്(റ)ന്റെയും ഗുരു ശൃംഖലകളിലേയും ബാ അലവി ധാരയിലെ ശിഷ്യഗണങ്ങളിലേയും മൺമറഞ്ഞു പോയവരുടെ ആത്മാവുകളിലേക്ക് പാരായണത്തിന്റെ പ്രതിഫലങ്ങൾ ഹദിയ നൽകുന്നു. പാരമ്പര്യ ഇസ് ലാമിന്റെ തെളിച്ചമുള്ള അനുവർത്തനങ്ങളുടെ ധന്യമായ കാഴ്ചകൾ.
പിന്നീട്, ജമലുല്ലൈലി സയ്യിദന്മാരുടെ പിതാമഹനായി അറിയപ്പെടുന്ന ഹിജ്‌റ 845ൽ വഫാത്തായ മുഹമ്മദ് ജമലുല്ലൈലി(റ)ന്റെ ഖബർ സിയാറത്താണ്. ശേഷം, ഹളർമൗത്തിലെ ഉന്നത സ്ഥാനീയരും അബ്ദുർറഹ്മാൻ അസ്സഖാഫ് (റ)ന്റെ പുത്രന്മാരുമായ അബൂബക്കർ അസ്സക്‌റാൻ(റ), ഉമർ മിഹ്‌ളാർ (റ) എന്നിവരുടെ ചാരത്തുകൂടെ വലിയൊരു ഖുബ്ബയുടെ മുന്നിലെത്തി. ഹിജ്‌റ 865ൽ വഫാത്തായ അബ്ദുല്ലാഹിൽ ഐദറൂസ്(റ)ന്റെ മഖാമാണത്. ഖുബ്ബക്കകത്ത് ആദരപുരസ്സരം ഉയർന്നു നിൽക്കുന്ന ഖബറിടം അവിടുത്തെ മഹത്വം വിളിച്ചോതുന്നുണ്ട്. ഐദറൂസ് ഖബീലയിലെ സയ്യിദുമാർ എന്നറിയപ്പെടുന്നവർ ഇവരുടെ സന്താന പരമ്പരയിൽ പെട്ടവരാണ്. ഇന്ത്യയിൽ ആദ്യമായി വന്നണഞ്ഞ ഹള്‌റമി സയ്യിദ് വംശവും ഐദറൂസികളാണ്.