Connect with us

Articles

മുറിവുണക്കുന്ന ആശ്ലേഷങ്ങള്‍

Published

|

Last Updated

പേര്‍ഷ്യന്‍ ഗള്‍ഫിന്റെ തീരത്തുള്ള ആറ് രാജ്യങ്ങള്‍ ചേര്‍ന്ന് 1981 മെയ് 25ന് രൂപവത്കരിച്ച രാജ്യാന്തര സഹകരണ പ്രസ്ഥാനമാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അഥവാ ജി സി സി. അംഗ രാജ്യങ്ങളിലെ സാമ്പത്തിക പുരോഗതിയും സൈനിക – രാഷ്ട്രീയ സഹകരണവുമാണ് ലക്ഷ്യം. സഊദി അറേബ്യ, യു എ ഇ, ഒമാന്‍, കുവൈത്ത്, ഖത്വര്‍, ബഹ്‌റൈന്‍ എന്നിവയാണ് ജി സി സിയിലെ നിലവിലുള്ള അംഗരാജ്യങ്ങള്‍. 26,73,110 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഭൂപ്രദേശമാണ് ജി സി സിയുടേത്. ഒരേ ചരിത്ര, സാംസ്‌കാരിക പാരമ്പര്യമുള്ള രാജ്യങ്ങള്‍. സഹോദര രാജ്യങ്ങള്‍ എന്നായിരുന്നു പരസ്പരം സംബോധന ചെയ്തത്, ഭരണാധികാരികളെ സഹോദരരെന്നും.
പൊടുന്നനെ രൂപംകൊണ്ട രാഷ്ട്രീയ പ്രതിസന്ധിയുടെ ഫലമായി 2017 ജൂണ്‍ അഞ്ചിന് പുലര്‍ച്ചെ ബഹ്റൈന്‍ ഖത്വറുമായുള്ള ബന്ധം വേര്‍പ്പെടുത്തി. സഊദി അറേബ്യയും യു എ ഇയും ഈജിപ്തും സമാന നിലപാടുമായി രംഗത്തു വന്നതോടെ ഗള്‍ഫിലെ സര്‍വ മേഖലയിലും പ്രതിസന്ധിയുടെ കാര്‍മേഘം രൂപപ്പെട്ടു. കര, വ്യോമ, കടല്‍ ഉപരോധം നടപ്പായി. സൗഹൃദങ്ങള്‍ക്ക് എന്നും മുന്‍ഗണന നല്‍കുന്ന അറബ് പാരമ്പര്യത്തിനു മേല്‍ വീണ കറുത്ത പാടായിരുന്നു അത്. മൂന്നര വര്‍ഷത്തോളം ആ നില തുടര്‍ന്നു. ആ മുറിവുണക്കുക എന്നത് അറബ് ജനതയുടെ ആഗ്രഹമായിരുന്നു. പരസ്പര സഹകരണത്തിന്റെയും സാഹോദര്യ അയല്‍പക്ക ബന്ധങ്ങളുടെയും മികച്ച മാതൃകയായി കാണപ്പെട്ടിരുന്ന ജി സി സി രാജ്യങ്ങളെ ക്ഷണനേരം കൊണ്ട് നിസ്സഹകരണത്തിലേക്കും അതുവഴി കനത്ത സാമ്പത്തിക നഷ്ടങ്ങളിലേക്കും തള്ളിവിട്ട വേദനാജനകമായ ഭിന്നത പരിഹരിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടന്നു. ഈയിടെ നിര്യാതനായ കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍ സ്വബാഹ് ആയിരുന്നു മുന്നില്‍. അംഗരാജ്യങ്ങള്‍ക്കിടയിലേക്ക് അദ്ദേഹം കടന്നു ചെന്ന് പ്രശ്‌ന പരിഹാരത്തിന് പ്രവര്‍ത്തിച്ചു. പക്ഷേ, പരിഹാരം നീളുകയായിരുന്നു. ഉപരോധം പിന്‍വലിക്കാന്‍ ഉപാധികള്‍ മുന്നോട്ട് വെക്കപ്പെട്ടു.

ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ആ രാജ്യവുമായുള്ള വാണിജ്യ, വ്യവസായ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടു. ഇതുമൂലം ദുരിതത്തിലായത് ആ രാജ്യങ്ങളിലെ പൗരന്മാര്‍ മാത്രമായിരുന്നില്ല, ബിസിനസുകാരും പ്രവാസികളുമായിരുന്നു. വിമാനങ്ങള്‍ക്ക് വ്യോമ പാത വരെ നിഷേധിക്കപ്പെട്ടു. ഉപഭോക്തൃ രാജ്യമായ ഖത്വര്‍ ഒരു പരിധിവരെ സ്വയംപര്യാപ്ത സ്ഥിതിയിലേക്ക് പതുക്കെ മാറാന്‍ തുടങ്ങി.

നയതന്ത്ര ശ്രമങ്ങള്‍ വീണ്ടും തുടര്‍ന്നു. നിലവിലെ കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍അഹ്മദും ഒമാന്‍ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ഖാബൂസും അമേരിക്കയും ബന്ധപ്പെട്ട മറ്റു കക്ഷികളും മഞ്ഞുരുക്കാന്‍ ശ്രമങ്ങള്‍ നടത്തി. ഇതിന്റെയൊക്കെ ഫലമായി കഴിഞ്ഞ ചൊവ്വാഴ്ച മേഖലയിലെ സമാധാനത്തെ മാത്രമല്ല, ജനങ്ങളുടെ പരസ്പര സഹകരണത്തെയും വ്യാപാര, വാണിജ്യ രംഗത്തെയും പ്രതികൂലമായി ബാധിച്ച പ്രശ്‌നത്തിന് പരിഹാരമായി. സഊദി അറേബ്യയുടെ വടക്കുപടിഞ്ഞാറന്‍ പൗരാണിക നഗരിയായ അല്‍ഉലയില്‍ ചേര്‍ന്ന നാല്‍പ്പത്തിയൊന്നാമത് ജി സി സി ഉച്ചകോടിയിലാണ് ഐക്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും വെള്ളരി പ്രാവുകള്‍ വാനിലുയര്‍ന്നു പറന്നത്. സവിശേഷതകള്‍ കൊണ്ട് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച അല്‍ഉലയിലെ മറായ ഗ്ലാസ് ഹാളാണ് ഈ ചരിത്ര പ്രഖ്യാപനത്തിന് വേദിയായത്.
ലോകം ഉറ്റുനോക്കിയിരുന്ന സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പൊന്‍പുലരിയായിരുന്നു അത്. മറക്കാനും പൊറുക്കാനും കഴിയാത്തതായി ഒന്നുമില്ലെന്നു പറഞ്ഞ് ആറ് ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും പ്രഖ്യാപനം നടത്തിയപ്പോള്‍ മധ്യപൗരസ്ത്യ ദേശത്തെ പൗരന്മാരെ പോലെ അവരുമായി ബന്ധപ്പെട്ടു കഴിയുന്ന കോടിക്കണക്കിനു വിദേശ പൗരന്മാരും ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു. ഒത്തുതീര്‍പ്പ് സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും പഴയതു പോലെ സഞ്ചരിക്കാനും ഹജ്ജ്, ഉംറ നിര്‍വഹിക്കാനുമെല്ലാം കൈവന്നിട്ടുള്ള അവസരം ഖത്വര്‍ ജനതയെ സംബന്ധിച്ചിടത്തോളം അത്യാഹ്ലാദം പകരുന്നതായിരുന്നു. അതിര്‍ത്തികള്‍ തുറക്കാനുള്ള തീരുമാനം പുറത്തുവന്ന നിമിഷം തന്നെ ഖത്വറിലെ ആബാലവൃദ്ധം ജനങ്ങളും തെരുവിലിറങ്ങി അത് പ്രകടിപ്പിക്കുകയും ചെയ്തു. കുട്ടികളും യുവാക്കളുമടക്കം ആബാലവൃദ്ധം ജനങ്ങള്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഗള്‍ഫ് രാജ്യങ്ങളുടെ പതാകകളും ഭരണാധികാരികളുടെ ഫോട്ടോകളുമേന്തി കാറുകളില്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തിയതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പുകളും ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി പ്രചരിച്ചു. സമാനമായ പ്രതിഫലനങ്ങള്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളിലുമുണ്ടായിരുന്നു.

