Connect with us

Editorial

വംശീയാധിക്ഷേപം നോട്ടൗട്ട്

Published

|

Last Updated

പരിഷ്‌കൃതരെന്നാണ് ആധുനിക സമൂഹത്തെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ പരിഷ്‌കാരം ലോകജനതയില്‍ നല്ലൊരു വിഭാഗത്തെ സംബന്ധിച്ചും വസ്ത്രധാരണത്തിലും ജീവിത സൗകര്യങ്ങളിലും ഒതുങ്ങുന്നുവെന്നും മനസകങ്ങള്‍ ഇപ്പോഴും പ്രാകൃതമാണെന്നും വ്യക്തമാക്കുന്നതാണ് ആസ്‌ത്രേലിയയിലെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറക്കും നേരേ കാണികളില്‍ ചിലര്‍ നടത്തിയ വംശീയാധിക്ഷേപം. ഇന്ത്യന്‍ ടീമിന്റെ പരാതിയെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആറ് കാണികളെ സ്‌റ്റേഡിയത്തില്‍ നിന്ന് പുറത്താക്കുകയും സംഭവത്തില്‍ ക്രിക്കറ്റ് ആസ്‌ത്രേലിയ മാപ്പ് പറയുകയും ചെയ്തിട്ടുണ്ടെങ്കിലും ഇതുകൊണ്ടവസാനിക്കുമോ കളിക്കളങ്ങളിലെ വംശീയാധിക്ഷേപം?

കായിക താരങ്ങള്‍ക്ക് നേരേയുള്ള വംശീയാധിക്ഷേപം ഇതാദ്യത്തേതല്ല. ക്രിക്കറ്റ്, ഫുട്‌ബോള്‍ കളങ്ങളില്‍ നിറത്തിന്റെ പേരില്‍ മുമ്പും നിരവധി പേര്‍ വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ചാമ്പ്യന്‍സ് ലീഗിനിടെ പാരീസില്‍ നടന്ന പോരാട്ടത്തിനിടെ ഇസ്താംബൂള്‍ അസിസ്റ്റന്റ് കോച്ച് പിറെ വെബോ വംശീയാധിക്ഷേപത്തിന് ഇരയായി. തുടര്‍ന്ന് ഇസ്താംബൂള്‍ ടീം അംഗങ്ങള്‍ ഗ്രൗണ്ടില്‍ നിന്ന് ഇറങ്ങിപ്പോകുകയും മത്സരം താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വരികയും ചെയ്തു. ഇറ്റാലിയന്‍ ഇതിഹാസതാരം മാരിയോ തുടങ്ങി പല ആഫ്രിക്കന്‍ വംശജരായ കളിക്കാരും ഗ്രൗണ്ടുകളില്‍ നിന്ന് “കുരങ്ങന്‍” വിളി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. കാല്‍പ്പന്ത് കളിയോളം തന്നെ പഴക്കമുണ്ട് പല പ്രബല യൂറോപ്യന്‍ ഫുട്‌ബോള്‍ ടീമുകളിലെ ആഫ്രിക്കന്‍ കളിക്കാര്‍ നേരിടുന്ന വംശീയാധിക്ഷേപങ്ങള്‍ക്കും.

