പ്രധാനമന്ത്രിക്കെതിരെ മോശം പരാമര്‍ശം; പൈലറ്റിനെ ഗോഎയര്‍ പുറത്താക്കി

Posted on: January 10, 2021 9:51 am | Last updated: January 10, 2021 at 11:06 am

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പൈലറ്റിനെ ഗോഎയര്‍ പുറത്താക്കി. മുതിര്‍ന്ന പൈലറ്റ് മിക്കി മാലിക്കിനെയാണ് ഗോഎയര്‍ പുറത്താക്കിയത്. കമ്പനിയുടെ വക്താവാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിയെ അവഹേളിക്കുന്ന ട്വീറ്റ് മാലിക്ക് പോസ്റ്റ് ചെയ്തത്.

‘പ്രധാനമന്ത്രി ഒരു വിഡ്ഡിയാണ്, നിങ്ങള്‍ക്ക് എന്നെ തിരിച്ചും വിളിക്കാം, പക്ഷേ കുഴപ്പമില്ല, എന്തെന്നാല്‍ ഞാന്‍ പ്രധാനമന്ത്രിയല്ല’ എന്നായിരുന്നു മാലിക്കിന്റെ ട്വീറ്റ്. ട്വീറ്റിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതോടെ ക്ഷമാപണവുമായി മാലിക് രംഗത്തെത്തിയിരുന്നു.

വിവാദ ട്വീറ്റുകളുടെ പേരില്‍ ഗോ എയര്‍ ഇതിന് മുമ്പും ജീവനക്കാരനെ പുറത്താക്കിയിരുന്നു. പുരണാകഥയിലെ സീതയെയും ഹിന്ദുമതത്തെയും കുറിച്ച് ആക്ഷേപകരമായ ട്വീറ്റ് പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് 2020 ജൂണില്‍ ഒരു ട്രെയിനി പൈലറ്റിനെ ഗോ എയര്‍ പുറത്താക്കിയിരുന്നു.