സഊദി അറേബ്യക്കും ഖത്വറിനുമിടയിലെ അതിര്‍ത്തികള്‍ തുറക്കുന്ന കാര്യത്തില്‍ ധാരണയിലെത്തിയ വിവരം കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് അഹ്മദ് നാസിര്‍ അല്‍മുഹമ്മദ് അല്‍സ്വബാഹ് തിങ്കളാഴ്ച രാത്രി വൈകി അറിയിച്ചിരുന്നു. ഖത്വര്‍-സഊദി അതിര്‍ത്തികള്‍ തുറന്നെന്ന വാര്‍ത്ത പുറത്തുവന്നയുടന്‍ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നിന്ന് ദോഹയിലേക്ക് പോകുകയായിരുന്ന ഖത്വര്‍ എയര്‍വെയ്സ് വിമാനം റൂട്ട് മാറ്റി സഊദി വ്യോമ മേഖലയില്‍ പ്രവേശിച്ചത് വലിയ വിസ്മയകരമായ വാര്‍ത്തയുമായി. വ്യോമാതിര്‍ത്തികള്‍ക്ക് നിരോധനം വന്നതോടെ ഗള്‍ഫ് ഉള്‍ക്കടലിനു മുകളിലൂടെ വളഞ്ഞ് പറന്നാണ് വിമാനങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തിയിരുന്നത്.
ഗള്‍ഫ്, അറബ്, ഇസ്‌ലാമിക രാജ്യങ്ങള്‍ തമ്മിലെ ഐക്യദാര്‍ഢ്യത്തിനും സ്ഥിരതക്കും രാജ്യങ്ങളും ജനവിഭാഗങ്ങളും തമ്മിലുള്ള സൗഹൃദ, സാഹോദര്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഊന്നല്‍ നല്‍കിയാണ് അല്‍ഉല പ്രഖ്യാപന കരാര്‍ രൂപപ്പെട്ടിട്ടുള്ളത്. പുതുയുഗ പിറവിക്ക് നാന്ദി കുറിച്ച ഗള്‍ഫ് ഉച്ചകോടിയില്‍ ശ്രദ്ധാകേന്ദ്രങ്ങളായത് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അൽതാനിയുമായിരുന്നു. അല്‍ഉല വിമാനത്താവളത്തിലെത്തിയ ഖത്വര്‍ അമീറിനെ വാരിപ്പുണര്‍ന്നാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സ്വീകരിച്ചത്. മൂന്നര വര്‍ഷം നീണ്ട പിണക്കങ്ങള്‍ ആ ആശ്ലേഷത്തില്‍ അലിഞ്ഞ് ഇല്ലാതാകുകയായിരുന്നുവെന്ന് വിശേഷിപ്പിക്കുന്നത് അതിശയോക്തിപരമല്ല.
അല്‍ഉല പ്രഖ്യാപന കരാര്‍ മധ്യപൗരസ്ത്യ ദേശത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും പൊതു ശത്രുവിനെതിരെ ഒറ്റക്കെട്ടായി നിലയുറപ്പിക്കുന്നതിലും നിര്‍ണായകമായി മാറുമെന്നതില്‍ സംശയമില്ല. അതിര്‍ത്തി വിലക്കുകള്‍ നീങ്ങിയതോടെ സഊദിയുമായി ഖത്വറിന് നേരിട്ട് കര ബന്ധമുള്ള പ്രദേശത്തെ ജനങ്ങള്‍ക്ക് ഇത് ഏറെ സൗകര്യപ്രദമാകും. ചരക്കു നീക്കം സുഗമമാകും. സഊദി അറേബ്യയിലെ അല്‍ഹസക്കു സമീപമുള്ള സല്‍വ അതിര്‍ത്തിയാണ് കരയിലൂടെ പരസ്പരം കൂട്ടിയിണക്കുന്നത്. ഒമാന്‍, യു എ ഇ, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കും കര മാര്‍ഗം പോകുന്നതിന് ഖത്വറികള്‍ ആശ്രയിച്ചിരുന്നത് സല്‍വ അതിര്‍ത്തിയായിരുന്നു. ഇവരുടെ വരവും പോക്കും കൊണ്ട് സമ്പന്നമായ വഴിയോര വാണിജ്യ വ്യവസായ മേഖല മൂന്നര വര്‍ഷമായി വാടിത്തളര്‍ന്ന നിലയിലായിരുന്നു.
സഊദി അറേബ്യയുടെ ഒട്ടേറെ ഉത്പന്നങ്ങളുടെ വിപണിയായിരുന്നു ഖത്വര്‍.