സ്‌പോര്‍ട്‌സ് താരങ്ങള്‍ മാത്രമല്ല, രാഷ്ട്രീയ രംഗത്തെ പ്രമുഖരും നേരിടുന്നു വംശ വെറിയും അധിക്ഷേപവും. അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമക്കു നേരേയുണ്ടായി വംശീയാധിക്ഷേപം. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു തൊട്ടുപിന്നാലെ, വെര്‍ജന്റീനിയ ഡെവലപ്‌മെന്റ് ഗ്രൂപ്പ് ഡയറക്ടര്‍ പമേല ടെയ്‌ലറും ക്ലേ കൗണ്ടി മേയര്‍ ബെര്‍വലി വേലിംഗുമാണ് മിഷേല്‍ ഒബാമക്കെതിരെ വംശീയാധിക്ഷേപം നടത്തിയത്. “”വൈറ്റ് ഹൗസില്‍ സുന്ദരിയും പ്രൗഢയുമായ ഒരു സ്ത്രീ പ്രഥമ വനിതയായി സ്ഥാനമേല്‍ക്കുന്നതില്‍ സന്തോഷം തോന്നുന്നു. ഹൈഹീല്‍ ചെരുപ്പിട്ട ഒരു മനുഷ്യക്കുരങ്ങിനെ കണ്ടുമടുത്തു”” എന്നായിരുന്നു മിഷേലിനെ ഉന്നംവെച്ച് പമേല ടെയ്‌ലര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതിനെ അനുകൂലിച്ച് ബെര്‍വലി വേലിംഗ് മറ്റൊരു കുറിപ്പുമിട്ടു. പ്രതിഷേധം ആളിക്കത്തിയതിനെ തുടര്‍ന്ന് ഈ രണ്ട് പോസ്റ്റുകളും പിന്‍വലിക്കുകയും ഫേസ്ബുക്കില്‍ നിന്ന് ഇവരുടെ അക്കൗണ്ടുകള്‍ തന്നെ അപ്രത്യക്ഷമാകുകയും ചെയ്തു. ബെര്‍വലി വേലിംഗ് പിന്നീട് മേയര്‍ സ്ഥാനത്തു നിന്ന് രാജിവെക്കുകയുമുണ്ടായി.

അമേരിക്കയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പോലും കറുത്തവരോട് വിവേചനം കാണിച്ചിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരം ന്യൂയോര്‍ക്ക് ടൈംസാണ് വെളിപ്പെടുത്തിയത്. അമേരിക്കയിലെ ഷിക്കാഗോയില്‍ കറുത്ത വര്‍ഗക്കാര്‍ 30 ശതമാനം മാത്രമാണ്. അവിടെ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 70 ശതമാനവും തൊലികറുത്തവരാണെന്ന് ടൈംസ് വെളിപ്പെടുത്തുന്നു. മില്‍വാക്കിയില്‍ കൊവിഡ് മൂലം മരണപ്പെട്ടവരില്‍ 81 ശതമാനവും കറുത്ത വര്‍ഗക്കാരാണ്. അതേസമയം, പ്രദേശത്തെ ജനസംഖ്യയില്‍ കറുത്തവരുടെ എണ്ണം 25 ശതമാനവും. കൊവിഡ് വ്യാപനം സ്വാഭാവിക പ്രതിഭാസമാണെന്നിരിക്കെ എന്തുകൊണ്ട് ഒരേ കാലാവസ്ഥയുള്ള മേഖലകളില്‍ തൊലി കറുത്തവര്‍ കൂടുതലായി മരണപ്പെടുന്നുവെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് മറുപടിയില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വിവേചനമാണ് ഇതിന്റെ പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

