ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് സ്‌കൂള്‍ ബസ് ഡ്രൈവര്‍ ജീവനൊടുക്കി

Posted on: January 11, 2021 10:57 am | Last updated: January 11, 2021 at 10:57 am

തിരുവനന്തപുരം | സ്‌കൂള്‍ ബസിലെ ഡ്രൈവര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതില്‍ മനംനൊന്ത് 61കാരന്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മരതൂര്‍ സ്വദേശി ശ്രീകുമാറാണ് മരിച്ചത്.സ്‌കൂളിന് സമീപം ഓട്ടോറിക്ഷ നിര്‍ത്തി ഇതില്‍ നിന്ന് തീകൊളുത്തുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അഗ്നിശമന വിഭാഗമെത്തി തീ അണച്ചെങ്കിലും ശ്രീകുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ 16 വര്‍ഷമായി കരിയകം ചെമ്പക സ്‌കൂളിലെ ജീവനക്കാരനായിരുന്നു ശ്രീകുമാര്‍. കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ആറു മാസം മുമ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ വന്നതോടെ ഡ്രൈവര്‍മാരും ആയമാരും ഉള്‍പ്പടെ 61 പേരെയാണ് സ്‌കൂള്‍ മാനേജ്മെന്റ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.

തുടര്‍ന്ന് തൊഴിലാളികള്‍ സ്‌കൂളിന് സമീപം സമരം നടത്തി. ഔട്ട്സോഴ്സിങ് ഏജന്‍സി വഴി ഇവര്‍ക്ക് തന്നെ ജോലി നല്‍കാമെന്ന് ചര്‍ച്ചയില്‍ സ്‌കൂള്‍ അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. അതിന്റെ ഭാഗമായി സ്‌കൂള്‍ തുറന്നുപ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ജോലിക്കായി എത്തിയതായിരുന്നു ശ്രീകുമാര്‍. അപ്പോഴാണ് മറ്റുചിലര്‍ ജോലിക്ക് കയറുന്നത് ശ്രീകുമാര്‍ കണ്ടത്. തുടര്‍ന്നാണ് ജീവനൊടുക്കിയത്.