വാണിജ്യ ബന്ധങ്ങള്‍ വീണ്ടും ഊഷ്മളമാകുന്നതോടെ സഊദിയിലും യു എ ഇയിലും പ്രവര്‍ത്തിക്കുന്ന നിരവധി സംരംഭകര്‍ക്കും അവിടെ ജോലി ചെയ്യുന്നവര്‍ക്കും ഗുണകരമായി മാറും. ഖത്വറില്‍ ലോക കപ്പ് ഫുട്ബോള്‍ മാമാങ്കം അടുത്ത വര്‍ഷം നടക്കാനിരിക്കുകയാണ്. ബന്ധം പഴയ നിലയിലേക്ക് മാറുന്നതോടെ ഗള്‍ഫ് മേഖലയിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് നിയന്ത്രണവും തടസ്സങ്ങളുമില്ലാതെ ഖത്വറിലെത്തി ലോക കപ്പ് കണ്ട് ആസ്വദിക്കാനും മേഖലക്ക് അതുമായി ബന്ധപ്പെട്ട വ്യാപാര, വാണിജ്യ ഇടപാടുകളില്‍ ഭാഗമാകാനും കഴിയും. അടുത്ത വര്‍ഷം ദുബൈയില്‍ നടക്കുന്ന എക്‌സ്‌പോ 2020 വലിയ ഉണര്‍വ് യു എ ഇക്ക് പകരുന്ന പോലെ ജി സി സി രാജ്യങ്ങള്‍ക്കും നല്‍കും. ഇവയൊക്കെ ഗള്‍ഫ് വിപണിയില്‍ വന്‍ ചലനങ്ങളാകും ഉണ്ടാക്കുക. ഹജ്ജ്, ഉംറ മേഖലയിലുള്ള ഉണര്‍വിനും പരസ്പര ബന്ധം വിളക്കിച്ചേര്‍ത്തുള്ള അല്‍ഉല പ്രഖ്യാപന കരാര്‍ വഴിയൊരുക്കും. മക്കയിലെയും മദീനയിലെയും വിശുദ്ധ മണ്ണുമായി അകന്നു നിന്നിരുന്ന വിശ്വാസികള്‍ക്ക് ഒരു കുളിരനുഭവമാണ് ഈ പ്രഖ്യാപനം. മലയാളികളടക്കമുള്ള പ്രവാസികള്‍ ഉപരോധം കാരണം പലവിധേനയുള്ള ദുരിതത്തിലായിരുന്നു. അങ്ങനെ എല്ലാ നിലക്കും മേഖലയുടെ സാമ്പത്തിക വളര്‍ച്ചയിലും സുരക്ഷയിലും സഹകരണത്തിലുമെല്ലാം വന്‍ മാറ്റങ്ങളാകും ലോക ജനത ഒന്നാകെ സ്വാഗതം ചെയ്ത നാല്‍പത്തിയൊന്നാമത് ജി സി സി ഉച്ചകോടിയില്‍ ഉരുത്തിരിഞ്ഞ അല്‍ഉല കരാര്‍. പ്രത്യേകിച്ചും കൊറോണ പ്രതിസന്ധിയില്‍ രാജ്യങ്ങള്‍ കിതച്ചു കൊണ്ടിരിക്കുമ്പോള്‍. അതുകൊണ്ടു തന്നെ ഇത് അറബ് ഗള്‍ഫ് ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി ഓര്‍ത്തുവെക്കപ്പെടുക തന്നെ ചെയ്യും.

ശരീഫ് കാരശ്ശേരി