കാലങ്ങളായി മനുഷ്യ സമൂഹത്തെ പിടികൂടിയ ഒരു മിഥ്യാസങ്കല്‍പ്പമാണ് കറുപ്പിനേക്കാളും ശ്രേഷ്ഠമാണ് വെളുപ്പെന്നത്. വെളുത്തവന്‍ മാന്യനും ആഭിജാത്യമുള്ളവനും കറുത്തവന്‍ നിന്ദ്യനുമാണെന്നാണ് ചിന്താഗതി. കറുപ്പിന് ഏഴഴക് എന്ന് പറയുമെങ്കിലും അഭംഗിയുടെ പര്യായമാണ് പലര്‍ക്കും അത്. വെളുത്ത വ്യക്തി സദസ്സിലേക്ക് കടന്നുവന്നാല്‍ ലഭിക്കുന്ന ആദരവും പരിഗണനയും കറുത്ത വ്യക്തി വന്നാല്‍ ലഭിക്കുന്നില്ല. സൗന്ദര്യവര്‍ധക ഉത്പന്ന വിപണിയില്‍ ഫെയര്‍ ആന്‍ഡ് ലവ്‌ലി പോലുള്ള ഉത്പന്നങ്ങള്‍ വന്‍തോതില്‍ വിറ്റഴിയുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. ചില തസ്തികകളില്‍ ജോലി ലഭിക്കണമെങ്കില്‍ പോലും തൊലിക്ക് വെളുപ്പ് നിറം വേണം. ഇതിനിടെ മഹാരാഷ്ട്രയില്‍ എയര്‍ ഹോസ്റ്റസ്, ക്യാബിന്‍ ക്രൂ പോസ്റ്റുകളിലേക്ക് ഇന്റര്‍വ്യൂ ചെയ്്ത ഏവിയേഷന്‍ കോഴ്‌സ് പാസ്സായ നൂറ് പെണ്‍കുട്ടികളില്‍ എട്ട് പേര്‍ക്ക് മാത്രമാണ് ജോലി ലഭിച്ചത്. തൊലിക്കറുപ്പിന്റെ പേരിലായിരുന്നു മറ്റു 92 പേര്‍ക്കും ജോലി നിഷേധിച്ചത്. അമേരിക്കയിലെ മിനിസോട്ടയില്‍ ഇതിനിടെ ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരനെ വെള്ളക്കാരനായ പോലീസുകാരന്‍ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസംമുട്ടിച്ചു കൊന്നത് കറുപ്പിനോടുള്ള വിദ്വേഷം കൊണ്ടായിരുന്നല്ലോ.
ലോകത്ത് ഒരു രാജ്യവും വളര്‍ന്നു വികസിച്ചത് വെളുത്തവരുടെ മാത്രം പ്രയത്‌നം കൊണ്ടോ അധ്വാനം കൊണ്ടോ അല്ല. കറുത്തവരുടെ കൂടി വിയര്‍പ്പ് അതിന് പിന്നിലുണ്ട്. പ്രത്യേകിച്ചും അമേരിക്ക പോലുള്ള രാജ്യങ്ങള്‍ കറുത്തവന്റെ മുതുകില്‍ കയറി നിന്നുകൊണ്ടാണ് തങ്ങളുടേതെന്ന് അവര്‍ അവകാശപ്പെടുന്ന സാമ്രാജ്യം കെട്ടിപ്പടുത്തത്. ഫ്രാന്‍സ്, ബ്രസീല്‍ തുടങ്ങി പല പാശ്ചാത്യന്‍ ഫുട്‌ബോള്‍ ടീമുകളും ലോകകപ്പ് മാറോടണച്ചത് കുടിയേറ്റക്കാരുടെയും കറുത്തവരുടെയും മികവ് കൊണ്ടാണ്. എന്നിട്ടും അവര്‍ അധിക്ഷേപിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നു. ശരീരത്തിന്റെ നിറത്തെ ആധാരമാക്കിയല്ല മനുഷ്യന്റെ ഔന്നത്യം കണക്കാക്കേണ്ടത്, മറിച്ച് സംസ്‌കാരത്തെയും സ്വഭാവഗുണത്തെയും അടിസ്ഥാനമാക്കിയാണ്. നിറമെന്തായാലും നല്ല സംസ്‌കാര സമ്പന്നനും സ്വഭാവ ഗുണമുള്ളവനുമെങ്കില്‍ അവന്‍ ശ്രേഷ്ഠനാണ്. നിറമേതായാലും സംസ്‌കാര രഹിതനും ദുഃസ്വഭാവിയുമെങ്കില്‍ കൊള്ളാത്തവനുമാണ്. മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടെ അഥവാ ആദമിന്റെയും ഹവ്വയുടെയും സന്തതികളാണ്. ചര്‍മ നിറത്തിലെ വ്യത്യാസം പ്രകൃത്യാ സംഭവിക്കുന്നതാണ്. അപ്പേരില്‍ അവരോട് വിവേചനവും അസഹിഷ്ണുതയും കാണിക്കുന്നത് മനുഷ്യത്വപരമല്ല. തൊലി വെളുത്തതെങ്കിലും മനസ്സിന്റെ കറുപ്പിലേക്കാണ് അത്തരം ധാരണകള്‍ വിരല്‍ ചൂണ്ടുന്നത്.

Latest